Wednesday, November 10, 2010

കുളക്കാക്കകളും നെറ്റിപ്പൊട്ടന്‍മാരും

മൂന്നാം വയസ്സിലാണ് ഞാന്‍ അമ്മയുടെ നാട്ടിലേക്ക് താല്‍ക്കാലികമായി സ്ഥലം മാറ്റപ്പെടുന്നത്. ചുമ്മാവന്നതാണെങ്കിലും ആകെ മൊത്തം അവിടം ഇഷ്ടപെട്ടത് കൊണ്ടോ എന്തോ 'അരിയില്‍' ഹരിശ്രീ എഴുതിച്ചു എന്നെഅവിടുത്തെ സ്കൂളില്‍ തന്നെ ചേര്‍ത്തു. ഏഴാം ക്ലാസ്സ് വരെ അവിടെ തന്നെ പഠിച്ചു.

അവിടെ വച്ചാണ് പല അടിസ്ഥാന കഴിവുകളും (അടവുകളും) ഞാന്‍ പഠിച്ചെടുക്കുന്നത്. അങ്ങനെ കോടഞ്ചേരി സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുളക്കാക്കകളോടും താറാവ്കുഞ്ഞുങ്ങളോടും അസൂയ തോന്നി നീന്തല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടാകുന്നത്. അങ്ങനെ നാട്ടിലെ തല മൂത്ത നീന്തല്‍ വിദഗ്ദര്‍ മുങ്ങാംകുഴിയിട്ടും മലക്കം മറിഞ്ഞും തിമിര്‍ക്കുന്ന അമ്പലക്കുളത്തിന്റെ കരയില്‍ ഞാനും എത്തിച്ചേരുന്നു.

അമ്മാവന്മാരുടെയും ചേട്ടന്മാരുടെയും കൂടെ ഒന്നു മുങ്ങി നിവര്‍ന്നു തൃപ്തിപ്പെട്ടിരുന്ന ഞാന്‍, കുളത്തിലെ പച്ച കലര്‍ന്ന വെള്ളത്തിലേക്ക് ഇച്ചിരി പേടിയോടെ നോക്കി. കുറെ നെറ്റിപ്പോട്ടന്മാര്‍ (നെറ്റിയില്‍ തിളങ്ങുന്ന പൊട്ടുള്ള ഒരു തരം മീന്‍) എന്നെ നോക്കി കളിയാക്കുന്നുണ്ടായിരുന്നു.
'എടാ എടാ, രണ്ടു ദിവസം കഴിയട്ടെ. നിന്നെയൊക്കെ ഞാന്‍ എടുത്തോളാം.' ഞാന്‍ മനസ്സില്‍ പിറുപിറുത്തു.

ആരാണ് ഒരു ഗുരു എന്ന് ചോദിച്ചാല്‍ കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷെ പലരും 'ഇങ്ങനെ കൈ വീശണം, അങ്ങനെ കാലടിക്കണം, വായ തുറക്കാനേ പാടില്ല' എന്നൊക്കെ ഉപദേശങ്ങള്‍ തരുന്നുണ്ടായിരുന്നു. ലവന്മാര്‍ക്കു അങ്ങനെയൊക്കെ പറഞ്ഞൊണ്ടിരിക്കാം, ഇതൊക്കെ ശ്രദ്ധിക്കാന്‍ നമ്മള്‍ക്കെവിടാ ടൈം. വെള്ളത്തിലിറങ്ങിയാല്‍ എങ്ങനേലും ഒരു കര പിടിക്കാനുള്ള തത്രപാടിലായിരിക്കും നമ്മള്‍.

അമ്മാവനുണ്ടാക്കി തന്ന തൊന്ടല (ഉണങ്ങിയ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രണ്ടു തേങ്ങകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു തരം ലൈഫ് ജാക്കെറ്റ്‌ ) ചുമലില്‍ വച്ചു രാവിലെ തന്നെ കുളത്തിലേക്ക് വച്ചു പിടിക്കും. പിന്നെ അതിന്റെ മുകളില്‍ കിടന്നു പതുക്കെ കൈയും കാലും ഇട്ടടിച്ചോണ്ടിരിക്കും. ഇടയ്ക്ക് തലയില്‍ വെള്ളം പിടിക്കാതിരിക്കാന്‍ കഷ്ട്ടപ്പെട്ടു ഒന്നു മുങ്ങി നിവരും. ഇതു നാലഞ്ചു ദിവസം തുടര്‍ന്നു.

നമ്മടെ ചേട്ടന്മാര്‍ ഇതു കണ്ടോണ്ടിരിക്കുന്ന വിവരം, സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രദ്ധിച്ചതേയില്ല. അടുത്ത ദിവസം രാവിലെ ഞാന്‍ കുളക്കരയില്‍ എത്തുമ്പോള്‍ അവന്മാര്‍ അത്തരത്തില്‍ ഒരു രഹസ്യ അജണ്ട നടപ്പാക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. തൊന്ടല നെഞ്ഞത്ത് വച്ചു ഉറപ്പിച്ചു, കുളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോളാണ് അത് സംഭവിച്ചത്. ഞാന്‍ ഭാരം കുറഞ്ഞു മുകളിലേക്ക് പൊങ്ങി പോകുന്നത്പോലെ തോന്നി. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്, പോങ്ങിപോകുന്നുണ്ട് , പക്ഷെ ഭാരം കുറഞ്ഞതല്ല, നമ്മടെ രണ്ടു ചേട്ടന്മാര്‍ എന്നെ മൂടോടെ പൊക്കിക്കൊണ്ട്പോകുകയാണ്.

"അയ്യോ ചേട്ടാ എന്റെ തൊന്ടല..."

"അതവിടെ കെടക്കട്ടെ.. ഇനി ഇഞ്ഞ് (നീ) തൊന്ടലയില്ലാതെ നീന്ത്യാ മതി..."

"അയ്യോ എനിക്ക് ശരിക്കും നീന്താനരീലാ..."

" അത് കൊഴപ്പില്ല, അങ്ങന്യാ എല്ലാരും പടിക്ക്വ. "

ദാണ്ടെ അവന്മാര്‍ എന്നേം പൊക്കികൊണ്ട് എല്ലാരും മലക്കം മറിയുന്ന മതിലിന്റെ അടുത്തേക്ക് നടക്കുന്നു. എന്റെ കാറിക്കരച്ചില്‍ വെറുമൊരു 'കുള'- രോദനം മാത്രമായി അവശേഷിച്ചു. ഒരുത്തന്‍ എന്റെ രണ്ടു കൈയിലും, മറ്റേ ചേട്ടന്‍ കാലിലും പിടിച്ചു, തൂക്കി, റെഡി- വണ്ണ്‍ -ടു -ത്രീ എന്നും പറഞ്ഞു ഒരൊറ്റ ഏറു. ടപ്പേന്ന് എന്റെ കരച്ചില്‍ നിന്നു. ഞാനങ്ങനെ ആകാശവും നോക്കി പറന്നു പോക്കൊണ്ടിരിക്കുവാന്. ബ്ലിം..!! ഹെന്റമ്മോ .... പുറവും അടിച്ചാണ് വെള്ളത്തില്‍ വീണത്‌.
ദാണ്ടെ എവിടേം നില്‍ക്കാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താണ് താണ് പോകുകയാണ്. കാറിക്കരച്ചിലിനിടക്കും വായുവിലൂടെയുള്ള പറക്കലിനിടയ്ക്കുമോന്നും ശ്വാസമെടുക്കാനുള്ള ഓര്‍മ എനിക്ക് പോയില്ല. വെള്ളത്തിനടിയില്‍ വച്ചു അത് തീരെ പറ്റില്ലെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി. ശ്രമിച്ചപ്പോളൊക്കെ കുറെ വെള്ളം വയറ്റിലോട്ട് പോകുകേം ചെയ്തു. എവിടെ നിന്നോ കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ കൈയൊക്കെ മുകളിലേക്ക് തുഴയാന്‍ തുടങ്ങി.
ലെവിടെ... ശ്വാസം കിട്ടാതായപ്പോള്‍ മുകളിലോട്ടാണോ താഴോട്ടാണോ , എന്റെ ദൈവമേ , എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും എനിക്ക് തീര്ച്ചയില്ലാതായി.

ഹാവൂ.. ശ്വാസം കിട്ടി..ബട്ട്‌, നമ്മടെ എല്ലാ ധൈര്യവും എനെര്‍ജിയും ഏതൊക്കെയോ വഴിയില്‍ ചോര്‍ന്നുപോയി. കൈയും കാലും ഇട്ടു ചുമ്മാ അടിച്ചാല്‍ ഈ ജന്മത്തില്‍ കര പിടിക്കാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. വീണ്ടും കുറെ വെള്ളം കുടിച്ചു, രണ്ടോ മൂന്നോ പ്രാവശ്യം കൂടി കൈയ്യൊക്കെ ഇട്ടു അടിച്ച്. തീര്ന്നു നമ്മള്‍ വീണ്ടും തഴോട്ടെക്ക് തന്നെ പോകുകയാണ്.
"ലോകമേ വിട...നെറ്റിപൊട്ടന്മാരെ വിട ...നിങ്ങളോട് ഞാന്‍ തോറ്റു... " വേറെയും കുറെ പേരോട് യാത്ര പറയാനുണ്ടായിരുന്നു. പക്ഷെ ലിസ്റ്റ് തപ്പാനുള്ള ബോധം പോലും നഷ്ടപ്പെട്ടു.

ദാണ്ടെ നമ്മള്‍ വീണ്ടും മുകളിലേക്ക് പൊങ്ങുന്നു. ഹാവൂ, വീണ്ടും ശ്വാസം കിട്ടി. തുഴയാതെ തന്നെ കരയോട് അടുക്കുവാണ്. നോക്കുമ്പോള്‍ എന്നെ ഈ വിധിയുടെ വിളയാട്ടത്തിനായി വലിച്ചെറിഞ്ഞു കൊടുത്ത ചേട്ടന്‍മാരിലോരാള്‍ എന്റെ കൈയും പിടിച്ചു നീന്തുകയാണ്. കുളപ്പടവില്‍ എത്തി, ഇച്ചിരി ശ്വാസം എടുത്തു ഞാനവരെ നോക്കി. കൊള്ളാം , രണ്ടു പേരും എന്നെ നോക്കി ചിരിക്കുകയാണ്. ചുറ്റും നോക്കിയപ്പോള്‍ എല്ലാരും എന്റെ നേര്‍ക്ക്‌ സഹതാപതോടെ നോക്കിചിരിക്കുകയാണ്.
ആഹാ, ശരിയാക്കി തരാം. നേരത്തെ നിര്‍ത്തിയ ആ കരച്ചിലിന്റെ ബാക്കി ഞാന്‍ വീണ്ടും പുറത്തെടുത്തു. ചേട്ടന്മാര്‍ പതുക്കെ അരികില്‍ വന്നു.

"എടാ, നീ ചുമ്മാ ആ തൊണ്ടലേം കൊണ്ടു കളിച്ചാല്‍ നീന്താന്‍ പഠിക്കില്ല. വെള്ളത്തിലേക്ക്‌ ഇറങ്ങണം. പേടി മാറണം. അതിനാ ഇങ്ങനെ ചെയ്തത്. സാരമില്ല. ആദ്യം കൊറേ വെള്ളൊക്കെ കുടിക്കും. പിന്നെ എല്ലാം ശരിയായികൊള്ളും. ..."

ഏതായാലും എന്റെ നീന്തല്‍ പഠനത്തിന്റെ കോച്ചിംഗ് അവര് രണ്ടു പേരും ഏറ്റെടുത്തു. പിറ്റേന്ന് മുതല്‍ തൊന്ടലയില്ലാതെ തന്നെ ഞാന്‍ കുളത്തിലേക്ക് ചെന്നു. ചേട്ടന്‍മാര്‍ മാറി മാറി എനിക്ക് ക്ലാസുകള്‍ എടുത്തുതന്നു. തൊന്ടലക്ക് പകരം അവരുടെ കൈയ്യില്‍ കിടന്നായിരുന്നു പിന്നീടുള്ള അഭ്യാസങ്ങള്‍ . അവരുടെ കൈയ്യില്‍ കിടന്നു നീന്തുമ്പോള്‍, ഇടയ്ക്ക് അവന്മാര്‍ കൈ അങ്ങ് വലിച്ചു കളയും. അത് കൊണ്ടു തന്നെ ഒരായുസ്സില്‍ ദാഹം തീര്‍ക്കാനുള്ള വെള്ളം ഞാന്‍ അപ്പോഴേ കുടിച്ചു തീര്‍ത്തിരുന്നു.

"എടാ ഗിനി, ഇങ്ങനെ പോയാല്‍ ഞങ്ങള്ക്ക് ഒരാഴ്ച കൂടി കുളിക്കാനുള്ള വെള്ളം പോലും കുളത്തില്‍ ബാക്കി കാണില്ലല്ലോടാ..."

അങ്ങോരു ഒരു മാതിരി ആക്കിയതാണ്. ശരിയാക്കി തരാം. ഏത് മഹാനും നീന്തല്‍ പഠിക്കുമ്പോള്‍ ഇച്ചിരി വെള്ളമൊക്കെ കുടിക്കാം. അതാണ്‌ പ്രകൃതിനിയമം.(എന്നെ തുറിച്ചു നോക്കണ്ട. അങ്ങനെ ചിലതും അവിടെ പറഞ്ഞിട്ടുണ്ട്. ഒരു നിയമത്തെ കുറിച്ചു വായിക്കുമ്പോള്‍ മുഴുവന്‍ വായിക്കണം കേട്ടോ.)

രണ്ടാഴ്ച്ച കൊണ്ടു തന്നെ കുളത്തിന്റെ മറുകരയിലേക്ക് നീന്താന്‍ (ഇച്ചിരി വെള്ളമൊക്കെ കുടിച്ചു കഷ്ടപെട്ടാനെന്കിലും.) ഈയുള്ളവന്‍ പ്രാപ്തി നേടി. സീനിയെര്സിനോട് മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് ഉറപ്പുള്ളത് കൊണ്ടു, ബാലപാഠങ്ങള്‍ അഭ്യസിച്ചു കൊണ്ടിരിക്കുന്ന കൊച്ചുങ്ങളോടും പിന്നെ നമ്മടെ നെറ്റിപൊട്ടന്‍മാരോടുമായിരുന്നു എന്റെ മത്സരം. ഞാന്‍ നീന്തുന്നത് കണ്ടു അസൂയയോടെ നോക്കാന്‍ അവരല്ലാതെ വേറാരാ അവിടെ !.

പിന്നീട് മലക്കം മറിയാനും, മലര്‍ന്നു കിടന്നു നീന്താനും, പിന്നെ മുങ്ങാംകുഴിയിടാനും പഠിച്ചു, ഒരു സമ്പൂര്‍ണ നീന്തല്‍ക്കാരനായി.

അങ്ങനെ കുളക്കോഴികളോടും നെറ്റിപൊട്ടന്‍മാരോടും ഉള്ള എന്റെ അസൂയ തീരുകേം ചെയ്തു

Sunday, October 24, 2010

അല്ലേലും സദു അങ്ങനെയാ

കഥാപാത്രം നമ്മുടെയൊക്കെ ഒരു ഫ്രെണ്ട് ആണു. തല്‍ക്കാലം ഈ സദാനന്ദനെ നമുക്ക് സദു എന്ന് വിളിക്കാം. 
ആളിന്റെ പ്രശ്നം ആ നാവാണ്. എന്ത് എവിടെ എന്നൊന്നും നോക്കാതെ അങ്ങ് പ്രയോഗിക്കും. സംഭവം ബഡായി ആണേലും, കേള്‍ക്കുന്നോര്‍ക്കു സഹിക്കാന്‍ പറ്റണ്ടേ. ചില സമയത്ത് തോന്നും ഇതിലും ഭേദം പട്ടാളക്കാരന്‍ വിജയേട്ടന്റെ "തോക്കിന്റെ" മുന്നില്‍ നെഞ്ചു കാണിച്ചു നില്‍ക്കുകയാണെന്ന്.  ആ നാവ് അങ്ങാട്ട് മുറിച്ചാല്‍ പിന്നെ ആള് വെറും ശുദ്ധന്‍. നോ പ്രോബ്ലം, നോ ശല്യം.


ഒരു ദിവസം എല്ലാരും കൂടി വെടി പറഞ്ഞിരിക്കുമ്പോഴാണ്‌  സദു കയറി വന്നത്. കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം രാത്രി ബൈക്ക് ഓടിച്ചു  നാട്ടില്‍ നിന്നു വന്ന കാര്യം കേട്ടപ്പോള്‍ ഉടന്‍ സദു രംഗത്തിറങ്ങി.
"ഈ രാത്രി വണ്ടി ഓടിക്ക്വാന്നു പറഞ്ഞാല്‍ ഭയങ്കര പ്രശ്നാ കേട്ടോ. ഉറക്കം വന്നാല്‍ സംഗതി തീര്‍ന്നു. കഴിഞ്ഞ മാസം ഞാന്‍ താമരശേരീലെ എന്റെ കുഞ്ഞമ്മേടെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴേക്കും രാത്രിയായി. ബസ്സൊന്നും കിട്ടത്തില്ല, നീ സുകൂന്റെ ബൈക് കൊണ്ട് പൊക്കോ എന്ന് പറഞ്ഞപ്പം ഞാന്‍ പിന്നൊന്നും ചിന്തിച്ചില്ല. ഹെഡ് ലൈറ്റ് ആണേല്‍ ഇച്ചിരി വെളിച്ചക്കുറവും. പിന്നെ വീട്ടിലെത്തണ്ടേ എന്ന് വിചാരിച്ചു ഞാന്‍ ഒരൊറ്റ പറപ്പിക്കല്‍. കൊടുവള്ളി വളവു കഴിഞ്ഞു ഇച്ചിരി ആയപ്പോഴേക്കും എനിക്ക് ഉറക്കം വരാന്‍ തുടങ്ങി.പിന്നെ ആരോ പിടിച്ചു നിര്‍ത്തിയ പോലെ ബൈക്ക് നിന്നപ്പോഴാ ഞാന്‍ ഞെട്ടിയെണീറ്റത് , എന്തോ പറയാനാ, കോഴിക്കൊടെക്ക് തിരിയുന്ന റോഡില്‍ വണ്ടി നിക്കുവാ. എന്ത് ചെയ്യാനാ, ബൈകിന്റെ ടാങ്കിന്റെ മോളില്‍ കിടന്നുറങ്ങി പോയതാ.."
സദു ഡ്രസ്സ്‌ മാറ്റി തിരിഞ്ഞു നോക്കിയപ്പോള്‍ വെടി പറയാന്‍ വന്നവരുടെ പുക പോലും ഇല്ല. ഇതാണ് സ്ഥിതി.  
-------------------------------------------------------------------------------
മറ്റൊരു വെടിക്കൂട്ടം. എല്ലാരും അയോധ്യ വിധി എന്താവും എന്നതിനെ കുറിച്ച് "കൂലംങ്കുഷമായി" ചര്‍ച്ചിക്കുകയാണ്.  എന്തായാലും വിധി വന്നാല്‍ ആകെ പ്രശ്നമാകും എന്നും, ഇല്ല ജനങ്ങള്‍ സമാധാനത്തോടെ വിധി കേള്‍ക്കും എന്നൊക്കെ ആള്‍ക്കാര്‍ വാദിക്കുകയാണ്. പക്ഷെ ഇപ്പുറത്ത് ബിവരെജ് തുറക്കുമോ, എതെങ്കിലും  ബാര്‍ കാണുമോ എന്നൊക്കെ തല പുകച്ച്, അറ്റ്‌ലീസ്റ്റ് ഏതെങ്കിലും ക്വാട്ടയുള്ള പട്ടാളക്കരനെയോ, ഏതെങ്കിലും ബാറിന്റെ സെക്യുരിറ്റിയെയോ എങ്കിലും അറിയുമോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു സദുവും കൂട്ടരും.


"വിധി വന്നാല്‍ കാണാം മോനെ കളി. അവന്മാര്‍ അടങ്ങി നിക്കുന്ന്  നിങ്ങക്ക് തോന്നുന്നുണ്ടോ ?
"ഏയ്‌ , ഇവിടെ കേരളത്തില്‍ ഒരു കളീം നടക്കില്ലെടോ, "
ഉടനെ സദു ബിവരെജ് ചിന്തകള്‍ വെടിഞ്ഞു ചര്‍ച്ചയിലേക്ക് ചാടിയിറങ്ങി. 
"ആര് പറഞ്ഞു ഒരു കളീം നടക്കില്ലെന്നു. ? മോനെ ഞങ്ങടെ നാട്ടില്‍ അവമ്മാര് മൊത്തം പ്ലാന്‍ ചെയ്തെക്കുവാ, വിധി വന്നാല്‍ ശരിക്കും വിവരമറിയും. ഒരു പത്തു പന്ത്രണ്ടെണ്ണത്തിന്റെ തല പോകും, ഉറപ്പാ. "
ബാക്കിയുള്ളോര്‍ സദുവിനെ ഒന്ന് നോക്കി. 
സദു അത് മൈന്‍ഡ് ചെയ്യാതെ തുടര്‍ന്നു.
"ഞങ്ങള്‍ ആലോചിക്കുന്നത് അതല്ല. നാട്ടില്‍ വെള്ളമടിച്ചും പെണ്ണ് പേടിച്ചും അലമ്പ് കാണിച്ചു നടക്കുന്ന ഒരുത്തന്‍ ഉണ്ട്. ഈ കൂട്ടത്തില്‍ ഇവനെ കൂടി അങ്ങ് തട്ടിയാലോ എന്നാലോചിക്കുവാ... ഇതാവുമ്പം ആര്‍ക്കും സംശയോം തോന്നത്തില്ല. എങ്ങനെയുണ്ട്  ?"
ആരൊക്കെയോ നെടുവീര്‍പ്പിടുന്ന ശബ്ദം മാത്രം കേട്ടു. 

---------------------------------------------
അയോധ്യ വിധി ദിവസം. സദുവും ഫ്രെണ്ടും കൂടി നടന്നു പോകുകയായിരുന്നു. പെട്ടെന്ന് സദുവിനു ഒരു കാള്‍. സദു മൊബൈല്‍ എടുത്തു ചെവിയോടു ചേര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്കു ചില മുറി-കന്നഡ വാക്കുകളും പറയുന്നുണ്ട്. കാള്‍ കഴിഞ്ഞപ്പോള്‍ ഫ്രെണ്ട് ചോദിച്ചു.
"ആരായിരുന്നു ?"
സദു : "ബെല്ലാരിയില്‍ നിന്നാ. നമ്മുടെ പഴയ ഒരു സുഹൃത്താ."
"ഹും, എന്ത് പറ്റി?"
സദു : "അല്ല ഈ അയോധ്യ വിധി എന്തായെന്ന് അറിയാന്‍ വിളിച്ചതാ"


സത്യം, കൂടെയുണ്ടായിരുന്ന ഫ്രെണ്ട് മൂന്നു ദിവസത്തേക്ക് ഫുഡ്‌ കഴിച്ചില്ലത്രേ.

Saturday, October 09, 2010

അവിചാരിതം


പടിക്കലേക്കു കയറുമ്പോള്‍ ദേവകീടെ പട്ടി മേനോനെ നോക്കി ചെറുതായി ഒന്ന് കുറച്ചു..
"മിണ്ടാതിരിയെടാ നായിന്റെ മോനെ,.."
മനസ്സിലായിട്ടോ എന്തോ പട്ടി ഒന്ന് കുറുകി കൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.

"ഡീ, ദേവ്വോ, "
"ആരാത് ? മേനോനങ്ങുന്നാണോ ?
"അല്ല, നിന്റെ........വേഗം വാതില് തൊറക്കെടീ "


ദേവു വാതില് തുറന്നു, പാട്ടവിളക്ക് *  പുറത്തേക്കു കാട്ടി.മേനോന്‍ ചാടി അകത്തു കയറി വാതിലടച്ചു. 
"ഗോയിന്ദന്‍ വന്നിട്ട് പോയതാണോടീ ?"
"ആ, വന്നു ലുങ്കീം മാറ്റി ഷാപ്പിലേക്ക് ഓടുന്നത് കണ്ടു.. ഇനീപ്പോ മോന്തിക്ക്‌ നോക്ക്യാ മതി.."
"നീ വല്ലതും കയിച്ച...?"
"ഇല്ലം കഞ്ഞി എടുക്കാന്‍ നോക്ക്വായിരുന്നു.. ഇങ്ങക്കും കൊറച്ചെടുക്കട്ടെ ..?
"ഓ വേണ്ട, ഞാന്‍ കഴിച്ചു.."
"അല്ലെങ്കിലും ഇങ്ങക്ക് ഇവിടുന്നു കയിച്ചാല്‍ തൊണ്ടേന്നു എറങ്ങില്ലല്ലോ... ഇതിനു മാത്രം ഒരു മടീല്ല.."
"ഇഞ്ഞിങ്ങനെ ഒന്നും രണ്ടും പറഞ്ഞു നേരം കളയല്ലേ..."

പുറത്തു പട്ടി ചെറുതായി കുറച്ചു... നേരിയ തണുപ്പ്  മുറിയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. മേനോന്‍,  കുന്തിച്ചിരുന്നു കഞ്ഞി കുടിക്കുന്ന ദേവൂനെ നോക്കി..ആ മണ്ണെണ്ണ വിളക്കിന്റെ നേരിയ വെട്ടത്തിലും അവള്‍ സുന്ദരിയായി അയാള്‍ക്ക്‌ തോന്നി.


"ഇങ്ങളെന്താ എന്നെ ആദ്യായിട്ട് കാണ്വാ?
ദേവൂന്റെ ചോദ്യം മേനോന്റെ ചിന്തകളെ ഓടിപ്പായിച്ചു....
പാത്രങ്ങളൊക്കെ അടുക്കി വച്ചു ദേവു , തട്ടിയില്‍ നിന്നും പായ എടുത്തു നിവര്‍ത്തി....
"ദേവൂ, ഈ പായൊക്കെ ആകെ കീറിപറഞ്ഞല്ലോ ? പുത്തനോന്നു  മേടിച്ചൂടെ ?
"അയിനിപ്പോ മുപ്പത്തഞ്ചുരുപ്യ മേണ്ടേ ? ഒരോട് ചന്തേന്നു വരുമ്പോ മേടിക്കാന്‍ കൊറേ ദെവസായി പറേന്നു. അതിപ്പോ ഷാപ്പ്‌ കണ്ടാല്‍ ബോധം മേണ്ടേ..?"


മേനോന്‍ പായില്‍ പതുക്കെ ഇരുന്നു.വിളക്കിന്റെ തിരി താഴ്ത്തി പായക്കരികില്‍ വച്ചു ദേവൂം ഇരുന്നു. മേനോന്‍ ദീവൂന്റെ മുഖത്ത് നോക്കി. 
"മാലതി കൊച്ചമ്മക്ക്‌ ഇപ്പൊ സുഖം തന്നെയല്ലേ ? അങ്ങുന്നു ഇങ്ങോട്ട് വരുന്ന കാര്യറിഞ്ഞാല്‍  വെഷമാവില്ലേ ?"
"പിന്നെ, അവളങ്ങനെ മഹിളാസമാജോം, മീറ്റിങ്ങും ഒക്കെയായി എപ്പോം തെരക്കല്ലേ. ഞാനാ  വീട്ടിലുണ്ടോന്നു അവള് നോക്കുന്നത് എന്റെ ഒപ്പിട്ട ചെക്ക്‌ കടലാസ് വേണ്ടപ്പോഴാ..പിന്നെയാ.."


ഇരുട്ടില്‍ ഒരുപാട് പേര്‍ തന്നെ തുറിച്ചു നോക്കുന്നതായി ദീവൂനു തോന്നി.
"ഇവിടെ വല്ലപ്പോഴും നിന്റടുത്തു വന്നു ഇച്ചിരി നേരം ഇരിക്കുന്നതാ  ബാക്കിയുളോനു  ഒരാശ്വാസം..അതിനിപ്പം മറ്റുല്ലോരു അതും ഇതും പറഞ്ഞാല്‍ എന്ത് ചെയ്യും? "
ദേവൂന്റെ ചുണ്ടില്‍ ഒരു വിളറിയ ചിരി വന്നു.
"നെനക്ക് ഇത് ചീത്ത പേരുണ്ടാക്കുംന്ന് എനിക്കറിയാം..പക്ഷെ..."


പുറത്തു ചെറിയ ചാറ്റല്‍മഴ തുടങ്ങിയപ്പോള്‍ ദേവു എണീറ്റ്‌ ജനല്‍പ്പാളികള്‍ ചാരിയിട്ടു...
"എനിക്കറിയാല്ലോ  മേനോനങ്ങുന്നെ..എല്ലാം.."
മേനോന്‍ ചെറുതായി നെടുവീര്‍പ്പിട്ടു,,
"ദേവൂ, ഇനി ഞാന്‍ ഇങ്ങോട്ട് വന്നെന്നിരിക്കില്ല...ഇനിയും ഇന്നെ പേരുദോഷം കേള്‍പ്പിക്കാന്‍ എനക്കാവില്ല... മൂത്ത മോള്‍ടെ കൂടെ മറ്റന്നാള്‍ ഞാന്‍ പാലക്കാടെക്ക്  പോവും. പിന്നെ...."


ദേവൂന്റെ വിങ്ങല്‍ തൊണ്ട വരെ വന്നു മുട്ടി നിന്നു. ഇപ്പൊ കരഞ്ഞുപോയെക്കുമെന്നു അവള്‍ക്കു തോന്നി..
മേനോന്‍ എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി. 
"ദേവൂ ഞാനിറങ്ങട്ടെ,..." 
തിരിഞ്ഞു നോക്കാതെ നടക്കാന്‍ മേനോന്‍ പാടുപെട്ടു. 
ഇടവഴിയിലേക്ക് ഇറങ്ങി കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ഷാപ്പില്‍ പോയി വരുന്ന ഗോയിന്ദനെ കണ്ടു..  
"എന്താ ഗോയിന്ദാ..? പണിയൊക്കെ എങ്ങനെ പോകുന്നു..."
ഗോയിന്ദന്‍ തലേക്കെട്ടഴിച്ച് വിനയത്തോടെ നിന്നു. 
മേനോന്‍ കീശയില്‍ നിന്നും നൂറു രൂപയുടെ നോട്ടെടുത്ത് ഗോയിന്ദന്റെ കയ്യില്‍ വച്ചു...
"അങ്ങുന്നെ , വേണ്ടായിരുന്നു..." തല ചൊരിഞ്ഞു കൊണ്ട് ഗോയിന്ദന്‍ പറഞ്ഞു..


മേനോന്‍ ഗോയിന്ദന്റെ തോളില്‍ തട്ടിയ ശേഷം ഇരുട്ടിനെ ആശ്ലേഷിച്ചു മുന്നോട്ടു നടന്നു...

Sunday, September 26, 2010

അനന്തരം

സെലീന എപ്പോഴും അങ്ങനെയായിരുന്നു, ഉള്ളില്‍ പേമാരി പെയ്യുമ്പോഴും ചെറിയൊരു ചിരി ചുണ്ടില്‍ തേച്ചു പിടിപ്പിച്ചു നടക്കും; വരണ്ടതെങ്കിലും. മോര്‍ച്ചറിയുടെ വാതില്‍ കടക്കുമ്പോഴും ആ ചിരി മുഖത്ത് ഞാന്‍ കണ്ടു. ഈ സമയത്തും സെലീനയ്ക്ക് ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതോര്‍ത്തു ഞാന്‍ അമ്പരന്നു. 
"എങ്ങനെയാ ടോണീ? നേരെ വീട്ടിലെക്കല്ലേ ?"
"ഇച്ചായാ, അത് പിന്നെ ... വീട്ടില്‍ ഇത് വരെ ......"
"അല്ല, ഇതിപ്പോ എങ്ങനാ ..? പറഞ്ഞല്ലേ പറ്റൂ." ജോയിചാച്ചന്‍ മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു, ചെവിയോടു ചേര്‍ത്ത്  പുറത്തേക്കിറങ്ങി.

ഞാന്‍ സെലീനയെ നോക്കി. 
മോര്‍ച്ചറിയുടെ നീളന്‍ വരാന്തയിലെ ഇരുട്ടില്‍ കണ്ണും നട്ട് ഇരിക്കുന്നു. 
ആ മടുപ്പിക്കുന്ന ഗന്ധവും നിശബ്ദതയും എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. 
"സെലീന..."
പതുക്കെ ഷാള്‍ കൊണ്ട് ഒന്ന് കൂടി പുതച്ചു സെലീന കണ്ണുയര്‍ത്തി.
"ഞങ്ങള്‍ ബെന്നിച്ചനെ നേരെ വീട്ടിലേക്കു കൊണ്ടുപോകാനാണ്‌ പ്ലാന്‍ ചെയ്യുന്നത്. നീ എന്ത് പറയുന്നു.?"
അവളുടെ കണ്ണില്‍ ഒരു മിന്നലുണ്ടായി. ഓര്‍മ്മക്കൂട് പൊട്ടി കടന്നലുകള്‍ കൂട്ടമായി കുത്താന്‍ തുടങ്ങി...
"ഇനി ജീവനോടെ ബെന്നിച്ചന്‍ ഈ പടി കേറത്തില്ല, സെലീന നീ ഇറങ്ങുന്നുണ്ടോ ? അതോ കെട്ടിയ എന്നെക്കാളും വലുത് നിനക്കെന്റെ അപ്പനും അമ്മയുമാണോ ?"
അപ്പനും അമ്മയും  മകനെ നോക്കി കണ്ണുനീരോടെ നിന്നു. കഴുത്തില്‍ മിന്നു കേട്ടിയവനാണ് വിളിക്കുന്നത്‌, പക്ഷെ ഈ പോക്ക് നല്ലതിനല്ല എന്ന് ബെന്നിച്ചായന്റെ അപ്പന്‍ പറഞ്ഞതിനാണ് ഈ പിണങ്ങിപ്പോക്ക് . 
"ബെന്നിച്ചായാ...." തന്റെ കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി.   
"ശരി നീ വരണ്ട..പക്ഷെ ഇനി എന്നേ കുറിച്ചോര്‍ത്തു നിങ്ങളാരും വിഷമിക്കേണ്ട... ഞാന്‍ ചീട്ടു കളിക്വോ വെള്ളമടിക്ക്വോ എന്തും ചെയ്യും, ആരും ഒന്നും അന്വേഷിക്കണ്ട,,,,എനിക്കെന്റെ വഴി.."
ബൈക്കും സ്റ്റാര്‍ട്ട്‌ ചെയ്തു പോകുമ്പോള്‍ ഒരു പ്രാവശ്യമെങ്കിലും തന്നെയും ലെനമോളെയും തിരിഞ്ഞു നോക്കുമെന്ന് കരുതി. പക്ഷെ...

ടോണി ഒന്ന് ആശുപത്രി വരെ വരാന്‍ പറഞ്ഞു വണ്ടി അയച്ചപ്പോള്‍  പേടി തോന്നിയെങ്കിലും ഇങ്ങനെയാണെന്ന് ഒരിക്കലും ....

ആംബുലന്‍സില്‍ കയറുമ്പോഴും ലെനമോളോട് എന്ത് പറയുമെന്ന് സെലീനക്കു അറിയിലായിരുന്നു. ബെന്നിച്ചായന്റെ വിരലുകളില്‍  മുറുകെ പിടിച്ചു അവള്‍ ആ മുഖത്തേക്ക് നോക്കി. ശാന്തമായി ഉറങ്ങുകയാണോ അതോ വെറുതെ ....
ബെന്നിച്ചായന്റെ വാക്കുകള്‍ കാറ്റില്‍ വന്നടിക്കുന്നത് പോലെ തോന്നി..
"ഇനി ജീവനോടെ ബെന്നിച്ചന്‍ ഈ പടി കേറത്തില്ല,......"


(മദ്യപിച്ചു വണ്ടിയോടിച്ചു  അപകടത്തില്‍ മരിച്ച ഒരു വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്....കൂടുതല്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല) 

Friday, September 17, 2010

പക്ഷെ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ടാവണം.!!!

"അശോകാ, ഇനീം എണീറ്റില്ലേ ? ഇങ്ങനെ കെടന്നൊറങ്ങാതെ നെനക്കീ കോലായില്‍ വന്നിച്ചിരി കാറ്റു കൊള്ളരുതോ ?

അശോകന്‍ കണ്ണ് തുറന്നു അമ്മയെ നോക്കി. കുനിഞ്ഞിരുന്നു അടുപ്പിലെ തീ ഊതുകയാണ് അമ്മ. അവര്‍ തിരിഞ്ഞു നോക്കി.അടുത്തേക്ക് വന്നു അശോകന്റെ കുഴിഞ്ഞു പോയ കണ്ണുകളിലേക്കു നോക്കി. 
"എനിക്ക് നെന്റെ മുഖത്തേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നുണ്ട്." 
അവര്‍ ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് ഒലിച്ചിറങ്ങാന്‍ തുടങ്ങിയ കണ്ണീര്‍ തുടച്ചു കളഞ്ഞു. 
അശോകന്റെ മുടി മാടിയൊതുക്കി കൊണ്ട് അവര്‍ തിരികെ അടുപ്പിനരികിലേക്ക് പോയി. 

"ഇനിപ്പോ നാളെ ആസ്പത്രീല്‍ പോവുമ്പോ എന്ത് ചെയ്യുന്നാ ഞാന്‍ ആലോചിക്കുന്നെ. സോമന്‍ ഡോക്ടര്‍ പറഞ്ഞത് തല്‍ക്കാലം ഡയാലിസിസ് ചെയ്തു നിക്കാംന്നല്ലേ  ? എന്ന്വച്ചു എത്ര കാലാ ഇങ്ങനെ ? എനിക്കൊരു പിടീം കിട്ടുന്നില്ല... ന്റെ ഭഗവതീ "
അവരുടെ നെടുവീര്‍പ്പ് അശോകനെ ശ്വാസം മുട്ടിച്ചു.അയാള്‍ പതുക്കെ എണീറ്റ്‌ പുറത്തേക്കു നടന്നു. 


പാവം അമ്മക്ക് തീരെ വയ്യാതായിരിക്കുന്നു. ഇതിപ്പോ അമ്മ തന്നെക്കാളും രോഗിയായിരിക്കുന്നു.തന്റെ ചികിത്സക്ക് വേണ്ടി അമ്മ ഓടി നടക്കുന്നത് കാണുമ്പോള്‍ അശോകന്‍ വിഷമത്തോടെ അമ്മയെ ഓര്‍ക്കും.
കഴിഞ്ഞ മാസം വന്ന ആ ഒടുക്കത്തെ പനിയായിരുന്നു എല്ലാറ്റിനും കാരണം. ആദ്യമൊക്കെ രാമന്‍ വൈദ്യരുടെ കഷായത്തില്‍ തീരുമെന്ന് കരുതി ആസ്പത്രിയില്‍ പോകാതെ നോക്കി. കൈവിട്ടു പോയപ്പോഴാണ് മെഡിക്കല്‍ കോളേജിലെ സോമന്‍ ഡോക്ടറെ കാണിക്കുന്നത്. ടെസ്റ്റും മറ്റും കഴിഞ്ഞു ആ മരുന്ന് മണക്കുന്ന മുറിയില്‍ വച്ചു ഡോക്ടര്‍ പറഞ്ഞത് അശോകന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
"അശോകാ, ഇതിപ്പോ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. എന്ന് വച്ചു നീ പേടിക്കണ്ട." അമ്മയെ കൂടി നോക്കിയാണ് ഡോക്ടര്‍ പറഞ്ഞത്.
"എന്താ ഡോക്ടര്‍ ?"
"നിന്റെ രണ്ടു വൃക്കയുടെ പ്രവര്‍ത്തനവും തീരെ തകരാറിലാണ്. എന്ന് വച്ചു പരിഹാരില്ലെന്നല്ല. വൃക്ക മാറ്റി വച്ചാല്‍....." 
പിന്നെ ഡോക്ടര്‍ പറഞ്ഞതൊന്നും അശോകന്റെ ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല. അയാള്‍ ബധിരനെ പോലെ ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തു കടന്നു. പിറകെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയും ഇറങ്ങി. 
അന്ന് തുടങ്ങിയ ഓട്ടമാണ്, തനിക്കു വേണ്ടി അമ്മ. കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം മേടിച്ചു പലിശക്ക് മേടിച്ചും അമ്മ തന്നെ നോക്കി. ഇതിപ്പോ ഈ വീടും പറമ്പും ജപ്തി ചെയ്യാന്‍ ബാങ്കുകാര്‍ എപ്പോ വരുമെന്ന ഭീതിയിലും. 


"നീ എന്താ ആലോചിക്കുന്നെ ?"
അയാള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി. 
"ഒന്നൂല്ല. .. അമ്മ തീരെ ക്ഷീണിച്ചു. ഇങ്ങനെ കിടത്താതെ ഞാനങ്ങു പോയിരുന്നെല്‍ മതിയായിരുന്നു അല്ലെ അമ്മെ ?"
അമ്മ വായപൊത്തി "ദൈവദോഷം പറയാതെ അശോകാ, ദൈവം മോളിലിരുന്നു എല്ലാം കാണുന്നുണ്ട് "
"എന്നിട്ടാണോ ഇങ്ങനെ നമ്മളെ കഷ്ടപ്പെടുത്തുന്നത്‌  ? ഇതിനു മാത്രം നമ്മള്‍ എന്ത് തെറ്റ അമ്മെ ചെയ്തത് ?"
അമ്മ അയാളെ നോക്കി കണ്ണീരൊപ്പുക  മാത്രം ചെയ്തു.

ഡയാലിസിസ് ചെയ്യാന്‍ വന്നവരുടെ മുഖങ്ങള്‍ മാറി മാറി നോക്കി ഇരിക്കുകയായിരുന്നു അശോകന്‍.
"നമ്പര്‍ 12 അശോകന്‍ " നേഴ്സ് വിളിച്ചു 
"വാ മോനെ " അമ്മ അയാളെയും കൂട്ടി അകത്തേക്ക് പോയി.
അകത്തെ ലാബു സജ്ജീകരണങ്ങളുമായി അശോകന്‍ പരിചയത്തിലായി കഴിഞ്ഞിരുന്നു. 
ഡയാലിസിസ് ചെയ്യുന്ന മയക്കതിടക്ക് അശോകന്‍ ഒരു സ്വപ്നം കണ്ടു.
ഒരു വെളുത്ത മാലാഖ- അതോ ഒരു നേഴ്സ് ആണോ- അശോകന്റെ അടുത്തേക്ക് വന്നു. 
"എന്താ അശോകാ, സുഖം തന്നെ അല്ലെ ?"
"എന്താ എന്നേ കളിയാക്കുകയാണോ ? നിങ്ങള്‍ ആരാ "

"ഞാനെന്തിനാ അശോകനെ കളിയാക്കുന്നത് ? ഞാന്‍ ദൈവം അയച്ച ഒരു മാലാഖയാണ്. അശോകന്റെ ചുറ്റുമുള്ളവരെ നോക്കൂ. അവരും വേദന അനുഭവിക്കുന്നവരാണ് . എല്ലാവരേം സന്തോഷിപ്പിക്കാനാ എന്നേ ദൈവം ഇങ്ങോട്ട് അയച്ചത്. "

"പക്ഷെ ഇത്രയ്ക്ക് എന്നേ കഷ്ടപെടുത്താന്‍ മാത്രം ഞാന്‍ ന്ത് തെറ്റ് ചെയ്തു ?
"എന്റെ അശോകാ, ദൈവം എല്ലാം കാണുന്നുണ്ട് .. എല്ലാം അറിയുന്നുണ്ട് "
"ഇല്ല എന്നേ കാണുന്നില്ല , അല്ലെ പിന്നെ എന്റെ അസുഖം മാറാന്‍ അനുഗ്രഹിക്കാത്തതെന്താ ?"
"അതിനു അശോകന്‍ ഇത് വരെ ദൈവത്തോട് ഇത് വരെ ഏതെങ്കിലും പറഞ്ഞോ ? സ്വന്തം വിധി എന്നും പറഞ്ഞു ഇരിക്കുകയല്ലേ ചെയ്തത് ..."
അശോകന്‍ ഉത്തരമില്ലാതെ കിടന്നു. 
"അശോകാ, ഒരു കാര്യം മനസ്സിലാക്കണം . ദൈവത്തിനു എല്ലാരുടേം പ്രാര്‍ത്ഥന കേള്‍ക്കാന്‍ സമയമുണ്ട് .... പക്ഷെ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ടാവണം..."
അശോകന് കണ്ണുകളിലേക്കു മൂടല്‍മഞ്ഞു കയറുന്നത് പോലെ തോന്നി. ശരീരമാകെ ഒരു ഊര്‍ജ്ജം നിരയുന്നതായും. കണ്ണ് തുറന്നു നോക്കി, നഴ്സുമില്ല മാലാഖയുമില്ല. ഡയാലിസിസ് യന്ത്രത്തിന്റെ മുരള്‍ച്ച മാത്രം.   
ഹെഡ് നേഴ്സ്  അരികിലേക്ക് വന്നു, ഡയാലിസിസ് യന്ത്രം ഓഫ്‌ ആക്കി. 
"എന്താ അശോകാ, മയക്കത്തില്‍ ആരോടാ അശോകന്‍ ചിരിക്കുന്നത് കണ്ടത് .?"
അശോകന്‍ അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച്‌, കസേരയില്‍ തന്നെയും കാത്തിരിക്കുന്ന അമ്മയുടെ അരികിലേക്ക് നടന്നു.

Wednesday, September 01, 2010

മനുഷ്യത്വം


ഇന്നലെ ഞാനെന്റെ പുസ്തകസഞ്ചിയില്‍ 
മാറോട് ചേര്‍ത്ത്  കൊണ്ട് നടന്നത് ,
ചന്ദ്രനും സൂര്യനും ഒളിച്ചു കളിച്ചു
മൂന്നാംനാള്‍ തട്ടിയെടുക്കാന്‍ നോക്കിയത്...


ഇന്ന് ഹൃദയത്തില്‍ നിന്നും മാറ്റി, പുറത്തു 
എന്റെ കുപ്പായക്കീശയില്‍
"പോകുന്നേല്‍ പോട്ടെ" എന്ന് വച്ചു
ബട്ടനിടാതെ  കൊണ്ട് നടക്കുന്നത്...

നാളെയും നഷ്ടപ്പെട്ടില്ലേല്‍ ഞാന്‍ 
പറിച്ചു ദൂരെയെറിയാന്‍ കാത്തിരിക്കുന്നത്..
അതെ, എനിക്കും ജീവിക്കണം;
"മനുഷ്യത്വം" കളഞ്ഞു ഒരു പച്ചമനുഷ്യനായി ...

Tuesday, August 31, 2010

പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്
എന്താണെന്നറിയില്ല, പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്.
മുനിഞ്ഞു കത്തുന്ന വിളക്കിന്റെ
തിരി കൂട്ടുന്ന പോലെയാണത്.

വലിയ കണ്ണുള്ള പെണ്‍കുട്ടിയായിരുന്നു ആദ്യം,
പിന്നെ
അയലത്തെ സ്കൂള്‍ മാഷിന്റെ മകള്‍,
അതും
കഴിഞ്ഞു , പലരും തിരി കൂട്ടിവച്ച് ,
എണ്ണ കോരിയൊഴിച്ച് ഒന്നും മിണ്ടാതെ പോയി. . .

പാട്ടിനോടും കവിതയോടും, പിന്നെ
കടലിനോടും പ്രണയം തോന്നി; അതും നീര്‍ക്കുമിള പോലെ . . .
പൊട്ടിയപ്പോഴൊക്കെ ഒന്നും അവശേഷിക്കാതെ
ഓര്‍മകള്‍ പോലും ബാക്കി വയ്ക്കാതെ. . .

ഒരു വസന്തം മുഴുവന്‍ ഞാന്‍ കാത്ത് വച്ചത്
അവളെ മൂടിപുതക്കാനായിരുന്നു
വെയില്‍ മാഞ്ഞ പടവുകളില്‍ ഞാന്‍ കാത്തിരുന്നത്
അവളെ കാണാന്‍ വേണ്ടിയായിരുന്നു.

ഈ മരത്തിന്റെ ഇലകളോരോന്നും കൊഴിഞ്ഞുവീണത്‌
ഞാനറിഞ്ഞില്ല, നീ മിണ്ടാതെ കടന്നു പോയതും.
ഞാന്‍ നീട്ടിയ ചെമ്പനീര്‍ നീ കണ്ടില്ല;
അതോ കണ്ടില്ലെന്നു നടിച്ചതോ ?

ഇന്നീ വരണ്ട പുഴയില്‍ പ്രണയം പെയ്യുന്നത്
ഞാന്‍ കൊതിക്കുന്നില്ല; ഒരിക്കലും.
പണ്ടെങ്ങോ ഒഴുകിയ നീര്‍ച്ചാലുകള്‍ തേടുന്നു
എന്ന് മാത്രം.
കാണുകയാണെങ്കില്‍ ഓര്‍മ്മകള്‍ തികട്ടി വരാതിരിക്കട്ടെ.

Sunday, August 22, 2010

ദൈവവിശ്വാസം


ഒരിക്കല്‍ ഒരാള്‍ ഒരു മലയരികിലൂടെ പോകുകയായിരുന്നു.കീഴ്ക്കാം തൂക്കായ വഴികളിലൂടെ അയാള്‍ സഞ്ചാരം തുടര്‍ന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ അയാള്‍ക്ക് പോകേണ്ട വഴി ഒരു തൂക്കുപാലത്തിലൂടെയാണെന്ന് കണ്ടു. പേടിപെടുത്തുന്ന ആഴമാണ് തൂക്കുപാലത്തിനടിയിലെ ഗര്‍ത്തത്തിനുണ്ടായിരുന്നത് . എന്നിരുന്നാലും അയാള്‍ ദൈവത്തില്‍ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. 
പാലത്തില്‍ കടന്ന ഉടനെ തന്നെ അയാളെ ഭയം പിടികൂടി. പാലത്തിന്റെ ഇളക്കം കൂടിയായപ്പോള്‍ ഭയം ഇരട്ടിക്കുകയും ചെയ്തു.അയാള്‍ ഈശ്വരനെ ധ്യാനിച്ച് മുന്നോട്ടു നീങ്ങി. പക്ഷെ പകുതിയായപ്പോഴേക്കും പേടിച്ചു മുന്നോട്ടു നീങ്ങാന്‍ പറ്റാത്ത അവസ്ഥയായി. അയാള്‍ ഉറക്കെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
"ദൈവമേ, ഞാന്‍ എന്നും അങ്ങയെ പൂജിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്നവനാണ്. ഈ ആപല്‍സന്ധിയില്‍  എന്നെ കാത്ത് രക്ഷിക്കണേ. കരുണ കാണിക്കണേ... "
അയാള്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അതാ അദ്ഭുതം! പാലത്തിന്റെ അങ്ങേ അറ്റത്ത്‌ ദൈവം നില്‍ക്കുന്നു.


"ഈശ്വരാ, അങ്ങ് എന്റെ വിളി കേട്ടല്ലോ. എന്നെ ഈ വിഷമത്തില്‍ നിന്നും രക്ഷിക്കണേ. എങ്ങനെയെങ്കിലും മറുകരയിലെത്തിക്കണേ.."
ദൈവം അയാളോട് ധൈര്യത്തോടെ മുന്നോട്ടു വരാന്‍ ആഗ്യം കാണിച്ചു.


അയാള്‍  വീണ്ടും പറഞ്ഞു.
"ദൈവമേ അവിടെ നിന്നും ധൈര്യം തന്നിട്ട് കാര്യമില്ലേ. എനിക്ക് ഇവിടെ നിന്നും ഒരടി പോലും മുന്നോട്ടു നീങ്ങാനുള്ള ശക്തിയില്ല. ദയവുണ്ടായി ഇവിടെ വന്നു എന്റെ കൈകളില്‍ പിടിച്ചു മുന്നോട്ടു നയിച്ചാലും. "
ദൈവം വീണ്ടും അയാളോട് ധൈര്യത്തോടെ മുന്നോട്ടു വരാന്‍ ആഗ്യം കാണിച്ചു. 
അയാള്‍ക്ക്‌ ദേഷ്യം വന്നു. വീണ്ടും അയാള്‍ ദൈവത്തോട് പാലത്തില്‍ അയാളുടെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും, ദൈവം തൂക്കുപാലത്തിന്റെ മറുകരയില്‍  തന്നെ നിന്നു ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെട്ടു. 
അവസാനം അയാള്‍ ഗത്യന്തരമില്ലാതെ, ദൈവത്തെയും പഴിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഇടയ്ക്കു കുലുക്കങ്ങലുണ്ടായെങ്കിലും അയാള്‍ ഒരാപത്തും പറ്റാതെ മറുകരയിലെത്തി.
 അയാള്‍ ദൈവത്തോട് കയര്‍ക്കാന്‍ വേണ്ടി തുനിഞ്ഞു ദൈവത്തെ നോക്കിയപ്പോള്‍ കണ്ടത് മറ്റൊന്നായിരുന്നു. 
തൂക്കുപാലത്തിന്റെ ഇങ്ങേ അറ്റം കരയില്‍ നിന്നും വിട്ടു പോയിരുന്നു. ദൈവം അത് വിട്ടുപോകാതെ കൈ കൊണ്ട് പിടിച്ചു നില്‍ക്കുകയായിരുന്നു!. അത് കൊണ്ടാണ് ദൈവം തന്റെ അടുത്തേക്ക് വരാതെ ഇങ്ങോട്ട് വരാന്‍ ആഗ്യം കാണിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായി. 
അയാള്‍ ദൈവത്തോട് മാപ്പിരന്നു കൊണ്ട് ആ കാല്‍ക്കലേക്ക് വീണു. 


ദൈവവിശ്വാസം ആവശ്യം വരുമ്പോള്‍ മാത്രമാണെങ്കില്‍ പോലും അത് പൂര്‍ണ്ണമായി ദൈവത്തില്‍ വിശ്വസിക്കുന്നതായിരിക്കണം


-ഗുരുവചനങ്ങളില്‍ നിന്ന്-  

Monday, August 16, 2010

ഇതൊരു മാതിരി മറ്റേടത്തെ പണിയായി പോയി

ഇതൊരു മാതിരി മറ്റേടത്തെ പണിയായി പോയി. ഈ പറയുന്ന  എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ്  ഇത് വരെ ഉറങ്ങുകയായിരുന്നോ ? കോപിറൈറ്റ്, പേറ്റന്റ്, ഇതൊക്കെ എടുക്കാന്‍ ഇപ്പോഴാണോ സമയം കിട്ടിയത്. ?
സംഗതി എന്താന്നു വച്ചാല്‍, കണക്കില്ലാത്ത മലയാളികളും മറ്റും ആവേശത്തോടെ-അറിയാതെയെങ്കിലും- പ്രചരിപ്പിച്ച  തമാശയുടെ ബ്രാന്‍ഡ്‌ അംബാസിഡാര്‍  ആയിമാറിയ ടിന്റുമോനെ  എംസി ഓഡിയോസ് എന്ന് പറയുന്ന ഒരു കമ്പനി സ്വകാര്യസ്വത്താക്കി മാറ്റാന്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതിനെതിരെ ബ്ലോഗുകളിലും എസ് എം എസുകളിലുമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു. 
മനോരമയില്‍ വന്ന വാര്‍ത്തയുടെ ചിത്രം കാണുക.
ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ വായിക്കാം

Sunday, August 15, 2010

ഗുണപാഠം

ശരിക്ക് പറഞ്ഞാല്‍ ആശയ ദാരിദ്ര്യമാണോ അതോ "ഒരു മൂഡ്‌ " ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല. ഒന്നും മനസ്സിലേക്ക് വരുന്നില്ല. പിന്നെ വഴിപാടു പോലെ എന്തെങ്കിലും എഴുതാന്‍ തോന്നുന്നുമില്ല.
തല്‍ക്കാലം മെയില്‍ വഴി വന്ന ഒരു പടം പോസ്റ്റ്‌ ചെയ്യുന്നു. 
(മുന്നേ കണ്ടിട്ടുള്ളവര്‍ തെറി പറയരുത്. ഈ ബ്ലോഗിന്റെ വിന്‍ഡോ അങ്ങ് ക്ലോസ് ചെയ്തേക്ക്‌)
Wednesday, August 11, 2010

ആള് കൂടിയാല്‍ പാമ്പും ചാവില്ല

 നമ്മുടെ കാരണവന്മാര്‍ പറയുന്നതൊന്നും ചുമ്മാതല്ല . പഴഞ്ചോല്ലെന്നും പറഞ്ഞു തള്ളിക്കളയാനാണ് നമ്മുക്കിഷ്ടമെന്കിലും, മിക്കവാറും കാര്യങ്ങള്‍ സത്യത്തിന്റെ പിന്ബലമുള്ളവയാകാരാണ്‌ പതിവു. ദാണ്ടെ ഒരു സാമ്പിള്‍ സംഭവം .

പറയുന്ന സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും സത്യമാണ് !!! തല്‍ക്കാലം ഇനിയും എനിക്ക് നാട്ടിലിറങ്ങി നടക്കാന്നുള്ള കൊതിയുള്ളത് കൊണ്ടു പേരുകള്‍ മാറ്റുന്നു.

(സംഭവത്തിന്റെ ഒരിജിനാലിട്ടിക്കു വേണ്ടി ചില നാടന്‍ സംഭാഷണങ്ങള്‍ അതെ പടി ചേര്ക്കുന്നു.)

കഥ : ആള് കൂടിയാല്‍ പാമ്പും ചാവില്ല


നാട്ടിലെ ഏത് പരിപാടിക്കും മുന്നില്‍ നില്ക്കുന്ന ചില അമ്മാവന്മ്മാരെ എല്ലായിടത്തും കാണാം. കാര്യങ്ങള്‍ നന്നായി നടന്ന് പോകാനുള്ള ആഗ്രഹം കൊണ്ടാണ് പലരും ഈ 'ഇടപെടല്‍' നടത്തുന്നത്. ആളാവാന്‍ വേണ്ടി നടക്കുന്ന ചില അണ്ണന്മാര്‍ ഇതിനോരാപവാദമായി ഉണ്ട് കേട്ടോ.


സംഭവം നടക്കുന്നത് ഒരു ദിവസം വൈകുന്നേരമാണ്. അടുത്തുള്ള ഒരു വീട്ടിലെ പെന്കൊച്ചു വീടിന്റെ ടെറസ്സില്‍ നിന്നും താഴെ വീണു. വീണത്‌ നേരെ റോഡിലേക്കും. ആള് കൂടി, പെണ്‍കൊച്ചിനെ പൊക്കിയെടുത്ത് അടുത്ത വീടിന്റെ വരാന്തയില്‍ കൊണ്ടു കിടത്തി. പ്രത്യക്ഷത്തില്‍ പരുക്കൊന്നും കാണാനില്ല. വീണതിന്റെ ഒരു ഷോക്ക് മാത്രം.
ഉടനെ നമ്മുടെ അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എങ്ങനെ വീണു, എന്തിന് ടെറസ്സില്‍ പോയി തുടങ്ങി വീടിനു ടെറസ്സ് പണിയാന്‍ ആര് പറഞ്ഞു ? എന്ന് വരെ ചോദിച്ചു കളഞ്ഞു.
"കൊച്ചു കുറച്ച്വേരം ഇവിടിരിക്കട്ടെ, ഇങ്ങളൊക്കെ കൊറച്ചു മാറി നിന്നാട്ടെ."
പെണ്‍കൊച്ചിനെ താങ്ങിയിരുത്തി കൊണ്ടു ഒരു ചേച്ചി പറഞ്ഞു.
പിന്നെ ചുറ്റും കൂടി നിന്നവര്‍ ഊഹാപോഹങ്ങള്‍ വച്ചു FIR -ഉം മഹാസ്സരുമൊക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ സംഭവം ഇതായിരുന്നു. ആ കൊച്ചു ഇച്ചിരി മനസ്സമാധനത്തോട്‌ കൂടി പഠിക്കാന്‍ വേണ്ടിയാണ് ടെറസ്സില്‍ കയറിയത്. പഠിച്ചോന്ടിരുന്നപ്പോള്‍ (ചിലപ്പോള്‍ പഠിച്ചോണ്ട് നടന്നപ്പോള്‍) കാല് തെറ്റി താഴെ പോയതാണ്.

"ഇപ്പൊ പരിക്കൊന്നും കാണില്ല. പിന്ന്യാ വേദന തോന്വാ.. ഒരു വണ്ടി വിളിച്ചു ഹോസ്പിറ്റലില്‍ കാണിക്കുന്നതാ നല്ലത്. "
"ശരിയാ, അതാ നല്ലത്.."
ഉടനെ നാട്ടിലെ ജീപ്പ് ഡ്രൈവര്‍മാരെ വിളിക്കാന്‍ ആള്‍ക്കാര്‍ പരക്കം പായാന്‍ തുടങ്ങി.

"പെണ്ണുങ്ങലാരെന്കിലും ഒന്നു സാരി മാറ്റി വന്നെ. "
ആഗോള കേരള യുണിഫോം ആയ മാക്സിയും ഉടുത്തു നില്ക്കുന്ന പെണ്ണുങ്ങളെ നോക്കി അമ്മാവന്‍ പറഞ്ഞു. രണ്ടു മൂന്നു ചേച്ചിമാര്‍ വീടുകളിക്ക് ഓടി.

ഉടനെ ജീപ്പ് വന്നു. ആളുകള്‍ വന്നു.
"ആരെങ്കിലും രണ്ടോ മൂന്നോ പേരു കൂടെ പോണം. മാഹീല്‍ പോയാ മതി. ഒന്നു മൊത്തം ചെക്കപ്‌ ചെയ്യാന്‍ പറയണം കേട്ടോ " .(മാഹി ആശുപത്രി- ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി )

ആള്‍ക്കാര്‍ ജീപ്പിലേക്കു കയറാന്‍ തുടങ്ങി.സാരി മാറ്റി വന്ന ചേച്ചിമാര്‍ ജീപ്പിന്റെ പിറകില്‍ കയറി. ഇരിക്കാന്‍ സ്ഥലം കിട്ടാത്തവര്‍ ജീപ്പിന്റെ പിറകില്‍ കാരിയര്‍ കമ്പികളില്‍ തൂങ്ങി പിടിച്ചു നിന്നു.
"നമ്മുക്ക് കുഞ്ഞിപ്പള്ളിലൂടെ പോകാം. അതാ നല്ലത്."
തൂങ്ങികിടക്കുന്ന ആരോ പറഞ്ഞു. ജീപ്പ് ഡ്രൈവര്‍ കേട്ടോ എന്തോ.
ആള്‍ക്കാരെ കൊണ്ടു തിങ്ങി നിറഞ്ഞ ആ ജീപ്പ് മഹി ആശുപത്രി ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.

പെണ്‍കൊച്ചിനെ കിടത്തിയിരുന്ന വീട്ടില്‍ ബാക്കിയുള്ളോര്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടങ്ങി. ചിലര്‍ സംഭവം നടന്നസ്ഥലത്തു മനസ്സു കൊണ്ടു ചില ഡമ്മി പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി.
"കണ്ണില്‍ കൊള്ളണ്ടത് പുരികത്തില്‍ കൊണ്ടൂന്നു വിചാരിച്ചാ മതി. ഇതാ ഈ കല്ലില്‍ കൊള്ളാതെ ജസ്റ്റ്‌ മിസ്സായതാ."
അഭിപ്രായങ്ങള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു. പെന്കൊചിന്റെ അപ്പനും അമ്മയും ആകെ വിഷമിച്ചുവരാന്തയില്‍ നില്‍ക്കുന്നതൊന്നും അവര്‍ക്കൊരു പ്രശ്നമല്ലായിരുന്നു.

"അല്ല, ജീപ്പ് വിളിക്കാന്‍ പോയ ആരും ഇതുവരെ വന്നില്ലേ ? കൊല്ലം ഒന്നായല്ലോ പോയിട്ട്."
പെണ്‍കൊച്ചിനെ കിടത്തിയ വീട്ടില്‍ നിന്നും ഒരു ചേച്ചി വിളിച്ചു ചോദിച്ചു. മുറ്റത്ത്‌ നിന്നവര്‍ ആകെ വണ്ടറടിച്ചു നില്‍ക്കുകയാണ്‌. അപ്പൊ ജീപ്പില്‍ കൊണ്ടു പോയതാരെ ?
അന്തം വിട്ടു നിന്നോര്‍ സശയം തീരാതെ അകത്തേക്ക് കയറി നോക്കി. നമ്മടെ പെന്കൊച്ചു ഒരു ചേച്ചിയുടെ മടിയില്‍, നിലത്തു ക്ഷീണത്തോടെ കിടക്കുകയാണ്.
സംഭവം അറിഞ്ഞവര്‍ അറിയാത്തോരെ വിളിച്ചു ചെവിയില്‍ മൂളി. ആകെ ബഹളം. ജീപ്പില്‍ പോയ എല്ലാ അണ്ണന്മാരെയും ആള്‍ക്കാര്‍ തെറി വിളിക്കാന്‍ തുടങ്ങി.
"ഇവനൊക്കെ നല്ല ടീമാ. എങ്ങോട്ടാണാവോ പാഞ്ഞു പോയത്. എല്ലാരും കൊള്ളാം."

ഇതേ സമയം ജീപ്പിനുള്ളിലോ ?
"മോഹനേട്ടാ, കൊച്ചെവിടെ ?" -ഒരു ചേച്ചി
"പുറകിലുണ്ടല്ലോ" -തല പോലും തിരിക്കാന്‍ വയ്യാത്ത തിരക്കില്‍ മോഹനേട്ടന്‍ പറഞ്ഞു.
"ഇവിടെയെങ്ങുമില്ല. "
"ആരുടെയെങ്കിലും മടിയില്‍ കിടക്കുന്നുണ്ടാവും. "
"ഇല്ലെന്നെ. വണ്ടി നിര്‍ത്തിക്കെ"

വണ്ടി വഴിയില്‍ ഒതുക്കി നിര്‍ത്തി. സംഭവം അറിയാതെ തൂങ്ങി നിന്നവരും, ശ്വാസം കിട്ടാതെ കുടുങ്ങിയവരും മുഖം ചോദ്യചിഹ്ന്നമാക്കി ഡ്രൈവറെ നോക്കി.
"എന്താടോ പറ്റിയത്.? എന്തിനാ വണ്ടി നിര്‍ത്തിയെ ?"
"പെന്കൊച്ചു കയറിയിട്ടില്ല.." ഡ്രൈവര്‍ വലിയൊരു സത്യം വെളിപ്പെടുത്തി.

ഇറങ്ങിയ ആള്‍ക്കാരൊക്കെ ജീപ്പിന്റെ പിറകിലേക്ക് വന്നു നോക്കി . ശരിയാണ്, എല്ലാരുമുണ്ട്; പക്ഷെ കയറേണ്ട ആള്‍ മാത്രം ഇല്ല. സംഭവം അറിഞ്ഞോരൊക്കെ ആകെ നാണക്കേടായല്ലോ എന്ന ഭാവത്തില്‍ നിന്നു.
"ഇങ്ങനെ നിക്കാണ്ട് ഇങ്ങള് വേഗം വണ്ടി തിരിക്ക്. പെണ്‍കൊച്ചിനെ കൂട്ടീട്ടു വരാം."

തൂങ്ങി നിന്നവനും ഇടിച്ചു കയറിയവനും തിരികെ പോകാന്‍ ആകെ നാണക്കേട്‌ തോന്നി. വണ്ടി തിരിച്ചു.

ഈ സമയം അടുത്ത ജീപ്പ്‌ വിളിക്കാന്‍ ആള്‍ക്കാര്‍ പോയിരിക്കുകയായിരുന്നു. അപ്പോള്‍ ദാണ്ടെ വരുന്നു നമ്മടെ "പെന്കൊചിനേം കൊണ്ടു പോയ വണ്ടി" തിരിച്ചു വരുന്നു. എല്ലാരും "ഇവനെയൊക്കെ ശരിയാക്കി തരാം" എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്‌.
ജീപ്പില്‍ നിന്നും ഇറങ്ങിയവര്‍ മുഖത്ത് ഓരോ വളിച്ച ചിരിയും ഒട്ടിച്ചു പതുക്കെ നടന്ന് വന്നു. സാഹചര്യം കണക്കിലെടുത്ത് ആരും ഒന്നും മിണ്ടിയില്ല. പെന്കൊചിനേം കയറ്റി വണ്ടി വീണ്ടും മാഹി ലക്ഷ്യമാക്കി കുതിച്ചു. പക്ഷെ ഈ പ്രാവശ്യം വണ്ടിയില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയുണ്ടായിരുന്നു. !!!

ശേഷം ചിന്ത്യം. ആദ്യ ട്രിപ്പില്‍ കയറിയ ഒരുത്തനേം ബാക്കിയുള്ളവര്‍ വെറുതെ വിട്ടില്ല.

ദൈവ കൃപയാല്‍ പെങ്കൊച്ചിനു വലിയ പരുക്കൊന്നും പറ്റിയില്ല. എങ്കിലും നാട്ടുകാര്‍ക്ക് ഓര്ത്തു ചിരിക്കാന്‍ സംഭവം ധാരാളമായിരുന്നു.

ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ പഴഞ്ചൊല്ല് ശരിയായില്ലേ.
ആള് കൂടിയാല്‍ പാമ്പ് ചാവില്ല.

ഓഫ്‌ലൈന്‍ : ജീപ്പില്‍ തൂങ്ങി കിടന്ന പലരും ആശുപത്രിയിലേക്ക് ആണെന്ന് അറിഞ്ഞല്ല കയറിയതത്രേ, മാഹിയിലേക്ക് പോകുകയാണ് എന്നേ അവര്‍ കേട്ടുള്ളൂ. അപ്പൊ പിന്നെ രണ്ടെണ്ണം അടിച്ചേക്കാം എന്ന് കരുതി, "ഇന്ധനം" നിറക്കാന്‍ പോകാനിരങ്ങിയതാണ് എന്നതാണ് സത്യം.

(വായിക്കുന്നോരുടെ അറിവിലേക്ക് : മാഹി - കേന്ദ്രഭരണ പ്രദേശമാകയാല്‍, മദ്യം വില കുറഞ്ഞു കിട്ടുന്ന ഒരു പറുദീസാ. )

Sunday, August 08, 2010

ഒരു വെറും ഫോട്ടോ


ഓഫീസിലെ ഒരു തിരക്ക് പിടിച്ച സമയം..
സത്യം..!!! അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ പെമ്പിള്ളാരുമായി കത്തി വക്കുന്നതല്ല.


(ഒരേ സമയം എന്റെ ഫോണിലും ഓഫീസ് ഫോണിലും കാള്‍ വന്നത് അറ്റന്‍ഡ് ചെയ്യുന്നത് കണ്ടപ്പോള്‍ മനോജേട്ടന്‍ - മനോജ്‌ ചേമഞ്ചേരി - ഒപ്പിയെടുത്ത ഒരു ഫ്രെയിം. ഇതിനായി ഒരു ഫോട്ടോബ്ലോഗ് തുടങ്ങണ്ടല്ലോ എന്ന് കരുതി.)

Friday, August 06, 2010

രമ്യക്ക് പ്രണാമം...


"....എങ്കിലും ചിറകുകള്‍ കുഴയുവോളം 
ഞാന്‍ പറക്കും
മേഘങ്ങള്‍ വഴി മുടക്കിയേക്കാം
തൂവലുകള്‍ കൊഴിഞ്ഞു പോയേക്കാം
പെരുമഴ പനി പിടിപ്പിച്ചാലും
ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും....." 


അതെ, ചിറകുകള്‍ കുഴഞ്ഞു വീഴും വരെ ധൈര്യത്തോടെ പറന്ന അനിയത്തിക്കുട്ടിക്കു   പ്രണാമമര്‍പ്പിക്കുന്നു...
"ശലഭായനം" കഴിഞ്ഞു രമ്യ യാത്രയായി; രോഗങ്ങളും മരുന്നുകളുടെ മണവുമില്ലാത്ത മറ്റൊരു ലോകത്തേക്ക്....
അസുഖം ഭേദമാവുമെന്ന ശുഭവിശ്വാസത്തില്‍ രമ്യ എഴുതി തുടങ്ങിയ രണ്ടാമത്തെ കവിതാസമാഹാരം "സ്പര്‍ശം" പൂര്‍ത്തിയാവാതെ ബാക്കിയായി... വെറുമൊരു ശലഭായുസ്സു മാത്രം ജീവിച്ചുതീര്‍ത്ത് ...


രമ്യയുടെ വരികള്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ കൂടി പ്രണാമമര്‍പ്പിക്കുന്നു...

Wednesday, July 28, 2010

അപരിചിതര്‍


ഇന്ന് ഞാനെന്റെ വാതിലുകള്‍ 
ഇറുക്കെ കൊട്ടിയടച്ചു
ആരും കടക്കാതെ, കാണാതെ
തള്ളിത്തുറക്കാതിരിക്കാന്‍  

എന്റെതു ഒറ്റവാതിലുള്ള ഒരു മുറിയായിരുന്നു
കാറ്റു കടക്കാന്‍ ജനലുകളില്ലാതെ...
വാതില്‍ ഞാന്‍ പാതിയേ തുറക്കാറുള്ളൂ.
പേടിയല്ല; എനിക്കും അതായിരുന്നു സൗകര്യം.
 

വരുന്നോരെന്റെ സ്നേഹിതര്‍, പിന്നെ
വഴി പോന്നോരും വഴി ചോദിക്കുന്നോരും,
അവരും വാതില്‍ പാതിയെ തുറക്കാറുള്ളൂ
അടക്കാനെളുപ്പത്തിനോ  എന്തോ.

വരുന്നോരെനിക്കറിയാത്തോര്‍; ഞാനാദ്യമായ്
കാണുന്നോര്‍, അപരിചിതര്‍.
പിന്നെ, പേരും നാളും പറഞ്ഞ്,
മുഖം നോക്കാതെ ചങ്ങാത്തം കൂടിയോര്‍
 

വന്നോരെല്ലാം വിരുന്നുകാര്‍;
അവര്‍ ഒപ്പം നിന്നു ചിരിച്ചു.
വെളിച്ചം പോയിരുള്‍ വന്നപ്പോളവര്‍ 
എന്നെ തനിച്ചാക്കി പുറത്തുപോയി.

നിഴല്‍ വീണ വഴിയിലൂടെ നടന്ന്,
ഒന്നും രണ്ടും പറഞ്ഞ്, പിണങ്ങിയും
പിന്നെയെപ്പോഴോ താനെ ഇണങ്ങിയും
കൂട്ടം പിരിയാതെ നടന്നോര്‍.

ഓട്ടത്തിനിടക്ക്‌ കാലിടറി,
കൈയും മെയ്യും വയ്യാതെ നിന്നപ്പോള്‍
തിരിഞ്ഞു നോക്കാതെ ലക്‌ഷ്യം നേടിയോര്‍,
അവര്‍ എന്നെ കണ്ടില്ല, നോക്കിയതുമില്ല


എനിക്ക് താങ്ങാന്‍, പിടിക്കാന്‍ 
ഒരു തോലും കിട്ടിയില്ല, ഞാന്‍ കണ്ടില്ല 
കിട്ടിയതൊക്കെ പാഴ്ക്കൊമ്പുകള്‍;
അവയെന്നെ താങ്ങായ് കണ്ടു   


ചിരിച്ചു നിന്നവര്‍, കൂടെ കളിച്ചവര്‍
മഴവെള്ളം വന്നപ്പോള്‍ എന്റെ തോളില്‍ കയറിയവര്‍
കൊടുങ്കാറ്റു വന്നപ്പോള്‍ അവര്‍
എന്നെ വിട്ടു വന്മരങ്ങള്‍ തേടിപോയി


എന്റെ വാതിലുകള്‍ ഞാനടച്ചിരുന്നി-
ലൊരിക്കലുമിതുവരെ
എല്ലോര്‍ക്കും കടക്കാന്‍; ഇരിക്കാന്‍ 
എന്റെ ശിഖരങ്ങളില്‍ കൂടാന്‍...

എന്നിട്ടും ഞാന്‍ ചെന്നപ്പോള്‍ 
എനിക്ക് മുമ്പിലടഞ്ഞ വാതിലുകള്‍
തുറക്കാത്ത, കാരിരുമ്പിന്റെ
മണിചിത്രത്താഴിട്ടു  പൂട്ടിയവ

ചിലത് ഞാന്‍ ചെന്നപ്പോള്‍,
എന്നെ കണ്ടപ്പോള്‍ അടഞ്ഞുപോയി,
കാണാതിരിക്കാന്‍, അറിയാതിരിക്കാന്‍ 
കറുത്ത ജാലകവിരിയിട്ടു മൂടിയവ


എന്നെ നോക്കി ചിരിക്കാന്‍, പറയാന്‍
അവയ്ക്ക് പിന്നില്‍ എന്റെ മാത്രം
വിരുന്നുകാര്‍-ഞാന്‍ അങ്ങനെ 
തെറ്റിദ്ധരിച്ചു

ഞാനും വാങ്ങി, നല്ലൊരു പൂട്ട്‌,
എന്റെ വാതിലുകള്‍ അടച്ചു
ചാവി എന്റെ കുളത്തിലെ മീനുകള്‍ക്ക് 
എറിഞ്ഞുകൊടുത്തു.

Monday, July 26, 2010

ചില 'മുടി'ഞ്ഞ ചിന്തകള്‍ആരെന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാരും ഒറ്റക്കെട്ടാകും. ആണായാലും പെണ്ണായാലും. അതിന് വലുപ്പചെറുപ്പഭേദമില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ തിയറി പറഞ്ഞു നടന്നവരെ നമ്മളെത്ര കണ്ടതാ. ലെവന്മാരോക്കെ പറഞ്ഞ പറച്ചില്‍ കേട്ടാല്‍ ഹെന്റമ്മോ..!!
ഉദാഹരണത്തിന്, പെണ്ണ് കാണാന്‍ പോകുന്നവര്‍ക്ക് സൌജന്യ ഉപദേശം കൊടുതതിങ്ങനെ, " പെണ്ണിന്റെ സൌന്ദര്യത്തിലല്ല കാര്യം, പിന്നെയോ.. സ്വഭാവം , ഗുണം മണം .. "
അല്ല പിന്നെ, ഇവന്മാരൊക്കെ പെണ്ണ് കാണാന്‍ പോയപ്പോഴോ, ദാണ്ടെ കിടക്കുന്നു താഴെ...
പെണ്ണിന്റെ മൂക്ക് നീണ്ടതാണ്, മുടി ചുരുണ്ടതാണ്, കണ്ണിനു ഐശ്വര്യറായിയുടെ അത്ര സ്റ്റൈല്‍ ഇല്ല... പിന്നെ ആകെ പിടിച്ചത് പെണ്ണിന്റെ അനിയത്തിയെ ആണ് !!!. കൈ വച്ചാല്‍ ചെറുക്കന്‍ തീര്ന്നു പോകുമെന്ന് കരുതി ആണോ എന്തോ പെണ്‍വീട്ടുകാര്‍ അന്ന് വെറുതെ വിട്ടെന്ന് വാല്‍ക്കഷ്ണം.
ക്ഷമിക്കണം, പറഞ്ഞങ്ങു കാടു കയറി പോയി. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ഓരോ ജന്തുജാലവും അതിന്റെ ഇണയെ ആകര്‍ഷിക്കാന്‍ ഒരു പരിധി വരെ സൌന്ദര്യത്തെ കൂട്ട് പിടിക്കുന്നു എന്നാണ് അറിവ്. (ഞാനറിഞ്ഞിടത്തോളം അതങ്ങനെയാണ്). മനുഷ്യന്റെ കാര്യത്തില്‍ അതിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്നോരും ഉണ്ട്.
പെണ്ണുങ്ങളുടെ കാര്യത്തില്‍ ബ്യൂട്ടിക്ലിനിക്കുകള്‍ സഹായതിനെതിയപ്പോഴും പാവം ആണുങ്ങള്‍ ബാര്‍ബര്‍മാരുടെ കരവിരുതില്‍ സംതൃപ്തി അടയേണ്ടി വന്നു. (ബ്ലോഗര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം വെറും 7.53% ആണുങ്ങള്‍ മാത്രമെ "ബ്യൂട്ടിപാര്‍ലര്‍" സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുള്ളു!!! ഹും ഇതു പെണ്ണുങ്ങളെ ശരിക്കും ഞെട്ടിക്കുന്ന ഒരു സംഗതി ആണ് അല്ലെ ?) എന്ന് പറഞ്ഞാല്‍ നമ്മള്‍ ആണുങ്ങളുടെയൊക്കെ സെറ്റപ്പും ഗെറ്റപ്പും ഈ പറഞ്ഞ ബാര്‍ബര്‍മാരുടെ കൈയ്യിലാണ് കിടക്കുന്നത് അല്ലെ..?
(ഈ "ബാര്‍ബര്‍" എന്ന വിളി ആരെയും നോവിക്കാനല്ല എന്ന് ആദ്യമേ പറയട്ടെ.)

ഈയുള്ളവനും ഇക്കാര്യത്തില്‍ ഇച്ചിരി, അല്ല കുറച്ചേറെ തന്നെ ശ്രദ്ധ കൊടുക്കാറുണ്ട്. ഹെയര്‍സ്റ്റൈലില്‍ മാത്രം പിടിച്ചു നില്ക്കാന്‍ പറ്റില്ലെങ്കിലും ബാക്കിയുള്ള വൃത്തികേടുകള്‍ കുറച്ചൊക്കെ മറച്ചു പിടിക്കാന്‍ കഴിയുമല്ലോ എന്നൊരാശ്വാസം . പൊട്ടു കുത്തിയാല്‍ നോക്കുകുത്തിക്കും കാണില്ലേ ഒരു ചന്തം, ഏത്..?

അതുകൊണ്ട് തന്നെ ഈയൊരു കാര്യത്തില്‍ ആരും അത്ര വിട്ടുവീഴ്ച ചെയ്യാറില്ല എന്നാണറിവ്. അത്തരം വിട്ടുവീഴ്ചകള്‍ കാരണം നാണം പോയ 'കോര്‍ണര്‍' നോക്കി അടിയന്‍ ചിലപ്പോഴൊക്കെ നടക്കേണ്ടി വന്നിട്ടുമുണ്ട്.
സ്ഥിരമായി പോകുന്ന 'മുടിവെട്ട്' കടയില്‍ ഒന്നില്‍ കൂടുതല്‍ ബാര്‍ബര്‍മാരുണ്ടായിരുന്നു. ഒരു കൃതാവ് ചേട്ടനാണ് സ്ഥിരമായി എന്നെ കുട്ടപ്പനാക്കിയിരുന്നത്. നമ്മളാണെങ്കില്‍ കുറെ നിര്‍ദേശങ്ങളൊക്കെ നല്കി അങ്ങനെ ചാരി കിടക്കും.
"ചേട്ടാ, പിറകില്‍ ഇച്ചിരി പറ്റിച്ചു വെട്ടിയെക്കണം കേട്ടോ.., ഈ കൃതാവ് അധികം ഇറക്കി കട്ട് ചെയ്യേണ്ട കേട്ടോ. "
എന്നതൊക്കെ പറഞ്ഞാലും പുള്ളി തോന്നിയ പടി കട്ട് ചെയ്യും. എന്നാലും ആകെ മൊത്തം നല്ല സ്റ്റൈല്‍ ആക്കി തരും.ഇച്ചിരി വെള്ളമൊക്കെ തലയില്‍ സ്പ്രേയ്‌ ചെയ്തു ആകെ ഒന്നു മസ്സാജും ചെയ്യും.

മിക്കവാറും പുള്ളി ഇല്ലെങ്കിലോ അതല്ല പുള്ളി free അല്ലെങ്കിലോ ഈയുള്ളവന്‍ പതുക്കെ പിന്‍വലിയാറാണ് പതിവു. വെറുതെ എന്നാത്തിനാ risk എടുക്കന്നത്.
ചുമ്മാ മൊബൈല് എടുത്തു ഒരു വിളിയാണ്.
"എടേയ്‌ ഞാന്‍ ഇവിടെ പുളിമൂട് ജംഗ്ഷനിലുണ്ട്.......എന്ത് ? ഇപ്പോള്‍ തന്നെ വരണോ? .... മുടി വെട്ടിയിട്ട് വന്നാല്‍ പോരെ..? ഒരു 10 മിനിട്ട്......അങ്ങനെയാണോ..? എങ്കില്‍ നീ അവിടെ നില്ല്. ഞാന്‍ അങ്ങോട്ട് വരാം. "
എന്നിട്ട് തിരിഞ്ഞൊരു നടത്തം. വാതില്‍ക്കല്‍ മറ്റേ അണ്ണന്‍ ഇങ്ങനെ നില്ക്കും.
(ഈ നമ്പര്‍ ഇറക്കുമ്പോള്‍ മൊബൈല് സൈലെന്റ്റ്‌ മോഡില്‍ ഇട്ടില്ലേല്‍ ആകെ നാണം കേടും കേട്ടോ.)

അന്ന് പക്ഷെ മുടി വെട്ടിയെ തീരൂ എന്നൊരു പ്രശ്നം ഉണ്ടായിരുന്നു. പിറ്റേന്ന് വീട്ടില്‍ പോകേണ്ടതാണ്. നാട്ടില്‍ പോകുന്നതല്ലേ ഇച്ചിരി മെനയായി പോകാമെന്ന് കരുതി. പക്ഷെ നമ്മടെ കൃതാവ് ചേട്ടന്‍ ആ പരിസരത്തെങ്ങും കാണാനുമില്ല. വേറൊരു പുതിയ ചേട്ടന്‍ 'കൊല'കത്തിയൊക്കെ പിടിച്ചു നില്പ്പോണ്ട്.
"കട്ടിങ്ങാണോ ഷാവിങ്ങാണോ സാറെ". 'സാറെ' വിളിയില്‍ ഞാനിത്തിരി സുഖം പിടിച്ചെങ്കിലും എന്റെ വീക്നെസ്സില്‍ കത്തി വച്ചുള്ള ആ ചോദ്യം എനിക്കിച്ചിരി കൊണ്ടു. അവിടേം ഇവിടേം സെന്റിമീറ്റര്‍ ഗ്യാപ്പില്‍ വളര്‍ന്ന, പത്തും പത്തും ഇരുപത്തഞ്ചു രോമങ്ങളുള്ള താടി നോക്കിയാനവന്‍ ആ ചോദ്യം ചോദിച്ചത്. ഹും എനിക്ക് തന്നെ കട്ട് ചെയ്യാന്‍ അത് തെകയത്തില്ല. അപ്പോഴാ...
"കട്ടിംഗ് മതി ചേട്ടാ".
അങ്ങോരു മുണ്ട് കൊണ്ടു 'വെള്ള പുതപ്പിക്കുമ്പോള്‍' ഞാന്‍ ഒരിക്കലും ഓര്‍ത്തില്ല ഇതു ഇത്രേം വലിയ ഒരു കൊലയകുമെന്നു. ഈയുള്ളവന്‍ സ്ഥിരം നിര്‍ദേശങ്ങള്‍ നല്കാന്‍ തുടങ്ങി.
"ചേട്ടാ, പിറകില്‍ ഇച്ചിരി പറ്റിച്ചു വെട്ടിയെക്കണം കേട്ടോ.., ഈ കൃതാവ് അധികം ഇറക്കി കട്ട് ചെയ്യേണ്ട കേട്ടോ. മുന്‍പില്‍ കുറച്ചു നീളം കുറച്ചാല്‍ മതി." അങ്ങോരു എല്ലാം തല കുലുക്കി സമ്മതിച്ചു.

സത്യം പറയാമെല്ലോ, അങ്ങോരു തലയില്‍ കൈ വച്ചപ്പോഴേ നമ്മള്‍ പാതി മയക്കത്തിലായി.
(അതല്ലേലും തലയ്ക്കു വല്ല പണിയും വരുമ്പോള്‍ എനിക്ക് പെട്ടെന്ന് മയക്കം വരും. പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടാണ് ഈ അസുഖം ശ്രദ്ധയില്‍ പെട്ടത് കേട്ടോ. )

"ഇങ്ങനെ മതിയോ..?" അങ്ങോരുടെ ചോദ്യം കേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ഞാന്‍ നോക്കുമ്പോള്‍ഏതാണ്ട് എന്നെ പോലോരുത്തന്‍ എന്നേം നോക്കിയിരിക്കുന്നു. എന്റെ തലയില്‍ വെളിച്ചം വരാന്‍ കുറച്ചുകൂടി സമയമെടുത്ത്. ഒരു മിന്നല്‍ പിണര്‍. "എന്റെ ദൈവമേ.." അത് ഞാന്‍ തന്നെ. മൂക്കും കണ്ണും എല്ലാംഓക്കേ. പക്ഷെ മുടി.??? ശരിക്കും ഒരു 'സൂര്യമാനസം' സ്റ്റൈല്‍.

ഞാന്‍ കരയാന്‍ വെമ്പുന്ന മുഖത്തോടെ അങ്ങോരെ നോക്കി. അങ്ങോരാനെന്കില്‍ , ' പറക്കുതളിക' സിനിമയില്‍ ദിലീപ് 'താജ് മഹല്‍' പണിഞ്ഞു നില്ക്കുന്ന മാതിരി ഒരു ചിരിമായി നില്‍പ്പാണ്.
"ദൈവമേ ഇതുമായി എങ്ങനെ നാട്ടില്‍ പോയി മറ്റുല്ലോരുടെ മുഖത്ത് നോക്കും. "

എന്റെ കഴുത്ത് കാണിച്ചു "ആ കത്തി കഴുത്തില്‍ അങ്ങ് കുത്തിയിറക്കിയാട്ടെ " എന്ന് പറയാനാണ് എനിക്ക് തോന്നിയത്. കാശും കൊടുത്തു ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ട കണ്ണാടിയിലൊക്കെ ഒന്നു ട്രൈ ചെയ്തു. ഒരുരക്ഷയുമില്ല. എല്ലാം ഒരേ പോലെ. അപ്പോള്‍ കുഴപ്പം കണ്ണാടിക്കല്ല; എന്റെ മുടി തന്നെയന്നു ഉറപ്പായി. പിന്നെഒരൊറ്റ നടത്തം.'പോനാല്‍ പോകട്ടും പോടാ' . അല്ലാതെ Gulfgate-ഇല് പോയി മുടി പിടിപ്പിക്കാന്‍ പറ്റില്ലല്ലോ.

പിന്നെ ഒരു മാസം കഴിഞ്ഞപ്പോഴാണ് സംഗതി ഒന്നു നേരെ ആയതു. ഏതായാലും അതോടെ നമ്മള്‍ ആദ്യംപറഞ്ഞ 'വിട്ടുവീഴ്ച' ഞാന്‍ ചെയ്യാറില്ല.
നമ്മളെന്നാത്തിനാ വെറുതെ കണ്ണാടിയെ പേടിപ്പിക്കുന്നത്‌..

Wednesday, July 21, 2010

അപ്പു


അപ്പു ഇന്നലെയും വന്നിരുന്നു. അവനെക്കാള്‍  ഇരട്ടി വലുപ്പമുള്ള പലഹാര കോട്ടയും ചുമന്നു വരുന്നത് കാണുമ്പോഴേ മനസ്സ് നോവും. ഈ പത്തു വയസ്സിനുള്ളില്‍ ഇത്രയും വേദനയും അനുഭവങ്ങളും ഒരാള്‍ക്കും കാണില്ല. മനോനില തെറ്റിയ ഒരു സ്ത്രീയോടൊപ്പം റെയില്‍വേ സ്റെഷനില്‍ എത്തിയതാണ്. മകനാണെന്നോ ഒന്നും അറിയില്ല. അവനു നാക്കുറച്ച, ബുദ്ധി വച്ച കാലം മുതല്‍ക്കേ  അവന്‍ "അമ്മാ" എന്ന് വിളിക്കുന്നു. 

"അണ്ണാ, ഞാനോര്‍ത്തു അണ്ണന്‍ പോയെന്നു. ചായപീട്യെലെ സാമിയെട്ടന്‍   പറഞ്ഞു അണ്ണന് വേറെ ജോലി കിട്ടീന്നു. ശരിയാ ?"


ഞാന്‍ തലയാട്ടി. സാറേ എന്ന് വിളിക്കരുത് എന്ന് പറഞ്ഞതിന് ശേഷം അവന്‍ തന്നെ കണ്ടെത്തിയതാണ് അണ്ണന്‍ വിളി.

അവന്‍ എന്റെ നേര്‍ക്ക്‌ ഒരു പൊതി എടുത്തു നീട്ടി. 
"എന്താ ഇത് ?"
"സ്പെഷലാ, അണ്ണന്‍ വീട്ടിലേക്കു പോവ്വ്വല്ലേ, മിനിയേച്ചിക്കാ. എന്റെ അന്വേഷണം പറയണം"

അവനിത് വരെ കാണാത്ത അവന്റെ ചേച്ചിക്കുള്ള സമ്മാനം.
റെയില്‍വേ പ്ലാറ്റ്ഫോമിലെ ഇരുണ്ട മൂലയില്‍ വച്ചു മനോനില തെറ്റിയ ആ സ്ത്രീക്ക് "ആരോ"സമ്മാനിച്ച അവന്റെ അനിയത്തികൊച്ചു തണുപ്പ് പിടിച്ചു മരിച്ചു പോയപ്പോള്‍; കരഞ്ഞു കൊണ്ടിരുന്ന അവനെ സമാധാനിപ്പിക്കാന്‍ ഭാവനയില്‍ പറഞ്ഞ ഒരു കഥാപാത്രം. പിന്നെയെന്തോ സത്യം പറയാന്‍ തോന്നിയില്ല. മിനിയേച്ചിയും വിശേഷങ്ങളും അവനു സന്തോഷമാണെങ്കില്‍  എന്തിനു തിരുത്തണം എന്ന് തോന്നി. 

ഞാന്‍ പിന്നെയും കുറെ പലഹാരങ്ങള്‍ വാങ്ങി. 

"സാമിയെട്ടന്റെ കയ്യില്‍ അണ്ണന്റെ പുതിയ നമ്പര്‍ കൊടുക്കണം കേട്ടോ. ഞാന്‍ എപ്പോഴേലും വിളിക്കാം. "

കൂടുതല്‍ കൊടുത്ത കാശ് തിരികെതന്നെ തന്നു വെളുക്കെ ചിരിച്ചു അവന്‍ നടന്നു പോയി. 
"അച്ചപ്പം, അരിനുറുക്ക്, പപ്പടവടാ....."

ആ വിളി റോഡിലൂടെ അലിഞ്ഞുചേര്‍ന്ന് വാഹനങ്ങളുടെ ഇരമ്പലില്‍ കേള്‍ക്കാതായി.

Friday, July 02, 2010

കുറ്റിപെന്‍സില്‍


(പഴയൊരു പോസ്റ്റ്‌ ആണ്. കഴിഞ്ഞ ദിവസം പഴയ ചില കൂട്ടുകാരുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ ചില ഓര്‍മ്മകള്‍ തികട്ടി വന്നു.  ഒന്ന് കൂടി നന്നാക്കി പോസ്റ്റ്‌ ചെയ്യാം എന്ന് തോന്നി. വായിച്ചവര്‍ ക്ഷമിക്കുക.)
 

ഞാനത് കണ്ടത് മേശവലിപ്പിലായിരുന്നു,
പാര്‍ക്കര്‍ പേനയുടെ കറുത്ത പെട്ടിയുടെ അരികില്‍
നാലാം ക്ലാസ്സിലെ ഓര്‍മ്മകള്‍ അയവിറക്കി
കണ്ണും പൂട്ടി ഇരിക്കുന്നു.

ആയ കാലത്ത് ചില്ലറക്കാരനായിരുന്നില്ല;
നീളത്തില്‍ കറുപ്പും ചെമപ്പും വരകളുള്ള,
അറ്റത്തൊരു മായ്ക്ക് റബ്ബറിന്റെ തൊപ്പി വച്ചു
"ഗള്‍ഫ്" പത്രാസ്സു കാട്ടിയവന്‍

വാപ്പയുടെ പത്രാസ്സു കാട്ടാന്‍
സുബൈദ തന്നതായിരുന്നു അത്.
നാല് മഷിതണ്ടുകള്‍ പകരം കൊടുത്തു
ഞാനപ്പോഴേ കടം വീട്ടി കേട്ടോ.

ഇളയമ്മാവന്റെ പേനക്കത്തി കൊണ്ടു
വിരല് മുറിയാതെ അറ്റം കൂര്‍പ്പിച്ചു,
പുസ്തകകൂട്ടത്തിനിടയില്‍ ഏട്ടന്റെ
പഴയ ജ്യോമട്രി ബോക്സ്സിലായിരുന്നു അത്.

നാലാം ക്ലാസ്സില്‍, നാല് വര കോപ്പി എഴുതാന്‍
രാമചന്ദ്രന്‍ മാഷ് പറഞ്ഞപ്പോള്‍
എബിസിഡിയുടെ വളവുകളും മൂലകളും
നാലുവരയില്‍ കവിയാതെ കുറിച്ചിട്ടതാണ്.

'തറ' യും 'പന' യും കൂട്ട് പിടിച്ചത്
സീ-എ-ടി ക്യാറ്റ് -നെയും ആര്‍-എ-ടി റാറ്റ്-നെയും.
കൂട്ടിയെഴുതാന്‍ പഠിച്ചപ്പോള്‍
ആദ്യം തോന്നിയ പേരു സുബൈദ എന്നായിരുന്നോ ?

സുബൈദയെയും എന്നെയും ചേര്‍ത്ത്
മതിലില്‍ എഴുതിയവനെ കുത്താന്‍
ഇതിനെക്കാള്‍ നല്ലോരായുധം എനിക്ക് കിട്ടിയില്ല;
അവനെഴുതിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും.

നാലാം ക്ലാസ്സ് തീരും മുന്പേ പെന്‍സിലും
വെള്ളിതിളക്കമുള്ള പേരിന്റെ
മുക്കാല്‍ ഭാഗവും പേനക്കത്തി തിന്നുതീര്‍ത്തു
ഒപ്പം മായ്ക്ക് റബ്ബറിന്റെ തൊപ്പിയും.

സുബൈദ വീണ്ടും പെന്‍സിലും പേനയും
തന്നു; പകരം കൊടുക്കാന്‍ മഷിതണ്ടുകള്‍ ഉണ്ടായിരുന്നില്ല.
കുറ്റിപെന്‍സില്‍ അച്ഛന്റെ മേശവലിപ്പില്‍
കൂടു മാറിയ കാര്യം ഞാനറിഞ്ഞതുമില്ല.

പാര്‍ക്കര്‍ പേനയെടുത്ത് കീശയില്‍ തിരുകി
"ഇങ്ങള് എബ്ടായിരുന്നു ?"
വരാന്തയില്‍ ഇളയ കുഞ്ഞിനെയും ഒക്കത്ത് വച്ചു
സുബൈദ നില്‍പ്പുണ്ടായിരുന്നു.

Wednesday, June 30, 2010

പോണ്ടിച്ചേരി ബ്രതെര്‍സ്


നാട്ടിലെ ക്ലബ്ബിന്റെ വാര്‍ഷികാഘോഷം; കായിക മത്സരങ്ങള്‍ നടക്കുന്ന മൈതാനമാണ് വേദി. 
പഞ്ചായത്ത് മെമ്പര്‍ ഷോട്ട് പുട്ട് "വലിച്ചെറിഞ്ഞു" പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. മൈക്ക് കയ്യില്‍ കിട്ടാത്തത് കൊണ്ടാണോ അതോ ഇതൊന്നും തനിക്കു പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണോ എന്തോ, മെമ്പര്‍ അപ്പോഴേ സ്ഥലം കാലിയാക്കി. 

കാഴ്ചക്കാരായി നാട്ടിലെ മൊത്തം ആള്‍ക്കാരും എത്തീട്ടുണ്ടായിരുന്നു; സീരിയല്‍ കണ്ടു മൂക്ക് ചീറ്റിക്കൊണ്ടിരുന്ന പെണ്ണുങ്ങളൊഴിച്ച്. മുണ്ടും രണ്ടാംമുണ്ടും ഇട്ട അപ്പാപ്പന്മാര്‍, ഏറ്റോം പുതിയ ഉടുപ്പും ഇട്ടോണ്ട് പിള്ളേര്‍സെറ്റ്, മലയാളിയുടെ ദേശീയവസ്ത്രമായ മാക്സിയും (ഹൌസ് ഗൌണ്‍) ഇട്ടോണ്ട് നില്‍ക്കുന്ന ചേച്ചിമാര്‍ etc.. ചെറുമീശപയ്യന്‍സ് കാവിമുണ്ടും ഒറ്റകളര്‍ ഷര്‍ട്ടും നെറ്റിയേലൊരു ചുവപ്പന്‍ കുറിയും തൊട്ടു BJP/RSS സ്റ്റൈലില്‍, മൈതാനത്  കാഴ്ച കാണിക്കാന്‍ വന്ന ചെല്ലക്കിളികളെ നോക്കി കണ്ണും കരളും പിന്നെ വേറെയെന്തോക്കെയോ കൈ മാറുന്നുണ്ടായിരുന്നു. 

നാട്ടില്‍ ഒന്ന് നന്നായി -നേരെ പറഞ്ഞാല്‍ പെമ്പിള്ളാരുടെ ഇടയില്‍ - കസര്‍ത്ത് കാണിക്കാനുള്ള വേദിയായിരുന്നു ക്ലബ്ബിന്റെ വാര്‍ഷികം. എല്ലാ പരിപാടികള്‍ക്കും   ഓള്‍- ഇന്‍  -ഓള്‍ ആയി ഓടി നടക്കുക; കസേരകളിക്കുള്ള കസേരകള്‍,  കുപ്പിയില്‍ വെള്ളം നിറക്കാനുള്ള കുപ്പികള്‍, ബക്കറ്റ് മുതലായ സാധന സാമഗ്രികള്‍ അടുത്തുള്ള വീടുകളില്‍ നിന്നും സംഘടിപ്പിക്കുക, (പൊട്ടിപോകുന്ന ബക്കറ്റുകള്‍, കസേരകള്‍ എന്നിവയൊക്കെ തിരികെ കൊടുക്കാന്‍ അവസാനം നമ്മള് തന്നെ പോകേണ്ടി വരുമല്ലോ എന്ന ചിന്തകളൊന്നും അപ്പോള്‍ വരില്ല ), അനൌന്‍സ്മെന്റ് നടത്തുന്ന മൈക്ക് സിസ്ടത്തില്‍ കയറി ചുമ്മാ മാസ്റ്റര്‍ വോളിയം കൂട്ടീം കുറച്ചും നമ്മളുടെ ഇലക്ട്രോണിക്സ്  ജ്ഞാനം പ്രദര്‍ശിപ്പിക്കുക തുടങ്ങി എന്ത് കോപ്രായം കാട്ടാനും -തറയാവാതെ- നമ്മള്‍ ശ്രമിക്കും. 


ഇതില്‍ ഏറ്റോം വാശിയേറിയതും രസകരവുമായ മത്സരമായിരുന്നു കമ്പവലി മത്സരം (അഥവാ വടംവലി). അടിപിടിയിലല്ലാതെ ഇതുവരെ ഈ മത്സരം അവസാനിച്ചിട്ടില്ല എന്നത് ചരിത്രം. എന്തോ, ചരിത്രം മാറ്റിക്കുറിക്കാന്‍  നാട്ടുകാര്‍ക്കൊട്ടിഷ്ടമല്ല താനും. നാട്ടിലെ ഏതെങ്കിലും കിണറു പണിക്കാരുടെ കയ്യില്‍ നിന്നും വലിയ കമ്പക്കയര്‍ (വടം) വാങ്ങി മൈതാനത്തിന്റെ സൈഡില്‍ പ്രദര്‍ശിപ്പിക്കും, ക്രിക്കറ്റ്‌ സ്ടെഡിയത്തിന്റെ  സൈഡില്‍ മാന്‍ ഓഫ് ദി  മാച്ചിനു കൊടുക്കാന്‍ വച്ച ഹോണ്ട സിറ്റി കാര്‍ പോലെ. പെണ്ണുങ്ങളുടെ  മത്സരത്തിനു ആള് കുറഞ്ഞാല്‍, ഓള്‍-ഇന്‍-ഓള്‍ ആയി നടക്കുന്ന ഏതെങ്കിലും ഒരമ്മാവന്‍ (ഏയ് , ചെറൂപ്പക്കാരല്ല. നമ്മള്‍ ഡിസന്റ് ആണേ) കാഴ്ചക്കാരായ പെണ്ണുങ്ങളുടെ ഇടയില്‍ നിന്നും ബാക്കി ടീം മെമ്പേര്സിനെ  കണ്ടെത്തും.
"സുമത്യെ, രാധേ, ഇങ്ങോട്ട് വന്നെ. ചുമ്മാ വലിച്ചാ  മതീന്നെ. എന്റെ വിലസിനിചെച്ചീ  ഇങ്ങളും കൂടി ഇങ്ങു വാ. ശരി രണ്ടു പേര്‍ അപ്പുറത്തേക്ക് പൊ. ഇങ്ങള്‍ ഈ ടീമില്‍ നിന്നോ. രമേശാ, ആള് മതിയോ ..?
ഇതാണ് സ്ഥിതി. എന്നാലും ഈ കാര്യത്തില്‍ ഇത്രേം സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ കാട്ടാന്‍ നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ക്കെ കഴിയൂ. 


പക്ഷെ ആണുങ്ങളുടെ മത്സരം വരുമ്പോള്‍ കളി മാറും. ഞങ്ങളൊക്കെ സ്ഥിരം ഒരു കുട്ടിടീമുണ്ടാക്കി വച്ചിട്ടുണ്ടാവും. അര്‍ജെന്റീനയും  ബ്രസീലും  ജെര്‍മനിയും വലിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കും കാണില്ലേ  ഒന്ന് വലിച്ചു നോക്കാന്‍ മോഹം. അതാണ്‌ ഞങ്ങളുടെ കുട്ടി ടീം. ആരോടൊക്കെ തോറ്റാലും, ഞങ്ങള്‍ സ്ഥിരമായി ജയിക്കുന്ന ഒരേ ഒരു ടീമാണ് "പോണ്ടിച്ചേരി ബ്രതെര്‍സ്". പേര് കേട്ടു നോക്കണ്ട. പോണ്ടിചെരിക്കാരല്ല.പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്നും "ആവേശം" ഉള്‍ക്കൊണ്ടു മത്സരത്തിനു വരുന്ന നാട്ടിലെ അറിയപ്പെടുന്ന "സോമരസ പാനീയന്മാര്‍ ". ഇവരോടും തോറ്റാല്‍  പിന്നെ മോഹന്‍ലാല്‍ ജഗതിയോട് പറയുന്ന പോലെ "ഇനി ജയിക്കാന്‍ വേറെ ടീമൊന്നുമില്ല" എന്ന അവസ്ഥയാകും.


അങ്ങനെ "പോണ്ടിച്ചേരി ബ്രതെര്‍സ്" x "അമ്പലമുക്ക്‌ ബോയ്സ് " മത്സരം രണ്ടാം മൂന്നാം സെറ്റ്. ഒന്നും രണ്ടും സെറ്റുകള്‍ "വന്‍വലികള്‍" കാരണം അടിവലിഞ്ഞു പോയി തോറ്റിരിക്കുകയാണ് "പോണ്ടിച്ചേരി ബ്രതെര്‍സ്". മൂന്നാമത്തെ സെറ്റില്‍ ആവേശകരമായി - ആവേശം ഒണ്‍ലി ഫോര്‍ പോണ്ടിച്ചേരി ബ്രതെര്‍സ്, കാരണം നാട്ടുകാര്‍ ഇത് തീര്‍ന്നിട്ട് വേണം അടുത്ത തുടങ്ങാന്‍ എന്ന മട്ടില്‍ കാത്ത് നില്‍ക്കുകയാണ് -വലി നടന്നോണ്ടിരിക്കുന്നു. പെട്ടെന്നാണത്  സംഭവിച്ചത്.  പോണ്ടിച്ചേരി ബ്രതെര്‍സ് ടീമിലെ മോഹനേട്ടന്‍  ഇടത്തെ നെഞ്ഞും പൊത്തിപിടിച്ച്‌ താഴേക്ക്‌ കൈകുത്തി ഇരിക്കുന്നു. 
"എന്ത് പറ്റി മോഹനേട്ടാ? , എണീറ്റ്‌ വലിക്കു." ടീം മെംബേര്‍സ് വിളിച്ചു പറഞ്ഞു. 
മോഹനേട്ടന്‍ കേട്ട മട്ടില്ല.
ആള്‍ക്കാര്‍ ഒന്ന് പേടിച്ചു. ഇടത്തെ നെഞ്ഞും പൊത്തിയുള്ള ആ ഇരിപ്പ് ഒരു വശക്കേടാണോ ? എല്ലാ സെറ്റും തോറ്റ വിഷമം കൊണ്ട് വല്ല ഹാര്‍ട്ട് അറ്റാ... ഓ ചിന്തകളെ എന്തിനാ വെറുതെ ഫോറെസ്റ്റ് കയറ്റുന്നത്. ആള്‍കാര്‍ ഓടികൂടി. വലിക്കുന്നോര്‍ വിടണോ അതോ വലിക്കണോ എന്നറിയാതെ നിന്നു.
മോഹനേട്ടനെ രണ്ടു പേര്‍ പിടിചെഴുന്നെല്‍പ്പിച്ചു.
"വിടെടാ ?"
"എണീക്ക് ചേട്ടാ"
"വിടെടാ കയീന്നു, എന്റെ രണ്ടു രൂപ കോയിന്‍ താഴെ പോയി. ഒരുത്തനും അങ്ങനെ അതിപ്പം എടുക്കാന്‍ നോക്കണ്ട."
പോണ്ടിച്ചേരി ബ്രതെര്‍സ്-ന്റെ ബാക്കി മത്സരം മോഹനേട്ടന്റെ മൈതാനത്തായിരുന്നു. ഇടയ്ക്കു ചില നാട്ടുകാരും ആ "മൈതാനത്തേക്ക്‌ "ഒന്ന് കാല്‍ വെക്കാതിരുന്നില്ല.

Saturday, June 26, 2010

വിദ്യാധരന് പോറ്റിയുടെ ദര്‍ശനം


നാട്ടിലെ one and only  ഗുണ്ടയായിരുന്നു (അല്ലെങ്കില്‍ അങ്ങനെ കരുതി പോന്നിരുന്നു) വിദ്യാധരന്‍ ചേട്ടന്‍. സ്വന്തം പേരിലെ "വിദ്യ" അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതിയാവണം മൂന്നാം ക്ലാസ്സില്‍ വച്ചു തന്നെ ചേട്ടന്‍ വിദ്യാലയത്തോട്‌ വിട പറഞ്ഞു. എന്തായാലും ആ പേരിട്ടതാരായാലും അവനെ ഒന്ന് കാണാന്‍ നാട്ടുകാരെന്നും ആഗ്രഹിച്ചിരുന്നു.  വെറുതെ, ഒന്ന് കണ്ടിരിക്കാമല്ലോ എന്നല്ല ആ ആഗ്രഹത്തിന് പിന്നില്‍ എന്നറിയാവുന്നതു കൊണ്ട് ആ "name provider" ആരെന്നു ഇത് വരെ സുഗുണന്‍ ചേട്ടനോ കൊച്ചമ്മിണി ചേച്ചിയോ വെളിപ്പെടുത്തിയിട്ടില്ല.


ചെറിയൊരു ഫ്ലാഷ് ബാക്ക്:
"വിദ്യാ-അഭ്യാസം" നിര്‍ത്തിയതിനു ശേഷം അമ്പലപ്പറമ്പിലെയും അടുത്തുള്ള പറമ്പുകളിലെയും കശുവണ്ടി കച്ചവടം അങ്ങോര് മൊത്തമായി തന്നെ ഏറ്റെടുത്തു; തന്റെ "ആദ്യവേട്ട" ഉദ്ഘാടനം  ചെയ്തു. പിന്നീട് നാട്ടില്‍ നടക്കുന്ന കയ്യാങ്കളി, വാക്കേറ്റം, കത്തിക്കുത്ത്  തുടങ്ങി എല്ലാ വിധ കലാപരിപാടികള്‍ക്കും ചേട്ടന്‍ പങ്കെടുത്തു പോന്നു. സംഭവം ആള് മധ്യസ്ഥം പറയാന്‍ പോയാലും ഒന്നാം പ്രതിയാകുന്ന അവസ്ഥയായി. കാരണം മറ്റൊന്നുമല്ല; കയ്യിലിരിപ്പ് തന്നെ. 


തടിക്കു പണിക്കു കിട്ടാന്‍ തുടങ്ങിയതോടെ സ്വയരക്ഷക്കായി  ഒതയോത്ത്  ചന്ദ്രന്‍ ഗുരുക്കളുടെ കളരിയിലേക്ക് വിദ്യാധരന്‍ ചേട്ടനും (ആ പേര് പറയുമ്പോള്‍ എന്നെ തല്ലരുത് ) കച്ച കെട്ടി ഇറങ്ങി. അടിതടവുകളൊന്നും ശരീരത്തിന് വഴങ്ങിയില്ലെങ്കിലും ഇടതു മാറാനും വലതു ഞെരിഞ്ഞമാരാനും ഓടി രക്ഷപ്പെടാനുമൊക്കെ നമ്മടെ ചേട്ടനും പഠിച്ചു.  ചേട്ടന്റെ ശരീരം എന്തോ ചേട്ടന്റത്രയും പക്വത കാണിക്കാന്‍ വല്ലാതെ മടി കാണിച്ചു. താടി മീശ രോമങ്ങളാണേല്‍  കയ്യിലേം കാലിലേം വിരലില്‍ എണ്ണാവുന്നതില്‍ കൂടുതല്‍ വളര്‍ന്നുമില്ല. ഏതോ ഒരു സിനിമ കണ്ടതിനു ശേഷം ഒരു പാക്ക് വെട്ടി കത്തിയുമായി നടക്കാനും തുടങ്ങി. അതും കൊണ്ട്  പശു നക്കിയ പോലെയുള്ള മീശയും ചൊറിഞ്ഞാണ്  നടപ്പ്. കക്ഷത്തില്‍ രണ്ടും ആപ്പിള്‍ കയറ്റി വച്ചത് പോലെ മസ്സില് പിടിച്ചാണ് വരവ്. പക്ഷെ ആപ്പിള് പോയിട്ട് ഒരു മുന്തിരി വച്ച മസ്സില് പോലും ഞങ്ങളാരും ഇത് വരെ കണ്ടിട്ടില്ല.

കരിയര്‍ ഗ്രാഫ്  നോക്കുകാണേല്‍ അങ്ങോര് ഒരു ഫയങ്കര മീന്‍പിടുത്തക്കാരനായിരുന്നു. അടുത്തുള്ള കലുങ്കില്‍ രാവിലെ ഒരു വലേം ഇട്ടു അങ്ങോര് പോകും. പിന്നെ അടീം തടേം ഇടിയും ഒക്കെ കൊണ്ട് "ശാരീരികാദ്ധ്വാനം" കഴിഞ്ഞതിനു ശേഷം വൈകുന്നേരം വന്നു വല വലിക്കും. അപ്പോഴേക്കും വരാലും  ചൂരിയും പുള്ളിമീനുമൊക്കെ വലയില്‍ കയറി വുവുസലയും പാടി സാംബ ഡാന്‍സും കഴിഞ്ഞു "ദേ, വിദ്യേട്ടന്‍ വരാറായി, ഇനി പോകാം" എന്നും പറഞ്ഞു സ്ഥലം വിട്ടു കാണും. പേരിനു ഒരു നെറ്റിപ്പൊട്ടന്‍ പോലും കനിവ് കാട്ടില്ല. പിന്നെ ആകെയുള്ള വരുമാനം പുഴക്കരയിലെ മണല്‍ലോറിയില്‍  അപ്പ്‌ലോഡിംഗ്  വഴിയാണ് .

നാട്ടില്‍ വേറാരും ഇത്തരം ഒരു പോസ്റ്റിനു അപ്ലൈ ചെയ്യാന്‍ പോലും ഇല്ലായിരുന്നതിനാലും ഉണ്ടെങ്കില്‍ തന്നെ വിദ്യേട്ടന്റെ പെര്‍ഫോര്‍മന്‍സ് വളരെ മികച്ചതായിരുന്നത് കൊണ്ടും സ്ഥലത്തെ ആസ്ഥാന ചട്ടമ്പിയായി ചേട്ടന്‍ തന്നെ സ്വയം അവരോധിതനായി. എസ്എംഎസ് -നായി കാത്ത് നില്‍ക്കാന്‍ വേറാരും ഉണ്ടായിരുന്നുമില്ല. 
ഓക്കേ, ഫ്ലാഷ് ബാക്ക്  തീര്‍ന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. 

അമ്പലത്തിലെ കഴിഞ്ഞ ആണ്ട് ഉത്സവത്തിനാണ്  നാട്ടിലെ ആസ്ഥാനചട്ടമ്പി സ്ഥാനം രാജിവെക്കാന്‍ വിദ്യേട്ടനെ പ്രേരിപ്പിച്ചആ മഹാദുരന്തം നടക്കുന്നത്. വിദ്യേട്ടന്റെ മാസ്റ്റര്‍പീസ് ഇനങ്ങളായ അടി-തട, വെട്ടു, തല്ലു (എല്ലാം കൊള്ളുന്ന കാര്യത്തിലാണ് പെര്‍ഫോര്‍മന്‍സ്) എന്നിവ പെര്‍ഫോം ചെയ്യാനും, ഉത്സവത്തിന്‌ വരുന്ന പെണ്ണുങ്ങളുടെ മുന്നില്‍ ഇത്തരം പരിപാടികളുമായി അര്‍മാദിക്കാനും പറ്റിയ ഒരു ചാന്‍സ്.  രണ്ടു ദിവസം മുന്നേ തന്നെ തലശ്ശേരി ടൌണില്‍ പോയി  ഉടുക്കാന്‍ നല്ല കിടിലനൊരു മുണ്ടും, ജൂബ്ബയും ഉള്ളിലിടാന്‍ ചുവപ്പ് വരയുള്ള ഒരു നീളന്‍ ട്രൌസറും വാങ്ങി വച്ചു. പക്ഷെ എല്ലാം ഉടുത്തു വരുമ്പോഴേക്കും ആ ചട്ടമ്പിത്തരം താനേ വെളിയില്‍ വരും. ജൂബ്ബയും സില്‍ക്‌ മുണ്ടും ഉടുത്ത് നിന്നാലും ചട്ടമ്പിമാരുടെ ഡ്രസ്സ്‌ കോഡായ ആ മടക്കിക്കുത്ത്  വഴി അടിയിലുള്ള ചുവപ്പ് വരയന്‍ ട്രൌസറിനെ മൊത്തമായും നാട്ടുകാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കും. എന്തോ അന്നൊരു ദിവസം മാത്രം ആ തുരുമ്പിച്ച കത്തി അങ്ങോര് കൂടെ കരുതാറില്ല. 

രാത്രി ലങ്കാദഹനം ബാലെ കാണാന്‍ വേണ്ടി ഒരുങ്ങുന്നതിനിടക്കാണ്  ബാലെ തുടങ്ങാന്‍ പോകുന്നതിനു മുന്നോടിയായുള്ള പാട്ട് വിദ്യേട്ടന്റെ കാതില്‍ പതിച്ചത്. പിന്നെ മുണ്ടും മടക്കികുത്തി ഒരൊറ്റ പാച്ചിലായിരുന്നു. കാരണം, ബാലെ തുടങ്ങിക്കഴിഞ്ഞാല്‍ ലലനാ മണികളില്‍ ഒന്നും പോലും നമ്മളെ മൈന്‍ഡ് ചെയ്യില്ലെന്ന്  അങ്ങോര്‍ക്ക് നന്നായിട്ടറിയാം (അല്ലേലും വലുതായി മൈന്‍ഡ് ചെയ്യാറില്ല). നേരെ വഴി പോയാല്‍ അവിടെഎത്തുമ്പോഴേക്കും പരിപാടി തുടങ്ങും. അത് കൊണ്ട് കിണറ്റില്‍ വീണു മരിച്ച ശാന്തിക്കാരന്‍ പോറ്റിയുടെ പറമ്പിലൂടെ നേരെ ഡസ്ക് ടോപിലേക്ക് സോറി, മൈതാനത്തേക്ക്‌ ഷോര്‍ട്ട്കട്ട്‌ അടിക്കാം. പോറ്റിയുടെ പറമ്പിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ ഒരു പേടി--അല്ല, അത് പോലൊന്ന് ചേട്ടനെ പിടികൂടിയിരുന്നു. ഓ, നമ്മളെത്ര തവണ ഇതിലൂടെ പോയതാണേ.. വിദ്യേട്ടന്‍ സ്വയം മനസ്സിനെ സമാധാനിപ്പിച്ചു. പോറ്റി വീണ കിണറ്റിനരികിലെത്തിയതും അവിടെക്കൊന്നു നോക്കാന്‍ വിദ്യേട്ടനെ ആരോ പ്രേരിപ്പിച്ചു. കിണറ്റിനപ്പുറത്തെ ഇരുട്ടില്‍ ചില വെളിച്ചങ്ങള്‍ കത്തിക്കെടുന്നതായി ചേട്ടന് തോന്നി.ഒരു ചുവന്ന മിന്നാമിനുങ്ങ്  രണ്ടാകുന്നു. ചുവന്ന വരയന്‍ ട്രൌസര്‍ മുറുക്കിയുടുത്തിട്ടും വിദ്യേട്ടന്റെ ധൈര്യം ചോരാന്‍ തുടങ്ങി. 
"ആരാഹ് ..അത്  ???" 
വിദ്യേട്ടന്‍ മുക്കിമുക്കി ചോദിച്ചു.
ചുവന്ന മിന്നാമിനുങ്ങ് ഒന്ന് ചുറ്റിത്തിരിഞ്ഞു, പതുക്കെ താഴേക്ക് പോയി, കാണാതായി. 
വിദ്യേട്ടന്റെ ധൈര്യചോര്‍ച്ച കൂടി. 
"ആരാന്നാ ചോദിച്ചേ ?"
"വിദ്യാധരനാണോടാ ?" മിന്നാമിനുങ്ങു വെളിച്ചം  ചോദിച്ചു.
എന്റമ്മോ, അത് പോറ്റിയുടെ ഒച്ചയാണല്ലോ ? ചതിച്ചോ ? അല്ലെങ്കിലെ ആഗ്രഹങ്ങളൊന്നും തീരാതെയാ പോറ്റി കിണറ്റില്‍ വീണു ചത്തത്. 
"വിദ്യാധരാ, ഡാ ഇങ്ങോട്ട് വന്നെ "
"ഇല്ലെടാ പന്നീ, കൊന്നാലും എന്നെ കിട്ടില്ലാ, നിനക്കെന്റെ ചോര ഊറ്റികുടിക്കാനല്ലേ; തരില്ലെടാ ഞാന്‍.."
ഇത് പറയുമ്പോഴേക്കും വിദ്യേട്ടന്‍ എസ്കേപ് മാരത്തോണ്‍ ഓട്ടത്തിന്റെ 2 ലാപ്‌ പിന്നിട്ടിരുന്നു.
ഇരുട്ടില്‍ ഉത്സവത്തിന്‌ ലഹരി പിടിപ്പിക്കുകയായിരുന്ന, പോറ്റിയുടെ അയല്‍വക്കത്തെ രാജന്‍ചേട്ടനും  മണിചേട്ടനും, വിദ്യേട്ടന്റെ നിലവിളി കേട്ടു നേരം വൈകി നിയമസഭയില്‍ എത്തിയ എംഎല്‍എമാരെപോലെ  പോലെ മിഴുങ്ങസ്യ നിന്നു. രണ്ടു പേരും ഓരോ  ബീഡിക്ക് തീ പിടിപ്പിക്കുമ്പോഴേക്കും ഇത്രയും  സംഭവങ്ങള്‍ നടന്നു. 
ഇനി വിദ്യേട്ടന്റെ കാര്യമോ ? മാരത്തോണ്‍ ഓട്ടത്തിന്റെ ഫിനിഷിംഗ് പൊയന്റായി വിദ്യേട്ടന്‍ സെലക്ട്‌  ചെയ്തത് ബാലെ നടക്കുന്ന മൈതാനമായിരുന്നു. ബാലെ കാണാന്‍ വന്നവര്‍ക്ക് മുന്‍പില്‍ കാബറെ ഡാന്‍സിന്റെ വേഷവുമായി -ചുവപ്പ് വരയന്‍ ട്രൌസറുമായി- നിലവിളിച്ചുകൊണ്ട് ഓടി വന്ന വിദ്യേട്ടനെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു നിര്‍ത്തി.
"എന്താ , എന്ത് പറ്റി ?"
"പോറ്റി, പോറ്റി .."
കിതപ്പിനിടയില്‍ വിദ്യേട്ടന്‍ ആകെ രണ്ടു വാക്കേ പറഞ്ഞുള്ളൂ. പിന്നെ നാട്ടുകാര്‍ തോന്നിയ പോലെ തിരക്കഥയും സംഭാഷണവുമൊക്കെ റെഡിയാക്കി സംഭവം റിലീസ് ചെയ്തു.  
-വിദ്യേട്ടന്  പോറ്റി ദര്‍ശനം കൊടുത്തത്രേ-

സംഭവസ്ഥലത്തെ കുറ്റിപടര്‍പ്പില്‍ നിന്നും  നിന്നും വിദ്യേട്ടന്റെ പുതിയ മുണ്ട് കളഞ്ഞുകിട്ടി. അല്ലേലും 135 ഉറുപ്പികേന്റെ  മുണ്ടിനെക്കാള്‍  വലുതല്ലേ ജീവന്‍. 
സംഭവത്തിന്റെ ആന്റി-ക്ലൈമാക്സ് എന്താന്ന് വച്ചാല്‍ നേരത്തെ പറഞ്ഞത് തന്നെ; ആസ്ഥാനചട്ടമ്പി സ്ഥാനം അങ്ങോര് ഉപേക്ഷിച്ചു. ഇപ്പൊ അമ്പലത്തില്‍ ശാന്തിക്ക് നില്‍ക്കുന്ന പുതിയ പോറ്റിയെ സഹായിക്കുകയാണ് പ്രധാന പണി.
ചോദിക്കുന്നവരോട് വിദ്യേട്ടന്റെ മറുപടി 
"മുജ്ജന്മപാപം തീര്‍ക്കാന്‍ ഇനി ദൈവസന്നിധിയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ തന്നെ തീരുമാനിച്ചു."

രാജന്‍ചേട്ടനും  മണിചേട്ടനും ഇതിനിടെ മറ്റൊരു പണി കൂടി വിദ്യെട്ടന് കൊടുത്തു. പോറ്റീടെ ആത്മാവിനെ തൃപ്തിപ്പെടുത്താന്‍ എല്ലാ വെള്ളിയാഴ്ചയും ആ കിണറ്റിന്റെ കരയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്താനും ഓരോ കോഴിയെ കുരുതി കൊടുക്കാനും നിര്‍ദ്ദേശിച്ചു. ബ്രാഹ്മണനായ പോറ്റിക്കെന്തിന്നാ കോഴി എന്ന് വിദ്യേട്ടന്‍ ചോദിച്ചില്ല. പോറ്റിയുടെ ആത്മാവിനെ തൃപ്തിപ്പെടുത്തേണ്ടത്  വിദ്യെട്ടന്റെയും ആവശ്യമായിരുന്നു. 

ബ്ലോഗ്‌ കഷണം : കഥയില്‍ ഒരു ഒന്ന് ഒന്നൊര ശതമാനം സത്യവും ബാക്കി ഞാന്‍ കയ്യീന്ന് ഇട്ടതുമാണ്.

Wednesday, June 16, 2010

കൊതുകുതിരി

കൊതുകുതിരി കമ്പനിയുടെ അധികൃതരെ സ്വാധീനിച്ച കൊതുകുകള്‍, കൊതുകുതിരിയുടെ വീര്യം കുറച്ചു നിര്‍മ്മിക്കാന്‍ വേണ്ടി കോഴ കൊടുത്തു. നമുക്കാവാമെങ്കില്‍ അവര്‍ക്കുമാകാം കോഴകളി. 


എന്റെ ചോര കുടിക്കില്ലെന്ന കരാര്‍ അവര്‍ ലംഘിച്ചതിനാല്‍ ഞാന്‍ കൊതുകുതിരി കത്തിച്ചു വച്ചു; അവരെ കൊന്നു. പക്ഷെ അവന്റെ പിന്‍ഗാമികള്‍ പൂര്‍വ്വപ്രതികാരം ഇന്നും എന്നോട് വച്ചുപുലര്‍ത്തുന്നു. ശരിക്കും അവര്‍ മനുഷ്യനെ പഠിച്ചു; മനുഷ്യന്റെ (ദു:)സ്വഭാവങ്ങളും.


ഇന്ന് ഞാന്‍ കൊതുകുതിരി ഉപയോഗിക്കാറില്ല. "കൊതുകുകള്‍ക്ക് വേണ്ടി" കമ്പനിക്കാരുണ്ടാക്കുന്ന തിരികള്‍ക്ക് ഞാനെന്തിനു പണം മുടക്കണം!

Tuesday, June 08, 2010

മൂന്നാമനെ കാത്തിരിക്കരുത്.


(16th July 2006) 

മുറിഞ്ഞു വീണ ഹൃദയം തുന്നിചേര്‍ക്കാന്‍
കരിഞ്ഞു പോയ മനസ്സിനെ വീണ്ടെടുക്കാന്‍ 
കടലിന്റെ അടുക്കല്‍ ചെന്നു.


വിശറി വീശി, കാലുകള്‍ കഴുകിതന്നു,
തിരകളെ കൊണ്ട് സംഗീതം പെയ്യിച്ചു,
കടലെന്നെ സ്വീകരിച്ചു.


രോഗവിവരം തിരക്കി, കണ്ണില്‍ നോക്കി,
ചിരിച്ചുകൊണ്ട് പറഞ്ഞു:
"രണ്ടു പാത്രത്തില്‍ നിന്നുണ്ണരുത് ;
മൂന്നാമനെ കാത്തിരിക്കരുത്."

Sunday, May 23, 2010

കാത്തിരുപ്പ്


"ഇന്നിപ്പോ ഞായറാഴ്ചയായി. ശനിയാഴ്ച അവിടുന്ന് തിരിച്ചാല്‍ തന്നെ ഇന്നെത്തേണ്ടതല്ലേ "
ബാലന്മാഷ് സ്വയം പറഞ്ഞു.
"ഇന്നലെ ഉച്ചക്ക് എത്തുമെന്നല്ലേ  അരുന്ധതീ പറഞ്ഞത് ?" മാഷ്‌ ഭാര്യയോടു വിളിച്ചു ചോദിച്ചു. 
അടുക്കളയില്‍ നിന്നും ചേലതുമ്പില്‍ കൈതുടച്ച് കൊണ്ട് അരുന്ധതിടീച്ചര്‍ പുറത്തേക്കു വന്നു.
"അങ്ങനെ പറഞ്ഞതായാണ് ഞാനും ഓര്‍ക്കുന്നത് മാഷെ. "
"ഇനീപ്പോ ഫ്ലൈറ്റ് എങ്ങാനും ഒന്ന് വൈകുവാണേല്‍ വിനുവിനൊന്നു വിളിച്ചു പറഞ്ഞു കൂടെ. ഇവിടെ ബാക്കിയുള്ളവര്‍ തീ തിന്നുകയാണെന്ന വിചാരം അവനു വേണ്ടേ."


"എന്താ മാഷെ, വിനു ഇനിയും എത്തീട്ടില്ല ?" - ഷാരത്തെ പണിക്കര് ചേട്ടനാണ്. 
"ഇല്ലാന്നേ. ഇതിപ്പോ ഞായറാഴ്ച തീരാറായി. ഒന്ന് വിളിച്ചു നോക്കാന്നു വച്ചാല്‍, ആ ഫോണ്‍ ആരും എടുകുന്നുല്ല്യ . മറന്നു വച്ചോ എന്തോ ?"
"ശരി, അവന്‍ വന്നാല്‍ അത്രടം വരെ ഒന്ന് വരാന്‍ പറയണം. സാവിത്രി ഇന്ന് രാവിലേം തിരക്കിയിരുന്നു വിനു എത്തിയോന്നു."

നാട്ടിലെ സ്കൂളില്‍ നിന്നും ഹെഡ് മാഷായി വിരമിച്ചതാണ് ബാലന്‍ മാഷ് . ഭാര്യ അധ്യാപികയല്ലെങ്കിലും മാഷിനോടുള്ള ബഹുമാനം കാരണം ആളുകള്‍ "ടീച്ചര്‍" പദവി നല്‍കിയതാണ്. ഒരേയൊരു മകനാണ് വിനു.  എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബൈയില്‍ ജോലി കിട്ടിയപ്പോള്‍ മാഷും ടീച്ചറും മനസ്സില്ലാ മനസ്സോടെയാണ് അവനെ യാത്രയാക്കിയത്. രണ്ടു വര്‍ഷത്തിനു ശേഷം അവധിക്കു നാട്ടില്‍ വരുന്ന കാര്യം കഴിഞ്ഞാഴ്ചയാണ് വിളിച്ചു പറഞ്ഞത്. ശനിയാഴ്ച എത്തുമെന്നും പറഞ്ഞു. 


മാഷ്‌ കൂട്ടിലിട്ട വെരുകിനെ പോലെ  വരാന്തയിലൂടെ നടന്നു. ഓരോ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴും തലയുയര്‍ത്തി  നോക്കും.
"മാഷ് ഭക്ഷണം കഴിക്കുന്നില്ലേ.?" -ടീച്ചര്‍
"അവനെ കാണാതെ എനിക്ക് പച്ചവെള്ളം പോലും ഇറങ്ങില്ല."


ടീച്ചര്‍ മാഷിനെ നോക്കി. വിനു വരുന്നു എന്നറിഞ്ഞത് മുതല്‍ മാഷാകെ മാറിപോയിരുന്നു. വീട് മുഴുവന്‍ വൃത്തിയാക്കാന്‍ ആള്‍ക്കാരെ ചട്ടം കെട്ടി. വിനുവിന്റെ മുറിയില്‍ കയറി, പുസ്തകങ്ങള്‍ അടുക്കി പെറുക്കി വച്ചു. ഇപ്പോഴും അടുക്കളയില്‍ കയറി അവന്റെ രുചികളെ പറ്റിയും ഇഷ്ടാനിഷ്ടങ്ങളെ പറ്റിയും വാതോരാതെ പറഞ്ഞോണ്ടിരിക്കും.
"എന്റെ മാഷേ, ദേ അവനെന്റെം കൂടെ മോനാ കേട്ടോ. മാഷ്‌ പറയുന്നത് കേട്ടാല്‍ തോന്നും, ഞാനവനെ ഇത് വരെ കണ്ടിട്ടില്ലെന്ന്."
"ഹ ഹ ഹ, കൊള്ളാം. അതല്ല അരുന്ധതീ, അവനിപ്പോ ചെറിയ കുട്ട്യോന്ന്വല്ല. അവന്റെ ഇഷ്ടങ്ങളൊക്കെ നമ്മള് ചോദിച്ചു മനസ്സിലാക്കണം."


പണിക്കര് ചേട്ടന്‍ ഓടികിതച്ചു വരുന്നത് കണ്ടു. 
"മാഷേ, ആ ടിവി ഒന്ന് ഓണ്‍ ചെയ്തെ."
"എന്താ എന്തുപറ്റി പണിക്കര് ചേട്ടാ, ?"- ടീച്ചര്‍
"ഒന്നുമില്ല. ഒരു കാര്യം അറിയാനാ."


ചാനലുകള്‍ മാറ്റി പണിക്കര് ചേട്ടന്‍ തന്നെ അത് കണ്ടെത്തി. 
"മാഷെ ഒന്നിവിടം വരെ വന്നെ."
"എന്റെ പണിക്കര് ചേട്ടാ, എനിക്കിപ്പോ അതൊന്നും കാണാനുള്ള മനസ്തിതിയല്ല." -മാഷ്‌ പറഞ്ഞു.
"അതല്ല മാഷേ, ഒന്നിങ്ങു വാ"
ചാനലില്‍ ഒരപകടത്തിന്റെ ദൃശ്യം തെളിഞ്ഞു വന്നു.
ദ്രിശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഏതോ വിമാനപകടമാണ്. മംഗലാപുരത്താണത്രെ. അടിയില്‍ എഴുതി കാണിച്ച വാര്‍ത്താശകലങ്ങള്‍ പിടക്കുന്ന കണ്ണുകളോടെ എല്ലാവരും വായിച്ചു. 
ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന ഫ്ലൈറ്റ്  ഇറങ്ങുന്നതിനിടെ മംഗലാപുരതുവച്ചാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ ആറോ ഏഴോ പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.
മാഷിന്റെ മിഴികള്‍ ഒന്ന് കൂടെ പിടച്ചു. ടീച്ചര്‍ ഒരു താങ്ങിനായി മാഷിന്റെ കയ്യില്‍ പിടിച്ചു. നിസ്സഹായനായി പണിക്കര് ചേട്ടന്‍ ടിവിയിലേക്ക് നോക്കിയിരുന്നു. 
കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്ത അവശിഷ്ടങ്ങിലേക്ക്  ക്യാമറകണ്ണുകള്‍   പാഞ്ഞുനടന്നു.

Saturday, April 03, 2010

തിരിച്ചറിവ്

"രമേശേട്ടന്‍ ഇങ്ങനെ പേടിച്ചാലെങ്ങനാ ? ആണുങ്ങളായാല്‍  കൊറച്ചൊക്കെ ധൈര്യം  വേണം."
"അതല്ല സുമം, ഓര്‍ക്കുമ്പോ എനിക്ക് ?"
"രമേശേട്ടന്  പേടിയാണേല്‍  തിരിച്ചു പോകാം"
"പേടിയല്ല, നമ്മളെ ഈ നേരല്ലാത്ത നേരത്ത്  ആരെങ്കിലും കണ്ടാല്‍ ?"
"കണ്ടാലെന്താ? പിടിച്ചു വിഴുങ്ങോ ? അല്ല പിന്നെ"
"അങ്ങനല്ല സുമം, ഒന്നുമില്ലേലും നാട്ടുകാരെ പേടിക്കണ്ടേ? "
"പിന്നെ, നാട്ടുകാരെ മൊത്തം അറിയിച്ചോണ്ട്  ഇതിനു പോകാം പറ്റുവോ ?"

രമേശനെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. 
"ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെയൊക്കെ. അതാ ഒരു പേടി" രമേശന്‍ മുഖം തുടച്ചു കൊണ്ട് പറഞ്ഞു.
"എല്ലാരും പിന്നെ ബുക്കും പേപ്പറും പഠിച്ചിട്ടാണോ മരിക്കാന്‍ വരുന്നത്". സുമം ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു. 

നിലാവില്‍  സുമത്തിന്റെ പിണങ്ങിയ മുഖം ചുവക്കുന്നതായി രമേശന് തോന്നി.
"സുമം, ദേ എന്റെ മുഖത്തേക്ക് നോക്കിയേ" രമേശന്‍  അവളുടെ താടിയില്‍ പിടിച്ചു തന്റെ മുഖത്തോട് അടുപ്പിച്ചു. 
"നമ്മുക്കൊന്ന് കൂടി ആലോചിച്ചിട്ട് പോരെ ?"
"എങ്കില്‍ രമേശേട്ടന്‍ പൊയ്ക്കോ. എനിക്ക് ഇനി വീട്ടില്ലേക്കു പോകാനാവില്ല."

റെയില്‍വേ ട്രാക്കിന്റെ അരുകിലൂടെ നടക്കുമ്പോള്‍ രമേശന്റെ ഭയം ഒന്ന്  കൂടി ഇരട്ടിച്ചു. തണുത്ത കാറ്റ് സുമത്തിന്റെ മുടിയിഴകളെ തൊട്ടുതലോടി പോകുന്നുണ്ടായിരുന്നു. 
"ഞാന്‍ ഭാസ്കരന്‍ മാമന്റെ അടുത്ത് ഒന്ന് കൂടി ചോദിച്ചു നോക്കാം. "
"എന്റെ രമേശേട്ടാ, ഇനിയും അച്ഛന്റെ മുന്നില്‍, രമേശേട്ടന്‍ തല കുനിച്ചു നില്‍ക്കുന്നത് കാണാന്‍ എനിക്ക് മേല. ജോലി ശരിയാകാതെ   അച്ഛന്‍ സമ്മതിക്കുമെന്ന് ഒരിക്കലും കൊതിക്കണ്ട."
സുമം റെയില്‍വേ ട്രാക്കിന്റെ കാണാത്ത അറ്റത്തേക്ക് നെടുവീര്‍പ്പോടെ നോക്കി.
"സുമതിഅമ്മായീടെ മോന്‍ ബാബുവേട്ടന്‍ കഴിഞ്ഞ ആഴ്ച ഗള്‍ഫീന്ന്  വന്ന കാര്യോം രമേശേട്ടന് അറിയാലോ.  ഇപ്പൊ അച്ഛനാണേല്‍ ബാബുവേട്ടനെ വല്ല്യ കാര്യമാണ്. ഇനിയും എനിക്ക് തടസ്സം പറഞ്ഞു പിടിച്ചു നില്‍ക്കാനാവില്ല."

രമേശന്റെ കണ്ണ് നിറയുന്നത് സുമം അറിഞ്ഞു.
"രമേശേട്ടാ, ഇങ്ങനെ കുട്ടികളെ പോലെ കരയാതെ. ഒരുമിച്ചു ജീവിക്കാന്‍ ഈ ജന്മത്തില്‍ വിധിയില്ലെന്നു വിചാരിച്ചാ മതി."
"എന്നാലും സുമം, നമ്മളിത്രേം കൊതിച്ചിട്ടും ദൈവം നമ്മളെ കാണുന്നില്ലല്ലോ."

"രമേശേട്ടന്‍ വാ, ആ വളവില്‍ പോകാം. ട്രെയിന്‍ വരാന്‍ സമയമായി. "
ട്രാക്കിന്റെ വശങ്ങളിലെ കാറ്റ്പുല്ലു വകഞ്ഞു മാറ്റി സുമം മുന്നോട്ടു നടന്നു. ദിശയറിയാത്ത കുട്ടിയെ പോലെ പിന്നാലെ രമേശനും.
ട്രാക്കില്‍ കയറിനില്‍ക്കാന്‍ സുമം രമേശനെ കൈ പിടിച്ചു സഹായിച്ചു. 
"രമേശേട്ടാ, ഞാന്‍ രമേശേട്ടനെ കെട്ടിപിടിച്ചു നിന്നോട്ടെ ?"
രമേശന്റെ ശബ്ദം ഒരു ഗദ്ഗദത്തില്‍ മുങ്ങി പോയി.
സുമം രമേശനെ ഇറുകെ കെട്ടിപിടിച്ചു.


ദൂരെ വലിയ ടോര്‍ച്ചടിച്ചാലെന്ന പോലെ ട്രെയിനിന്റെ വെളിച്ചം കണ്ടു. രമേശന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു; അടുത്ത ജന്മത്തിലേക്കു പോകാന്‍  തയ്യാറായി നിന്നു.
ട്രെയിനിന്റെ ശബ്ദം അടുത്ത് വരുന്നത് രമേശന്‍ അറിഞ്ഞു. 
അവസ്സാനമായി സുമത്തിന്റെ മുഖം ഒന്ന് കൂടി കാണാന്‍ രമേശന്‍ കൊതിച്ചു. രമേശന്‍ പതുക്കെ കണ്ണ് തുറന്നു. സുമം കൂടെയില്ലെന്ന തിരിച്ചറിവില്‍ ഒന്ന് ഞെട്ടാന്‍ പോലും രമേശന് സമയം കിട്ടിയില്ല. 


ഇപ്പുറത്ത് കാട്ടുപുല്ലിനെ വകഞ്ഞു മാറ്റി സുമം ഓടുന്നുണ്ടായിരുന്നു. ട്രാക്കിനപ്പുറത്തെ റോഡില്‍ വണ്ടിയുമായി സുമത്തെ കാത്ത് ഭാസ്കര പണിക്കര്‍ അടുത്ത ഗള്‍ഫ്‌ സിഗരറ്റിനു തീ കൊടുത്തു.

Thursday, March 18, 2010

ഒരു കുവൈറ്റ്‌ പെണ്ണുകാണല്‍

ഇത് എന്റെ കഥയല്ല. എന്റെ ഒരു സുഹൃത്ത്‌ (എന്നെക്കാളും മുതിര്‍ന്ന ഒരു ചേട്ടന്‍) വെടി പറയുമ്പോള്‍ കേട്ടത് ഞാന്‍ കോപ്പിറൈറ്റ്  നോക്കാതെ പകര്‍ത്തുന്നു; ചേട്ടന്റെ അനുവാദത്തോട്  കൂടി. പക്ഷെ സംഭവം വ്യാജനല്ല കേട്ടോ, ഒറിജിനല്‍ തന്നെ.


പുര നിറഞ്ഞു നില്‍ക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോള്‍ അപ്പനും വീട്ടുകാരും കൂടി അങ്ങോരെ വിവാഹ കമ്പോളത്തിലേക്ക് ഇറക്കി വിട്ടു. നല്ല പിള്ളേരെ നോക്കാനും മറ്റും ബ്രോക്കെര്മാരെയും ഏല്‍പ്പിച്ചു. 

അങ്ങനെ പല സ്ഥലങ്ങിലായി പെണ്ണ് കാണല്‍ പരിപാടികള്‍ നടക്കുന്നു, പോകുന്നു, ചായ കുടിക്കുന്നു.. ആകെ ജോളിയായി നടക്കുന്നു. സ്കൂളില്‍ വച്ചു ഇടവും വലവും  ഇരുന്നു പഠിച്ച കൂട്ടുകാരെ തന്നെ കൂടെ കൂട്ടിയാണ്  ചടങ്ങിനു പോകുന്നത്. അല്ലേലും ഒരു അപകടം വരുമ്പോള്‍ ഇടവും വലവും രണ്ടു പേരുള്ളത് നല്ലതാണല്ലോ.


അപ്പനാണ് കൂടെ വരുന്നതെങ്കില്‍ വേറെ ചില നമ്പരുകളും ഉണ്ട്.അപ്പന്‍ പെണ്ണിന്റെ വീടിന്റെ പരിസരം മുഴുവന്‍ ഒന്ന് കണ്ണോടിക്കും. സ്വത്തും പറമ്പും നോക്കാനല്ല, വീട്ടുകാര്‍ കൊണ്ഗ്രെസ്സ് അനുഭാവിയാണോ എന്നറിയാന്‍. മതിലെലെങ്ങാനും വല്ല ഇടതുപക്ഷ എഴുത്തോ നോട്ടീസ്സോ കണ്ടാല്‍ അപ്പൊ തന്നെ പറയും " എടാ മതി നമുക്കിറങ്ങാം". പെണ്ണ് ചായയും കൊണ്ട് വരാന്‍ പോലും സമയം കൊടുക്കില്ല.
ഇനി വീട്ടുകാരെ എങ്ങാനും ഇഷ്ടപ്പെട്ടു പോയാലോ ? തീര്‍ന്നു. പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞാലും ചര്‍ച്ച നിര്‍ത്തില്ല. അവസാനം ക്ഷമ കേട്ടു ചേട്ടന്‍ തോണ്ടി വിളിക്കുമ്പോള്‍ അപ്പന്‍ പറയും. 
"നില്ലെടാ, നമ്മള്‍ പരിചയപ്പെട്ടിരിക്കുന്നത് നല്ലതല്ലേ. "


അങ്ങനെ നോക്കി നടക്കുന്നതിനിടയില്‍ അമ്മാമ്മ, അതായത് അപ്പന്റെ പെങ്ങള്‍ ഒരു ആലോചനയും  കൊണ്ട് വരുന്നു. പെണ്ണ്  കുവൈറ്റില്‍ നേഴ്സ് ആണു. വകയില്‍ ഏതോ ഒരു അമ്മായീടെ മകളും ആണു. എല്ലാം കൊണ്ടും നല്ല ബന്ധം. 
"എടാ, നമുക്ക് ചെന്ന് പെണ്ണിനെ ഒന്ന് കാണാം. ഇപ്പോള്‍ നാട്ടിലുണ്ട്. അവള്‍ക്കു ലീവ് കുറവാണ്. "
അപ്പനും സമ്മതിച്ചു.


അങ്ങനെ അടുത്ത നല്ലൊരു ദിവസം നോക്കി, ഒരു വണ്ടി പിടിച്ചു പെണ്ണിന്റെ വീട്ടിലേക്കു വച്ചു പിടിച്ചു. കൂട്ടുകാരും അപ്പനും അമ്മാമ്മയും ഒക്കെ ഉണ്ട്. 
"എടാ അവള്‍ അവധിക്കു വന്നപ്പോള്‍ കുറെ സാധനം കൊണ്ട് വന്നു കാണും അല്ലെ? നമ്മുക്ക്  എന്തെങ്കിലുമൊക്കെ തരുമായിരിക്കും. അല്ലെ ?"
വണ്ടിയില്‍ വച്ചു അമ്മാമ്മ ചോദിച്ചു. ചേട്ടന്‍ അമ്മാമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി. 

"വീടൊക്കെ കൊള്ളാം. അല്ലെ മേരികുട്ടീ.?" അപ്പന്‍ പറഞ്ഞു. അമ്മാമ്മ തലകുലുക്കി സമ്മതിച്ചു.

"മോളിയെന്തിയെ ?"-വീട്ടില്‍ കയറിയപ്പോഴേ അമ്മാമ്മ ചിരിച്ചു കളിച്ചും അകത്തേക്ക് പോയി.


പെണ്ണ് ചായയും കൊണ്ട്  വന്നപ്പോള്‍ കൂട്ടുകാര്‍ കുനിഞ്ഞിരുന്ന ചേട്ടനെ തട്ടി വിളിച്ചു. ചേട്ടന്‍ തലയുയര്‍ത്തി നോക്കി. കൊള്ളാം, പക്ഷെ പ്രായം എന്നെക്കാള്‍ കൂടുതലല്ലേ എന്നൊരു സംശയം. കൂട്ടുകാരോട് പതുക്കെ കാര്യം പറഞ്ഞു. പക്ഷെ എങ്ങനെ ചോദിക്കും. പെട്ടെന്ന് ചേട്ടന് ഐഡിയ കിട്ടി.

"SLC ആണോ അതോ SSLC ആണോ പഠിച്ചത് ?"

കാരണം, ചേട്ടന്‍ 10th നു പഠിക്കാന്‍ തുടങ്ങിയ കാലത്തായിരുന്നു SSLC ആയത്. അത് വരെ SLC മാത്രമായിരുന്നു. 


"SLC ആണു ". മോളിക്കുട്ടി മറുപടി പറഞ്ഞു.
"ഞാന്‍ അത് കഴിഞ്ഞിട്ടുള്ളതാ"  ചേട്ടന്‍ പറഞ്ഞു.


ചേട്ടന്‍ പതുക്കെ എഴുന്നേറ്റു.
"അമ്മാമ്മേ ഇങ്ങു വന്നെ. "
"എന്താടാ മോനെ?"
"ഇവര്  നമ്മടെ സാലിചെച്ചിയുടെ കൂടെ ഒള്ളതാ. എന്ന് വച്ചാല്‍ എന്നെക്കാളും മൂത്തതാന്നു. "
അടുത്തതായി ചേട്ടന്റെ ചെവിയില്‍ അമ്മാമ്മേടെ പഞ്ച്  ഡയലോഗ് 
"ഓ ഒരു വയസ്സിന്റെ വ്യതാസമല്ലേ .. അതൊന്നും മൈന്‍ഡ് ചെയ്യണ്ട. എടാ   നീ ആ റൂമോന്നു നോക്കിയേ, അവള് കുവൈറ്റീന്നു  കൊണ്ട് വന്ന സാധനങ്ങള്‍ കൊണ്ട് റൂമു നിറഞ്ഞിരിക്കുവാ. നീ സമ്മതിക്കുവാണേല്‍  ?"
അമ്മമ്മ ചേട്ടനെ ഒന്ന് നോക്കി.

ശേഷം വായനക്കാര്‍ പൂരിപ്പിച്ചു വായിക്കുക.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം