Tuesday, August 30, 2016

ഉപദേശം ആണ്‍പിള്ളേരില്‍ നിന്നും തുടങ്ങൂ...


വിദേശവനിതകള്‍ക്കായി ടൂറിസം മന്ത്രി വക പുതിയ ഉപദേശം; ഇന്ത്യയില്‍ വരുന്നതും ചുറ്റിയടിക്കന്നതും ഒക്കെ കൊള്ളാം, നേരാം വണ്ണം ഉടുപ്പ് ഒക്കെ ഇട്ടോണം, രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുത് etc (വാര്‍ത്തയുടെ ലിങ്ക് https://www.theguardian.com/world/2016/aug/29/india-female-tourists-skirts-safety-advice). പുള്ളിക്ക് വിവരമുണ്ട്, ആണുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും. ഹി ഹി..എന്നാലും ആണ്‍ പിള്ളേരെ ഉപദേശിക്കാന്‍ പറ്റില്ല. പെണ്ണുങ്ങളോട് ശരീരം മൂടി നടക്കാന്‍ വായിട്ടലക്കുന്നതിന്റെ പത്തില്‍ ഒന്ന് ശ്രമമെങ്കിലും ആണ്‍ പിള്ളേരോട് "നേരെ നടക്കാന്‍" പറയാന്‍ പറ്റുമോ ? പോക്രിത്തരം കാണിക്കുന്നവന്മാര്‍ക്ക് ബിരിയാണിയും സുഖവാസവും കൊടുത്തോണ്ടിരുന്നാല്‍ ബാക്കിയുള്ളവന്മാര്‍ക്കും ഇത് പിന്തുടരാനല്ലേ തോന്നൂ; നല്ല മാതൃകാ ശിക്ഷ ! ഇതിപ്പോ നമ്മുടെ ഗോവിന്ദച്ചാമി ഏതാ മമ്മൂട്ടി ഏതാ എന്ന് തിരിച്ചറിയാന്‍ മേലാണ്ടായി.

പെണ്ണുങ്ങളെ കാണുമ്പോ ഒരു വികാരവും ആകര്‍ഷണവുമൊക്കെ തോന്നുന്നത് പ്രകൃതിനിയമമാണ്; അത് ഈ പറയുന്ന ഞാനാണെങ്കില്‍ പോലും. (അതല്ല, പെണ്ണുങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍, സത്യമായും സുഹൃത്തേ, നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്) അതിനെ നിയന്ത്രിക്കാനാണ്  വിവേകം എന്നൊരു സംഭവം കൂടി എല്ലാര്‍ക്കും തന്നിരിക്കുന്നത്. പക്ഷെ, "അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള" വകതിരിവ് നഷ്ടപെടുമ്പോഴാണ് കാര്യങ്ങള്‍ അവതാളത്തിലാവുന്നത്. വികാരം മൂത്ത് കയറിപിടിക്കാനും മറ്റും തോന്നുവാണേല്‍ അത് നല്ല പെട കിട്ടാത്തതിന്റെ കഴപ്പാണ്.

അപ്പൊ പറഞ്ഞു വരുന്നത്, പെണ്‍കിടാങ്ങളെ, നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ മാത്രേ ഉള്ളൂ. അതിപ്പോ തുണിയിട്ട് മൂടി നടക്ക്വോ, കയ്യില്‍ വല്ല വെട്ടുകത്തി കരുതുവോ എന്തുമാവാം. "തുണി ഉടുക്കഞ്ഞിട്ടാണോടാ, കൊച്ചുപിള്ളേരെ വരെ പീഡിപ്പിക്കുന്നെ" എന്നൊരു ചോദ്യം മനസ്സില്‍ തോന്നീലേ ? അതിനുള്ള ഉത്തരമാണ് ആദ്യം പറഞ്ഞത്, "ഉപദേശം ആണ്‍പിള്ളേരില്‍ നിന്നും തുടങ്ങൂ..."

ഇതിനിടയില്‍ ഇതൊന്നും പ്രശ്നമല്ല, ഞങ്ങള്‍ക്ക് "ശബരിമലയില്‍" കയറിയേ പറ്റൂ എന്നും പറഞ്ഞു ആരൊക്കെയോ നടക്കുന്നത് കണ്ടു. അതെന്തേ, നിങ്ങള്ക്ക് ഇത്രേം നാളും അയ്യപ്പനെ വേണ്ടായിരുന്നോ ? ഇപ്പോഴാണോ ഭക്തി മൂത്തത് ? സ്ത്രീ-പുരുഷ സമത്വമല്ല നിങ്ങളുടെ ഉദ്ദേശമെന്നു ഏതു നഴ്സറിപിള്ളേര്‍ക്കും മനസ്സിലാവും. എന്റെ ഭാര്യ-അമ്മ-സഹോദരിമാര്‍ ഉള്‍പ്പെടുന്ന സ്ത്രീ-സമൂഹത്തോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ വെച്ച് കൊണ്ട്, അതില്‍ പെടാത്തവരോട് പറയട്ടെ; മൂത്രപ്പുരയിലും ഈ "സമത്വം" നേടാന്‍ നിങ്ങള്‍ക്ക് ആവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

പണ്ടത്തെ ഒരു പോസ്റ്റ്‌ (2011) വായിച്ചപ്പോള്‍ മനസ്സിലായി, ഇവിടെ ആരും/ഒന്നും മാറീട്ടില്ല.
(http://iamgini.blogspot.my/2011/02/blog-post.html)

വാല്‍ : കഴിഞ്ഞ ദിവസം ഹരിയാന അസ്സെംബ്ലിയില്‍ ജയിന്‍ സന്യാസി തുണിയില്ലാതെ പ്രസംഗിച്ചു എന്നും പറഞ്ഞു കുറെ ബഹളം കേട്ടു; എന്നിട്ട് അസ്സെംബ്ലിയില്‍ ഉള്ള വല്ലോരേം അങ്ങൊരു പീഡിപ്പിച്ചോ ? അതല്ല, അങ്ങോരെ ആരേലും പീഡിപ്പിച്ചോ ? അതുമില്ല ഹ ഹ...

Start with boys - a Video by Vogue

Tuesday, June 14, 2016

ആരോഗ്യമുള്ള ശുഭദിനം = ഇഡ്ഡലി-സാമ്പാര്‍


രാവിലെ ഓടിപ്പിടിച്ച് ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിലാണ് അത് ശ്രദ്ധിച്ചത്, ബ്രേക്ക്‌ഫാസ്റ്റിനു മേശപ്പുറത്തു നല്ല ഓമനത്വമുള്ള ഇഡ്ഡലിയും വെറും "ഒരു ദിവസം പ്രായമുള്ള" സാമ്പാറും. ആക്രാന്തം മൂത്ത് വാരിയെടുക്കുമ്പോഴാണ്‌ എവിടെയോ പണ്ട് വായിച്ച "ഇഡ്ഡലി - സാമ്പാര്‍" ലേഖനം ഓര്‍മ്മ വരുന്നത് (ടൈംസ് ഓഫ് ഇന്ത്യയില്‍ ആണെന്ന് തോന്നുന്നു). മുംബൈ നിര്‍മ്മല നികേതനിലെ, ഹോം സയന്‍സ് വിഭാഗം നടത്തിയ സര്‍വ്വേ പ്രകാരം, ഏറ്റവും പോഷകഗുണങ്ങളുള്ള പ്രഭാത ഭക്ഷണമായി അവര്‍ കണ്ടെത്തിയത് ചെന്നൈയിലെ "ഇഡ്ഡലി-സാമ്പാര്‍-ഫില്‍റ്റര്‍ കോഫി" സെറ്റ് ആണ്. അപ്പൊ, "ഇതൊക്കെ ഗ്യാസാണ്, നമ്മക്ക് വേണ്ടായേ" എന്ന് പറഞ്ഞു നടന്ന നമ്മള്‍ ആരായി ?

നമ്മള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ "എന്റെ ആരോഗ്യം പോയെ, തടി കൂടിയേ, കുടവയര്‍ വന്നെ" എന്നൊക്കെ കാറിക്കൂവി, ദിവസവും മുടിഞ്ഞ ഫുഡ്‌ കണ്ട്രോള്‍ നിയമങ്ങള്‍ പാസ്സാക്കി വിടുകയാണ്. ആരോഗ്യകാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ ഭക്ഷണം കാണുമ്പോള്‍ മറന്നും പോകും. പിന്നെ സംഭവിക്കുന്നതു മതിയാവാതെ ഭക്ഷണം നിര്‍ത്തുകയോ, പ്രഭാതഭക്ഷണം/ഊണ് ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ എളുപ്പ വഴികള്‍ കണ്ടെത്തലാണ്. ഭക്ഷണക്കാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ വിപരീതഫലം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.

പിന്നെ കേരളത്തിലെ കാര്യം, നല്ല ചൂട് പൊറോട്ട നമ്മുടെ ദേശീയ പ്രഭാത ഭക്ഷണമായിട്ടു കാലങ്ങളായി. രാവിലെ രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ സിമന്റു ഇട്ടതു പോലെ അവിടെ കിടന്നോളും, ഇടയ്ക്കിടെ ഒന്ന് നനച്ചു കൊടുത്താല്‍ മതി. പറഞ്ഞു വന്നത് ഇഡ്ഡലിയുടെ കാര്യം; പ്രോട്ടീന്‍സ്, ഫാറ്റ്, കാര്‍ബോഹൈദ്രേറ്റ്  തുടങ്ങി എല്ലാ വിധ പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ സാമ്പാര്‍; അവിയല്‍ കഴിഞ്ഞാല്‍ ഇത്രയും പച്ചക്കറികള്‍ അടങ്ങിയ ഇതു കറിയുണ്ട് ? വെറുതെയല്ല പണ്ടത്തെ കാരണവന്മാര്‍ നല്ല പന പോലെ ഇരുന്നത്.


വാൽ : മൂന്നോ നാലോ ഇഡ്ഡലി കഴിക്കുന്നവരെ വെച്ചാണ് അവരൊക്കെ സർവ്വേ നടത്തുന്നത്; ഇതും വായിച്ചു പത്തു മുപ്പതു ഇഡ്ഡലിയും തട്ടി, കുറെ പോഷകങ്ങൾ അകത്തായി എന്ന് കരുതേണ്ട...

Monday, September 28, 2015

ഡിജിറ്റല്‍ഇന്ത്യ - ഇന്റര്‍നെറ്റ്‌.ഓര്‍ഗ്, കാര്യമറിയാതെ കയറെടുക്കണോ ?

വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല, അല്ലേലും "അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം" എന്നല്ലേ. ഡിജിറ്റല്‍ഇന്ത്യ (www.digitalindia.gov.in) - ഇന്റര്‍നെറ്റ്‌.ഓര്‍ഗ് (www.internet.org) ബന്ധം പല രീതിയില്‍ കൂട്ടിവായിക്കപ്പെടുന്നു. മോഡിയും സുക്കെര്‍ബര്‍ഗ്ഗും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിനെ സ്വാഗതം ചെയ്തു, കാര്യം അറിഞ്ഞോ/പകുതി അറിഞ്ഞോ (അറിയാതെയോ !) പലരും - ഒരു പക്ഷെ ഭൂരിഭാഗം പേരും - സ്വന്തം പ്രൊഫൈല്‍ ചിത്രം "ത്രിവര്‍ണ്ണനിറത്തിലേക്ക്" മാറ്റി; ഒരു പക്ഷെ "മഴവില്‍" നിറവുമായി വന്ന "LGBT"-യേക്കാളും സംഭവം പൊടിപൊടിച്ചു. നിക്കട്ടെ, ആവേശത്തിന് പക്ഷെ ആയുസ്സ് അധികമുണ്ടായിരുന്നില്ല. "ശരിക്കും സംഭവം" എന്താണെന്നുള്ള ഊഹാപോഹങ്ങള്‍-വിവാദങ്ങള്‍ ഫേസ്ബുക്ക്‌/വാട്സാപ് വഴി പ്രചരിച്ചു തുടങ്ങിയതോടെ ആളുകള്‍ പിന്‍വലിഞ്ഞു തുടങ്ങി (ഹി ഹി, ഞാനീ എഴുതുന്ന ഫേസ്ബുക്ക്‌ ഉള്‍പ്പെടെ രണ്ടും സുക്കെര്‍ബര്‍ഗ് ചങ്ങായിയുടെ സ്ഥാപനങ്ങള്‍ ആണെന്നുള്ളത്‌ മറ്റൊരു വിരോധാഭാസം); രാവിലെ പ്രൊഫൈല്‍ പടം മാറ്റിയ അതെ വേഗത്തില്‍, പേജ് നിറയെ പഴയ/വേറെ സുന്ദരന്‍ ചിത്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്‌. ആര് പടം മാറ്റിയാലും, ഒരു ലൈക്‌ അടിക്കുക എന്ന ശീലം ഉള്ളത് കൊണ്ട്,(ലൈക്‌ കൊണ്ട് സൈക്കോളജിക്കല്‍ ആയി അയാള്‍ക്ക്‌ കിട്ടുന്ന സന്തോഷം ചെറുതല്ല എന്ന് കരുതുന്നു.) ഒരു ദിവസം തന്നെ ഓരോ ആള്‍ക്കും രണ്ടു ലൈക്‌ വെച്ച് കൊടുക്കാനുള്ള അപൂര്‍വ ഭാഗ്യവും ഇന്നുണ്ടായി smile emoticon
സംഭവത്തിന്റെ "യഥാര്‍ത്ഥ" സ്വഭാവം എന്താണെന്ന് ഇത് വരെ വ്യക്തമാകാത്തതിനാലും, പ്രൊഫൈല്‍ പടമായി വേറെ ചിത്രങ്ങള്‍ ഉപയോഗിച്ച് ശീലമില്ലാത്തതിനാലും "ത്രിവര്‍ണ്ണം" ഇല്ല; പടം മാറ്റിയവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പഴയൊരു പടം ഇടുന്നു smile emoticon
വാല്‍ : ഈ പോസ്റ്റ്‌ ആരെയും കളിയാക്കാനല്ല, പക്ഷെ കാര്യമറിഞ്ഞു സപ്പോര്‍ട്ട് ചെയ്യുന്നതാവും ഇച്ചിരി കൂടി ഭേദം. രാവിലെയും വൈകുന്നേരവും നടന്ന പടം മാറ്റലുകള്‍ അതാണ്‌ വിളിച്ചു പറയുന്നത്.
‪#‎digitalindia‬ ‪#‎internetorg‬

Sunday, July 26, 2015

മലയാളിയുടെ പ്രതികരണം അഥവാ തെറി പറയുന്ന വിധം





മലയാളിയുടെ പ്രതികരണശേഷി എത്രത്തോളം കൂടുതലാണെന്നും, പക്ഷെ അതിനപ്പുറം തരം താഴ്ന്നതാണെന്ന് ഒരിക്കല്‍ കൂടി നാം കണ്ടു. ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ ഇടങ്ങളില്‍ എങ്ങനെ/എപ്പോള്‍ പെരുമാറണം എന്നറിയാത്ത, ലെവലേശം സാമാന്യബുദ്ധി പോലും ഇല്ലാത്ത കുറെ പേര്‍, ലൈസന്‍സ് ഇല്ലാതെ മേഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സുജിത്തേട്ടനെയോ  മനോരമയെയോ വെള്ള പൂശാന്‍ ഞാനില്ല (ഞാന്‍ ഒരു മുന്‍ മനോരമ ജീവനക്കാരനായിരുന്നു എന്നതിനാല്‍ മാത്രമല്ല, എന്റെ ഉള്ളിലെ ഇടതു പക്ഷചിന്താഗതി ഇപ്പോഴും കെടാതെ കിടക്കുന്നത് കൊണ്ട് കൂടിയാണ്).

"കാൽലക്ഷം പേർ സിപിഎം വിട്ടു" എന്ന വാര്‍ത്ത ആരെയൊക്കെ പൊള്ളിച്ചു എന്നറിയാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടി വരില്ല.  പൊള്ളിയാല്‍ തന്നെ അതിന്റെ പുറകെ പോയി തെറി വിളിക്കുകയല്ല, മറിച്ച് അതിന്റെ നിജസ്ഥിതി അറിഞ്ഞു കാര്യങ്ങള്‍ ചെയ്യുകയായിരുന്നില്ലേ വേണ്ടിയിരുന്നത് ? കേരളത്തിലെ എന്നല്ല, മിക്ക പത്രങ്ങള്‍ക്കും/മീഡിയകള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇവിടെ മനോരമയുടെ കാര്യവും മറിച്ചല്ല; എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയിരിക്കെ, അതില്‍ വന്ന ഒരു വാര്‍ത്തയുടെ പേരില്‍ ലേഖകനെ തെറി വിളിച്ചു സായൂജ്യമടയുന്നവരുടെ ആത്മനിര്‍വൃതി എന്താണെന്ന് മനസ്സിലാവുന്നില്ല. പ്രത്യേകിച്ച് "വീട്ടിലുള്ളവരെ" തെറി വിളിക്കുന്നതില്‍ ഇക്കൂട്ടര്‍ കണ്ടെത്തുന്ന മനോശാന്തി !. തിരിച്ചും തെറി വിളിച്ചാലേ/തെറി കിട്ടിയാലേ അതിന്റെ വേദന മനസ്സിലാവൂ. (സുജിത്തേട്ടനെ പോലെ ഒരാളുടെ സംസ്കാരം അതിനു അനുവദിക്കാത്തത് കൊണ്ട് അതുണ്ടായില്ല.)

വാര്‍ത്ത സത്യമോ അസത്യമോ ആകട്ടെ, പക്ഷെ പ്രതിക്കരിക്കേണ്ട രീതി ഒരിക്കലും ഇതാണെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ വായിക്കുന്ന/കേള്‍ക്കുന്ന വാര്‍ത്തകളില്‍ എത്ര മാത്രം സത്യമുണ്ടെന്ന് എത്ര പേര്‍ക്കറിയാം ?

മനസ്സിലാവാത്ത വേറൊരു കാര്യം ഈ തെറി വിളിക്കുന്നവരുടെ ലിസ്റ്റ് ആണ്. അറിഞ്ഞിടത്തോളം, പാര്‍ട്ടിയെ കുറിച്ച് പറഞ്ഞതിന് നെഞ്ച് പൊള്ളിയിട്ടൊന്നുമല്ല പലരും തെറി വിളിക്കുന്നത്‌. ഇക്കൂട്ടരില്‍ പലരും ആ വാര്‍ത്ത വായിച്ചോ/മനസ്സിലാക്കിയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിക്ക് നൊന്തുവെങ്കില്‍, ഈ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ലേഖകന്‍റെ/പത്രത്തിന്റെ പേരില്‍ പരാതി കൊടുക്കാം; ഇല്ലെന്നു തെളിയിക്കാം. പക്ഷെ അങ്ങനൊരു നിഷേധം പാർട്ടിയില്‍ നിന്നോ ഉത്തരവാദപ്പെട്ട നേതാക്കളില്‍ നിന്നോ ഉണ്ടായിട്ടില്ല എന്ന് ലേഖകന്‍ അദ്ദേഹത്തിന്റെ തന്നെ വേറെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. "വഴിയെ പോയപ്പോള്‍ ഒരുത്തനെ തല്ലുന്നത്  കണ്ടു, എന്നാല്‍ പിന്നെ ഒന്ന് കൊടുത്തേക്കാം" എന്ന ലൈനിലായിരുന്നു കുറെ കാര്യങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ കായികം പോലെ മറ്റു വാര്‍ത്താവിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖകന്മാരും സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ ക്രിക്കറ്റില്‍ തോറ്റാലും ആരാധിക്കുന്ന ഫുട്ബാള്‍ ക്ലബ് അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടാലും നിങ്ങള്‍ക്കും കിട്ടിയേക്കാം ഇത് പോലുള്ള സ്വീകരണങ്ങള്‍; അത്രക്കും ബാലിശമാണ് സംഭവിച്ച കാര്യങ്ങള്‍.


വാല്‍ : കെ സുരേന്ദ്രന്‍ എന്ന ബിജെപിക്കാരനെ  വി ടി ബല്‍റാം എന്ന കൊണ്ഗ്രസ്സുകാരന്‍ വാക്കുകള്‍ കൊണ്ട് തോല്‍പ്പിച്ചപ്പോള്‍, ലൈകും കമ്മന്റും കൂട്ടാന്‍ മത്സരിച്ചത് ഇത് രണ്ടുമല്ലാത്ത വേറെ വിഭാഗക്കാരായിരുന്നു എന്ന് കേട്ടു.

Image : thisdateisover.com 

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം