Sunday, June 28, 2009

ആരോഗ്യം നടന്നു നേടുന്നവര്‍

ആരോഗ്യം നടന്നു നേടുന്നവര്‍
ഗിനി ഗംഗാധരന്‍

അനന്തപുരിയില്‍ മ്യുസിയമെന്നാല്‍ വ്യായാമം പോലെ എന്തൊക്കെയോ ചെയ്തു, ആരോഗ്യം മൊത്തമായുംചില്ലറയായും വാങ്ങാന്‍ ആള്‍ക്കാര്‍ 'തിക്കിത്തിരക്കി' നടക്കുന്ന ഒരു സ്ഥലമാണ്. ഇതിനിടയില്‍ സ്ഥലം കിട്ടാത്തവര്‍അടുത്തുള്ള കനകക്കുന്നു കൊട്ടാരത്തിന്റെ ചുറ്റും നടന്നു 'വ്യായാമം' ചെയ്തു തൃപ്തിപ്പെടും. അല്ലാതെതിക്കിത്തിരക്കി 'നടന്നു' ബഹളമുണ്ടാക്കിയാല്‍ മ്യുസിയം പോലീസ് സ്റ്റേഷനിലെ നടന്നു ശീലമില്ലാത്ത ഏമാന്മാര്‍ഓടിവരും, പിന്നെ അവരുടെ വ്യായാമം തുടങ്ങുകേം ചെയ്യും.

(കടപ്പാട് : ഹിന്ദു ഓണ്‍ലൈന്‍)
പല നടത്തക്കാരെയും നമ്മള്‍ പലപ്പോഴായി കാണാറുണ്ട്. കൈയും വീശി നടക്കുന്നവര്‍, മസ്സില് പിടിച്ചു എയര്‍ വിടാതെ നടക്കുന്നോര്‍, ചെവിയില്‍ ഹെഡ്സെറ്റും തിരുകിവച്ചു സംഗീതത്തിന്റെ ആനന്ദത്തില്‍ താറടിച്ചു, സോറി ആനന്ദതിലാറാടി നടക്കുന്നോര്‍, എതിരെ നടക്കുന്ന ലെവളുമാരുടെ അവിടേം ഇവിടേം നോക്കി നടക്കുന്ന; നടന്നു വഴി തെറ്റുന്ന ചില "ദുര്‍നടത്ത്തക്കാര്‍'', അങ്ങനെ പലരും. പക്ഷെ ഇവിടെ മ്യുസിയത്തിനു ചുറ്റുമുള്ള റോഡിലൂടെ നടക്കുന്നവര്‍ ഇതിലും വലിയ വിഭാഗങ്ങളില്‍ പെടുന്നവരാണ്.

നേര്ച്ചയുള്ളത് കൊണ്ടു മുടങ്ങാതെ വായ്നോട്ടം എന്ന കലാസാംസ്കാരികപരിപാടിക്കായി ഈയുള്ളവനും അങ്ങോട്ടൊക്കെ എത്തിനോക്കാറുണ്ട്. എല്ലാവര്ക്കും മാര്‍ക്ക്‌ കൊടുത്തു, "സംഗതികള്‍" ഒക്കെ പറഞ്ഞു ഇരിക്കുക ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ ? ചുമ്മാ മുഖം ചുളിക്കണ്ട. എന്റെ മാഷേ ചെയ്യുന്ന കാര്യം അങ്ങ് തുറന്നു പറയുന്നതില്‍ ചമ്മേണ്ട കാര്യമില്ല. അല്ലേലും 'ഉണ്ണിയെ കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം'.

പലരും തടി കുറയ്ക്കാനും, കുടവയറും ദുര്‍മേദസ്സും മറ്റും മാറാനുമാണ് നടക്കുന്നത് എന്നാണു വെപ്പ്. പക്ഷെ ആ നടപ്പും ശരീരവും കണ്ടാല്‍ പാവം തോന്നും.
"എന്തിന് പാഴ് ശ്രുതി മീട്ടുന്നു, തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍" എന്ന് അങ്ങോരു പാടിയത് ഇതു കണ്ടിട്ടാണോ എന്നൊരു സംശയം.

വേഷമാണേല്‍ പറയാനുമില്ല. ജോഗ്ഗിംഗ് ഡ്രസ്സ്‌ എന്നൊക്കെ പറഞ്ഞു ഓരോന്ന് ഇട്ടുവരുന്നത്‌ എന്തിനാണെന്ന് അവര്ക്കു തന്നെ അറിയില്ല. ചില ചേച്ചിമാരുണ്ട്‌ (അമ്മായി എന്നോ തൈക്കിളവിമാര്‍ എന്നോ ആണ് ശരിക്കും വിളിക്കേണ്ടത്. പക്ഷെ ഇനിയും മ്യുസിയം വളപ്പിലേക്ക് കയറണമെന്നുള്ളതിനാല്‍ ഇച്ചിരി സുഖിപ്പിച്ചു വിളിച്ചേക്കാം.) പാകമല്ലാത്ത ഒരു ചുരിദാറും ഒട്ടും മാച്ച് ചെയ്യാത്ത ജോഗ്ഗിംഗ് ഷൂസും ഇട്ടോണ്ടാണ് വരവ്. നടപ്പാണേല്‍ നമ്മുടെ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി നടക്കുന്നത് പോലെ (ശരിക്ക് വായിച്ചോണം, ഞാന്‍ 'പോലെ' എന്നേ പറഞ്ഞുള്ളൂ. അല്ലേല്‍ ആ ആനയെങ്ങാനും ഈ ചേച്ചിയെ കണ്ടാല്‍, ഈ പറഞ്ഞ എന്നെ ഓടിച്ചിട്ട്‌ കുത്തിക്കൊല്ലും.) ഉരുണ്ടുരുണ്ട്‌ ഒരു വരവാണ്. ചേച്ചി ഒരു റൌണ്ട് തീരുമ്പോഴേക്കും നമ്മടെ പിള്ളേര്‍ നാലഞ്ച്‌ പ്രാവശ്യം ചേച്ചിയേം വിഷ് ചെയ്തു കടന്നു പോകും. എന്തിനോ എന്തോ, പുള്ളിക്കാരി ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഒരു നേര്ച്ച ചെയ്യുന്ന മട്ടില്‍ അങ്ങനെ ഉരുണ്ടു പോകും, സോറി നടന്നു പോകും.

തൊട്ടടുത്ത ചാര്ബെഞ്ചില്‍ കാറ്റു പോകാറായ, ക്ഷമിക്കണം കാറ്റു കൊണ്ടിരിക്കുന്ന ഒരമ്മവന്റെ ആത്മഗതം.
"ഇവളുമാര്‍ക്കൊക്കെ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ. ചുമ്മാ ഉള്ളതൊക്കെ കാണിക്കാന്‍ ഓരോ വേഷോം ഇട്ടോണ്ട് വരും. ബാക്കിയുള്ളോരുടെ സമാധാനം കളയാന്‍. പണിയെടുക്കാതെ വാരിവലിച്ചു തിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു, അല്ല പിന്നെ. കുനിഞ്ഞിരുന്നു വീട്ടിലെ പത്ത്‌ പത്രം കഴുകി വച്ചാല്‍ തന്നെ ഈ ദുര്‍മേദസ്സ് താനേ കുറയും. അതെങ്ങനെ, അവിടെ ഇങ്ങനെ കോലം കെട്ടാനും, ആരേം ഇതൊന്നും കാണിക്കാനും പറ്റില്ലല്ലോ.. ശ്രീ പദ്മനാഭാ... നീ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ.? "

അവസാനം ശ്രീ പദ്മനാഭനെ കൂട്ട് പിടിച്ചെങ്കിലും ശരിയല്ലേ അമ്മാവന്‍ പറഞ്ഞതു. ഇതിന്റൊക്കെ വല്ല ആവശ്യവുമുണ്ടോ ? വീട്ടിലെ പണി ചെയ്‌താല്‍ തന്നെ നല്ലൊരു വ്യായാമമല്ലേ.

ഇനി ആണുങ്ങളുടെ കാര്യമോ ? തടിയും കൂടി, കുടവയറും കൂടി സംഭവങ്ങള്‍ പലതും നടക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടൊക്കെ ആകുമ്പോഴാണ് പലരും ഈ പണിക്കു ഇറങ്ങുന്നത്. എവിടെ, പകല് മൂക്കുമുട്ടെ കഴിച്ചു, രാത്രി രണ്ടെണ്ണം വീശി, ഒരു വഴിക്കാകും. അവസാനം വീട്ടില്‍ നിന്നും തള്ളിപറഞ്ഞ്‌ വിടും.
"ദേ മനുഷ്യാ, ഈ കുടവയറും വച്ചോണ്ട് ഇനി എന്റെ അടുത്തോട്ടു വരണ്ട കേട്ടോ." ഡിം . തീര്‍ന്നില്ലേ. ഇതേ ഡയലോഗ് തന്നെ ഇവളുമാര് രാത്രീം പറഞ്ഞാല്‍ എന്ത് ചെയ്യും. അല്ല നമ്മള്‍ എന്ത് ചെയ്യും.. പറ..
പിന്നെ ഇതു തന്നെ ശരണം.

എന്തായാലും ഇത്തരം കാഴ്ചകളൊന്നും കാണാന്‍ വയ്യാഞ്ഞിട്ടോ എന്തോ, തൊട്ടപ്പുറത്തെ മൃഗശാലയില്‍ നിന്നും ഒരു സിംഹവാലന്‍ കുരങ്ങു പോലും ഇപ്പുറത്തേക്ക് തിരിഞ്ഞു നോക്കാറ് പോലുമില്ല.

വാല്‍ക്കഷ്ണം:
മ്യുസിയത്തിലെ നടത്തത്തെ പറ്റി ഒരു തിരോന്തോരംകാരന്‍ പറഞ്ഞതു.
"എന്തരു പറയാനാണ് പിള്ളേ, മ്യുസിയത്തിലൂടെ ഒരു നാലഞ്ച്‌ റൌണ്ട് നടത്തങ്ങലങ്ങ്‌ നടക്കീന്‍. അമ്മയാണെ കെട്ടാ, അവിടുന്ന് പോവുമ്പം ഏതേലും ഒരു കിളീടെ ഇടം കൈ നിന്റെ വലത്തേ കൈയിലുണ്ടാവും."

Wednesday, June 24, 2009

കറുമ്പന്‍രാത്രി

കറുമ്പന്‍രാത്രി
ഗിനി ഗംഗാധരന്‍

ക്ഷുദ്രജീവികള്‍ക്കിഷ്ട്ടമാണെന്നെ
ഞാന്‍ നിദ്രയുടെ കാവല്‍ക്കാരന്‍
ചങ്ങാതിയായ് ഈ നിലാവും ചന്ദ്രനും,
കുറുകിക്കൊന്ടീ ചീവീടുകളും

പകലെന്റെ ശത്രു,
ഞാനില്ലാത്ത തക്കം നോക്കി,
നിങ്ങളോട് കുശുമ്പ് പറഞ്ഞു,
കറുമ്പന്‍ എന്ന് കളിയാക്കുന്നവന്‍.

നിങ്ങളെനിക്ക് ദുഖത്തിന്റെ നിറമെന്നു പറഞ്ഞു
സങ്കടത്തിന്റെ സമയമെന്നും.
എന്നിട്ടും തെറ്റ് ചെയ്യാന്‍ എന്നെ കൂട്ടുപിടിച്ച്
എന്നെ തന്നെ കുറ്റം പറയുന്നോര്‍.

കഞ്ചാവ് പൊതിയഴിക്കുന്നതും,
ലഹരി പോരാഞ്ഞ്
പെണ്ണിന്‍ മടിക്കുത്തഴിക്കുന്നതും
ഞാനുള്ളത് കൊണ്ടല്ലേ.

എന്നിട്ടും കുറ്റം പറയാന്‍ മടിയില്ലാത്തോര്‍
നിങ്ങള്‍ മനുഷ്യര്‍ തന്നെ, സത്യം;
കുറ്റം ചെയ്യാന്‍ പകല് പോയി,
രാത്രിയാകാന്‍ കാത്തിരിക്കുന്നോര്‍

(9- ലെ സയന്സ് ബുക്കിന്റെ അവസാനതാളില്‍ നിന്നും കിട്ടിയത് - 1998 ജനുവരി 10)

Wednesday, June 17, 2009

അങ്ങനൊക്കെ ചോദിച്ചാല്‍

അങ്ങനൊക്കെ ചോദിച്ചാല്‍
ഗിനി ഗംഗാധരന്‍


നമ്മുടെയൊക്കെ പല്ലിന്റെ എണ്ണം ഏറെക്കുറെ നാവിന്റെ ഉപയോഗം പോലിരിക്കും. ഏത് സമയത്ത് എന്ത് പറയണം എന്നറിയുന്നവര്‍ നന്നേ കുറവാണു. എന്നിട്ടോ, വല്ല തെറ്റും പറ്റിയാല്‍ ചുമ്മാ ദേവിയെ പഴിചാരി വികടസരസ്വതി എന്നും പറഞ്ഞു കൈ കഴുകും. സമയവും സന്ദര്‍ഭവും ആളെയും അറിഞ്ഞു വേണം എന്ത് കാര്യവും പറയാന്‍, അല്ലെ.

എനിക്കും പറ്റിയിട്ടുണ്ട് ഒരു പാടു അബന്ധങ്ങള്‍. എന്തോ ഭാഗ്യത്തിന് ഇതു വരെ തല്ലൊന്നും കൊള്ളേണ്ടി വന്നിട്ടില്ല. (അതേ, പിന്നൊരു കാര്യം. താഴെ വിവരിച്ച കഥകളിലൊന്നും ഞാനല്ല കേട്ടോ നായകന്‍. അല്ലേലും ഞാനത്രയ്ക്കു തറയാകുമെന്നു നിങ്ങളാരും കരുതില്ല എന്നെനിക്കുറപ്പുണ്ട്.)

ചെറിയൊരു കഥ, ചിലപ്പോള്‍ കേട്ടതായിരിക്കാം. പക്ഷെ നമ്മള്‍ ചിലതൊക്കെ കൈകാര്യം ചെയ്യുന്നതിലുള്ള പിടിപ്പുകേട് ഇവിടെ കാണാം.

ഒരിക്കല്‍ ടുട്ടുമോന്‍ അപ്പൂപ്പനോട്‌ ചോദിച്ചു.
"അപ്പൂപ്പാ അപ്പൂപ്പാ, ഞാനോരൂട്ടം ചോദിച്ചോട്ടെ.?"

"എന്താടാ മോനേ ടുട്ടുടൂ..? നീ ചോദിക്കെടാ ചക്കരെ.."

"അപ്പൂപ്പാ ഞാനെങ്ങനെയാ ഉണ്ടായതു.?"

ഡിം. അപ്പൂപ്പന്‍ ഒന്നു കുഴഞ്ഞെന്കിലും പെട്ടെന്ന് വഴി കണ്ടു.
"അതേ ടുട്ടുമോനേ, മോനെ അച്ചനും അമ്മയ്ക്കും ദൈവം വഴിയില്‍ വച്ചു കൊടുത്തതാ. മനസ്സിലായോ ?"

"ഹും.???..ശരി. അപ്പൊ അച്ചനെങ്ങനാ ഉണ്ടായെ ?"

അത് ശരി, ഇവന്‍ നേരാം വണ്ണം പോകുന്ന ലക്ഷണമില്ല.
"അതേ, അപ്പൂപ്പനും അമ്മൂമ്മയും കൂടി നടന്നുവരുമ്പോള്‍ വഴിയില്‍ വച്ചു കിട്ടിയതാ. മനസ്സിലായോ..?"

"അപ്പൊ അപ്പൂപ്പനോ ?"

ദാണ്ടെ, ഇവനെന്നേം കൊണ്ടേ പോകൂ.
" അത് പിന്നെ, അങ്ങനൊക്കെ ചോദിച്ചാല്‍... അപ്പൂപ്പന്റെ..."
"ഞാന്‍ പറയട്ടെ..?" ടുട്ടുമോന്‍ ഇടയ്ക്ക് കയറി പറഞ്ഞു.
"ശരി നീ പറ." അപ്പൂപ്പന്‍ സമ്മതിച്ചു.
"വല്യപ്പൂപ്പന് കളഞ്ഞു കിട്ടിയതല്ലേ..?"
"അമ്പട മിടുക്കാ. നല്ല മോന്‍." "അപ്പൂപ്പന് ആശ്വാസമായി.

ടുട്ടുമോന്‍ അപ്പോള്‍ താടിക്ക് കൈയും കൊടുത്തു വിഷണ്ണനായി നില്‍ക്കുവായിരുന്നു. അപ്പൂപ്പന്‍ ചോദിച്ചു.
"എന്ത് പറ്റി മോനെ..?"
"അപ്പൊ നമ്മുടെ കുടുംബത്തില്‍ ആരും നേരായ വഴിയില്‍ ജനിച്ചിട്ടില്ല അല്ലെ."
അപ്പൂപ്പന്റെ മുഖം എങ്ങനെയെന്നു നിങ്ങള്‍ തന്നെ വരച്ച്ചെടുതാല്‍ മതി.

ഇവിടെ ആര്‍ക്കാ നാവ് പിഴച്ചത്..?

ഇനി മറ്റൊരു കഥകൂടി. ഇതു സംഭവിച്ചതാണോ എന്നെനിക്കറിയില്ല. ഒരു സുഹൃത്ത് വഴി കേട്ടത് ഇവിടെ പറയുന്നു.
സാങ്കല്‍പ്പികമാണെങ്കിലും നമ്മുടെ നായകന് ഒരു പേരു വേണമല്ലോ. ഹും.... തല്‍ക്കാലം ഇതും നമുക്കു സര്‍ദാര്‍ജിയുടെ തലയില്‍ വച്ചേക്കാം.

ഒരു അവധി ദിവസം. ഭാര്യയുമൊത്ത് ആകെ മൊത്തം ഒന്നു അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു നമ്മുടെ സര്‍ദാര്‍ജി. ഷോപ്പിംഗ്‌, സിനിമ, കാപ്പികുടി, അങ്ങനെ എല്ലാ, കഴിഞ്ഞു വീട്ടിലെത്തി.
വീട്ടില്‍ കേറിയ പാടെ അങ്ങോര്‍ ഫുള്‍ റൊമാന്റിക്‌ ആയി. എന്നാല്‍ പിന്നെ ഇന്നത്തെ ദിവസം ഒരു സെക്കന്റ്‌ - ഫസ്റ്റ് നൈറ്റ്‌ തന്നെ നടത്തിക്കളയാം എന്നങ്ങു തീരുമാനിച്ചു. (ദേ ഇട്ടേച്ചു പോവല്ലേ, സംഗതി അശ്ലീലമൊന്നും എഴുതില്ല മാഷേ. )
സര്‍ദാര്‍ജി ഭാര്യയെ പിടിച്ചു രണ്ടു ഉമ്മയൊക്കെ കൊടുത്തു ബെഡ് റൂമിലേക്ക്‌ നടന്നു.
"കാതല്‍ പിശാശ്‌ , കാതല്‍ പിശാശ്‌".. കൊള്ളാം നല്ല സ്റ്റൈലന്‍ പാട്ടൊക്കെ ഉണ്ട് കേട്ടോ. അങ്ങോരു ഡ്രെസ്സൊക്കെ ഊരിയെറിഞ്ഞു ഒരസ്സല്‍ ദിഗംബരനായി ഭാര്യയെ വിളിച്ചുകൊണ്ടു കട്ടിലില്‍ മലര്‍ന്നു കിടന്നു.

"ട്രീം ട്രീം..." ദാണ്ടെ ഏതോ കട്ടുറുമ്പ് സ്വര്‍ഗ്ഗത്തിലെത്ത്തിയിരിക്കുന്നു. ഡോര്‍ബെല്‍ അടിച്ചതാണ് .
"എടിയെ, ആരാന്നു നോക്കിയെ.... ആരായാലും ഞാനിവിടില്ലെന്നു പറ. നാശം "

നമ്മുടെ ചേച്ചി വാതില്‍ തുറന്നു. ആഹ പിരിവുകാരാന്.
"ഇവിടാരും ഇല്ല." ചേച്ചി മുശരഫ്‌ സ്റ്റൈലില്‍ പറഞ്ഞു.
പിരിവുകാര്‍ നോക്കിയപ്പോള്‍ ദാണ്ടെ കിടക്കുന്നു നമാടെ ചേട്ടന്റെ ലൂണാര്‍ ചെരുപ്പ്. അത് ശരി ചേച്ചി നുണ പറയുകയാണ്‌ അല്ലെ.
"പക്ഷെ ചേട്ടന്‍ ഈ സമയത്ത് ഇവിടെ കാണേണ്ടതാണല്ലോ..?"
പറഞ്ഞതും രണ്ടവന്മാര്‍ ചേച്ചിയെ വെട്ടിച്ച് ഉള്ളിലേക്ക് ഒരോട്ടം. ഉള്ളിലത്തെ സ്ഥിതിയോ ?
ദിഗംബര വേഷത്തില്‍ കിടന്ന ചേട്ടന് ചാടിയെനീട്ടു മുഖം മൂടാനെ കഴിഞ്ഞുള്ളു.
'ഛെ ഭാര്യയെ കൊണ്ടു നുണ പറയിപ്പിച്ചത് വലിയ നാണക്കേടായിപ്പോയി. ഇവന്മാര്‍ എന്ത് വിചാരിക്കും. ഒറ്റവഴിയെ ഉള്ളൂ.'
ചേട്ടന്‍ അന്തം വിട്ടു നില്ക്കുന്ന ലവന്മാരോട് പറഞ്ഞു.
"അതേ, ഞാന്‍ ഇവിടുത്തെ ചേട്ടനല്ല കേട്ടോ, അപ്പുറത്തെ വീട്ടിലെയാ. ആരോടും പറയരുത് കേട്ടോ.!!!"

ഇവിടെയും ശേഷം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തരുന്നു.
ഏതായാലും സര്‍ദാര്‍ജിയെ കൊന്നു. ഇച്ചിരി നല്ലത് പറഞ്ഞു നിര്‍ത്തിയേക്കാം.

പതിവു പോലെ, ഒരു ബ്രിടീഷുകാരന്‍, ഒരു അമേരിക്കക്കാരന്‍ പിന്നെ നമ്മുടെ സര്‍ദാര്‍ജിയും. മൂവരും കൂടി വെക്കേഷന്‍ അടിച്ച് പൊളിക്കാന്‍ കാട്ടിലേക്ക് നടന്നു. കാടല്ലേ ആരും കാണില്ലല്ലോ എന്ന് കരുതി മൂവരും ദിഗംബര-വേഷത്തിലാണ് നടപ്പ്. (ദാണ്ടെ പിന്നേം കുറച്ചു അശ്ലീലം.).
പെട്ടെന്നതാ എതിരെ നിന്നും നാലഞ്ചു സുന്ദരികള്‍ നടന്നു വരുന്നു. വസ്ത്രം ധരിക്കാനുള്ള സമയമൊന്നും ആര്ക്കും കിട്ടിയില്ല. സര്‍ദാര്‍ജി ഉടനെ മുഖം രണ്ടു കൈകൊണ്ടും പൊത്തിപിടിച്ച്‌ മറച്ചു. മറ്റു രണ്ടു പേരും അവരുടെ രഹസ്യഭാഗങ്ങള്‍ മറക്കാനാണ് നോക്കിയത്.
സുന്ദരികള്‍ കടന്നു പോയപ്പോള്‍ ബ്രിടീഷുകാരനും അമേരിക്കക്കാരനും സര്‍ദാര്‍ജിയുടെ അടുത്ത് വന്നു ചോദിച്ചു.
"അല്ല നിങ്ങളെന്താ വേണ്ട സ്ഥലങ്ങള്‍ മറച്ചുപിടിക്കാതെ, മുഖം മാത്രം മറച്ചതു.?"

സര്‍ദാര്‍ജി പറഞ്ഞു.
"നിങ്ങളുടെ കാര്യം എങ്ങനാണെന്നു എനിക്കറിയില്ല, ഞങ്ങളുടെ നാട്ടില്‍ ആളുകളെ തിരിച്ചറിയുന്നത്‌ മുഖം നോക്കിയാണ്.!!!!!!!!!"
:)


Monday, June 01, 2009

സഹയാത്രികര്‍

സഹയാത്രികര്‍
ഗിനി ഗംഗാധരന്‍

ട്രെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടി കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു. ശരിക്കു പറഞാല്‍ Diploma കഴിഞ്ഞതിനു ശേഷമാണ് ആദ്യമായി ഒരു ട്രെയിന്‍ യാത്ര ഉണ്ടാവുന്നത്. ( അത് Wipro Interview നു വേണ്ടി കൊച്ചിയിലെക്കായിരുന്നു എന്നാണോര്‍മ്മ.) അത് ശരിക്കും ആസ്വദിചെങ്കിലും പിന്നീട് ട്രെയിന്‍ യാത്ര സ്ഥിരമായപ്പോള്‍ ആകെ ബോറായി. പ്രത്യേകിച്ച് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍. മാസത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് പോകാന്‍ പോലും മടിച്ചത് ഈ നീണ്ട യാത്ര കാരണമായിരുന്നു. ( എന്ന് വച്ചു പോകാതിരിക്കാന്‍ പറ്റുമോ ? നമ്മളില്ലേല്‍ അവിടെ വല്ലതും നടക്കുമോ ..? ഏത് ..)

പക്ഷെ പിന്നീട് ഈ യാത്രകളും ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. എങ്ങനെയെന്നോ ..? ചുമ്മാ ആള്‍ക്കാരുടെ ചില മാനറിസങ്ങള്‍ അങ്ങ് watch ചെയ്യുക. എന്റെ മാഷേ ഒരു Phd ഗവേഷണത്തിനുള്ള വക അതിലുണ്ടാകും. നമ്മള്‍ എന്തൊക്കെ കാട്ടിക്കൂട്ടുന്നു എന്ന് സ്വയം ഒരു തിരിച്ചറിവുണ്ടാകാനും ഇതു കൊണ്ടുപകരിക്കും !.

അതിലേറ്റവും രസകരമായ സംഭവങ്ങള്‍ പെണ്ണുങ്ങളെ കാണുമ്പോഴുള്ള ലവന്മാരുടെ ചില കലാപരിപാടികളാണ്. ചില അണ്ണന്മാര്‍ "ഒന്നര" മുതല്‍ "രണ്ടു" സീറ്റ് വരെ കവിഞ്ഞേ ഇരിക്കതതുള്ളൂ. നില്‍ക്കുന്നവന്‍ ഒന്നരക്കാലില്‍ സര്‍ക്കസ്സ് കളിക്കിമ്പോഴും ലവന്മാര്‍ മൈന്‍ഡ് ചെയ്യില്ല. ഇനി ആരെങ്കിലും സീറ്റിനു വേണ്ടി നോക്കുന്നു എന്ന് തോന്നിയാല്‍ കണ്ണുമടച്ചു ഒരൊറ്റ ഇരിപ്പാണ്. പക്ഷെ ഉറങ്ങത്ത്തില്ല; ഈ "ഒന്നൊര" സീറ്റ് ഒരു ചൂണ്ടയാണ്. പക്ഷെ നല്ല ഇരകള്‍ വന്നാല്‍ മാത്രമെ വലിക്കതുള്ളൂ. ഈ ഒന്നൊര കാലില്‍ "കൊക്കിനു" പടിക്കുന്നവനൊക്കെ ആ ചൂണ്ട നോക്കി അങ്ങനെ ഇരിക്കും. ങൂഹും.. ഒരു രക്ഷയുമില്ല. ദാണ്ടെ നമ്മുടെ അണ്ണന്‍ ഇരിക്കുന്നതിന്റെ പൊസിഷന്‍ മാറ്റി ആരെയോ ക്ഷണിക്കുന്നു. ആഹാ വെറുതെയല്ല, ഒരു മഹിളരത്നമാണ് (ഇവനൊക്കെ രത്നമല്ല കരിക്കട്ട കണ്ടാലും ഇതു ചെയ്യും; ഇതിലപ്പുറവും ചെയ്യും.)

ഒന്നൊര സീറ്റിലിരുന്ന അണ്ണന്‍ ചുരുങ്ങി അരസീറ്റിലേക്ക് മാറി. (അതാണ്‌ സ്ത്രീശക്തി എന്നൊക്കെ പറയുന്നതു). നമ്മടെ ചേച്ചി എടുക്കാവുന്നതിലും വലിയ ആ ഭാരം സീറ്റിലേക്ക് ഇറക്കിവച്ചു. എന്നിട്ട് ഒരു ജന്മത്തിലെ മുഴുവന്‍ കടപ്പാടും eye -to-eye (വേണേല്‍ ഐ-ടൂത്ത് എന്ന് പറയാം) അങ്ങ് കൈമാറി. നമ്മുടെ അണ്ണനാണേല്‍ ജീവിതാഭിലാഷം സാക്ഷാല്‍കരിച്ചത് മാതിരി നിര്‍വൃതി അടഞ്ഞിരിക്കുവാണ്.

ഈ സമയം ഒറ്റക്കാലില്‍ നിലക്കുന്നവന്മാരുടെ അവസ്ഥയോ.? %^#$^&@#&%@#$%@%$$#$# (എന്തോ ആ ഭാഗം ടൈപ്പ് ചെയ്തിട്ട് ശരിയാകുന്നില്ല) . എന്തായാലും അണ്ണന്റെ പത്തിരുപതു തലമുറയെ മുന്‍പോട്ടും പിറകോട്ടും അവന്മാര് പ്രാകി കഴിഞ്ഞിരുന്നു.

ഇത്രയും നേരം തൊടാതെ അരസീറ്റിലിരുന്ന അണ്ണന്‍ പതുക്കെ ഉറക്കം പിടിക്കാന്‍ (അതോ നടിക്കാന്‍ ?) ആരംഭിച്ചു. ഉറക്കത്തിന്റെ ആരോഹണത്തില്‍ ഇരിപ്പും മാറാന്‍ തുടങ്ങി. നമ്മടെ ചേച്ചി പതുക്കെ ഞെങ്ങി ഞെരുങ്ങാന്‍ തുടങ്ങി. അണ്ണനെ സഹായിക്കനെന്നോണം ചേച്ചീടെ അപ്പുറത്തെ അപ്പൂപ്പന്‍ മസ്സില് പിടിച്ചു ഇരിക്കുവാണ്. പിന്നെടെല്ലാം നമ്മള്‍ ഊഹിക്കുന്നത്‌ പോലെ.. സഹി കെട്ട് ചേച്ചി എണീക്കുന്നു, അണ്ണന്‍ ഉറക്കതിലെന്നോണം എണീറ്റ്‌ ക്ഷമാപൂര്‍വ്വം നോക്കുന്നു, വീണ്ടു ഒന്നര സീറ്റിലേക്ക് മാറി അടുത്ത ഇരയെയും കാത്തു ഇരിക്കുന്നു.

സത്യം പറഞാല്‍ എല്ലാവരും ഇത്തരം അണ്ണന്മാരെ കണ്ടു കാണും.(ചിലര്‍ ഇത്തരം അണ്ണന്മാരുടെ റോള്‍ അഭിനയിച്ചും കാണും). എന്തൊക്കെയായാലും മുകളിലെ ലഗ്ഗേജ് ബര്‍ത്തില്‍ കാലും നീട്ടിയിരിക്കുന്ന നമ്മള്‍ക്ക് ഇതൊക്കെയല്ലേ ഒരു രസം.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം