Saturday, January 30, 2010

ഞാനും മനുഷ്യനായി

അവര്‍ മൂന്നു പേരുണ്ടായിരുന്നു;
ചെകുത്താനും മാലാഖയും പിന്നെയെന്റെ നിഴലും
തളിര് പൂത്ത തേന്മാവിന്റെ ചുവട്ടില്‍
അവര്‍ 'ശീത ചര്‍ച്ച' യാരംഭിച്ചു;
വിഷയം 'ഞാനോ നീയോ വലുതെ' ന്നായിരുന്നു.


ചെകുത്താന്റെ വാക്കുകള്‍ക്കു
രക്തത്തിന്റെ നിറവും വാഗ്ദാനത്തിന്റെ മൂര്‍ച്ചയും
എന്റെ തലച്ചോറിലേക്ക്
എരിതീയില്‍ എണ്ണയെന്ന പോലെ


വെളുപ്പിന്റെ മാലാഖ ആ തീയിലേക്ക്
സ്നേഹത്തിന്റെ മഞ്ഞു തന്നു; കൂടെ
ലോകത്തിന്റെ നിയതിയും നീതിയും
ഈശ്വരനും പ്രാര്‍ത്ഥനയും... അങ്ങനെയൊക്കെ...


നിഴല്‍ സൂത്രശാലിയായിരുന്നു; വെളുപ്പും
കറുപ്പും മാറ്റി കണ്ടവന്‍;
ഇരുന്നിടം നോക്കിയവന്‍;
വെളുക്കെ ചിരിച്ചു, കണ്ണടച്ച് ഒറ്റിയവന്‍.
അവന്റെ ഉപദേശം കൊടുങ്കാറ്റാവാനായിരുന്നു    


എന്റെ തീരുമാനത്തിന് കാതോര്ത്തിരുന്നവര്‍ ‍
മൂവരെയും പിണക്കാതിരിക്കാന്‍ ഞാന്‍
മൂന്നു ഗുണങ്ങളും സ്വീകരിച്ചു; അങ്ങിനെ
ഞാനൊരു 'മനുഷ്യനായി' .

Monday, January 25, 2010

ശലഭായനം


ബ്ലോഗുകള്‍ക്കിടയിലൂടെ ഓടിനടന്ന് വായിക്കുന്നതിനിടയിലാണ് രമ്യയെ കുറിച്ച് അറിയാനിടയായത്‌. Dr. ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ വച്ചായിരുന്നു അത്. കൂട്ടം ഓണ്‍ലൈന്‍ കമ്മ്യുണിട്ടിയില്‍   രമ്യ കുറിച്ചിട്ട വരികളില്‍  വിഷാദം കിനിഞ്ഞിരുന്നു. ചെറുപ്പത്തില്‍ പോളിയോയുടെ  രൂപത്തില്‍ വിധി രമ്യയെ കളിയാക്കാന്‍ തുടങ്ങിയതും ഇപ്പോഴും പിന്തുടരുന്നതും ഞാന്‍ വായിച്ചറിഞ്ഞു. 

രമ്യ കൂട്ടത്തിലും  നോട്ടുബുക്ക്‌കളിലുമായി  കുറിച്ചിട്ട വരികള്‍ തുന്നിച്ചേര്‍ത്തു,  കൂട്ടത്തിന്റെ തന്നെ നേതൃത്വത്തില്‍ ശലഭായനം എന്ന പേരില്‍ കവിതാസമാഹാരം കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കി. പ്രശസ്ത മലയാള കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി.എന്‍. സീമയ്ക്ക്  നല്‍കികൊണ്ട്  കവിതാസമാഹാരം പ്രകാശനം  ചെയ്തു .

ഇപ്പോള്‍ റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രമ്യക്ക് വരുന്ന 28 നു ആണു ശസ്ത്രക്രിയ .  ഇനിയും ഒരുപാട് പൂക്കള്‍ തോറും പറന്നു നടക്കാന്‍ രമ്യയുടെ ഭാവനകള്‍ക്ക് കഴിയട്ടെ എന്ന് നമ്മുക്കാഗ്രഹിക്കാം. ഈ അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, ധൈര്യമേകാം.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ജയേട്ടന്റെ ബ്ലോഗ്‌ വായിക്കുക
കുറച്ചു ചിത്രങ്ങളും കടമെടുക്കുന്നു.

Friday, January 22, 2010

സൂര്യഗ്രഹണവും നിശാഗന്ധി ഫെസ്റ്റിവലുംഅല്ലേലും അനന്തപുരിക്ക് മേളയുടെ തിരക്കൊഴിഞ്ഞു ഒരു സമയമുണ്ടാകാരില്ലല്ലോ. ആകെ മൊത്തം ഒന്ന് ഒതുങ്ങി വന്നപ്പോഴേക്കും ദാണ്ടെ വരുന്നു സൂര്യഗ്രഹണം. അങ്ങനെ അതും കനകക്കുന്നില്‍ വച്ചു സര്‍ക്കാര്‍ ചിലവില്‍ തന്നെ ആഘോഷിച്ചു. മന്ത്രിമാര്‍ വിശാലമായി തന്നെ സൂര്യഗ്രഹണം "ഉത്ഘാടനം" ചെയ്തു. ചെന്ന് നോക്കിയപ്പോള്‍, കണ്ട സ്കൂള്‍ പിള്ളേര്‍ മൊത്തം  സ്പെഷ്യല്‍ കണ്ണടേം  എക്സ്റേ  ഷീറ്റുമോക്കെയായി മോളിലോട്ട് നോക്കിയിരിപ്പാണ്.   കൂട്ടിനു കൊറേ നോര്‍ത്ത് ഇന്ത്യന്‍സും, സായിപ്പുമാരും, (നാടന്‍ സായിപ്പുമാരും ഒണ്ടു കേട്ടോ ) ഒക്കെ ആകെ ബഹളം.

ഒന്ന് രണ്ടു പ്രാവശ്യം നമ്മളും "വാടകയ്ക്ക്" കിട്ടിയ ഒരു ഷീറ്റൊക്കെ വച്ചു നോക്കി കൊള്ളാം. പക്ഷെ അതിലും രസം ഇതൊക്കെ നോക്കി കൊണ്ടിരിക്കുന്ന "ശാസ്ത്ര കുതുകികളെ" നോക്കാനായിരുന്നു. ചില ടീംസിനെ കണ്ടു; ഗ്രഹണകണ്ണടേം  വച്ചു മലര്‍ന്നു കിടപ്പാണ്. ഭാഗവാനറിയാം ഇതിന്റെയൊക്കെ കണ്ണ് ബാക്കിയാകുമോ എന്ന്. നമ്മുടെ കണ്ണിനും  ഭയങ്കര സ്ട്രൈനായിരുന്നു; ഇതുങ്ങളെയൊക്കെ നോക്കിനില്‍ക്കണ്ടേ !.


അങ്ങനെയിരിക്കുമ്പോ ദാ പിന്നെ കനകക്കുന്നില്‍ കുറെ തോരണോം കൊടീം വടിയുമൊക്കെ കെട്ടിയിരിക്കുന്നു.  ഓ നിശാഗന്ധി ഫെസ്റിവല്‍.   അപ്പൊ ഒരാഴ്ച ഇച്ചിരി ഓടി നടന്ന് വായ്നോട്ടം വേണ്ടി വരും. കാരണം കനകക്കുന്നു മുഴുവന്‍ പരിപാടികളാണ്. ദിവസോം കഥകളി, വേറൊരു സ്റ്റേജില്‍ ഗാനമേളകള്‍ , വേറൊരിടത്ത് ആദിവാസിമേള, ഓപ്പണ്‍ സ്റ്റേജില്‍ വിവിധ പരിപാടികള്‍ എന്നിങ്ങനെ പോക്കുന്നു. ശ്രദ്ധേയമായത് കുടിലുകളും കവാടവും അരുവികളും ഏറുമാടവും ഒക്കെ ചേര്‍ന്ന ആദിവാസി ഊരുകളായിരുന്നു. മുളയരി, കാട്ടുതേന്‍, ഇഞ്ച, താളിപ്പൊടി, കസ്തോരി മഞ്ഞള്‍ തുടങ്ങിയ ആദിവാസികളുടെ തനതായ  വിഭവങ്ങളും മേളയില്‍ ലഭ്യമായിരുന്നു.


ഓപ്പണ്‍ സ്റ്റേജില്‍ പല്ലവികൃഷ്ണനും സംഘവും അഷ്ടപടിക്ക് മോഹിനിയാട്ടത്തിന്റെ  ലാസ്യഭാവം തീര്‍ക്കുന്നുണ്ടായിരുന്നു. ശേഷം അലര്‍മേല്‍ വള്ളിയുടെ  ഭരതനാട്യവും. ഹോ, ആകെ മൊത്തം ഒരു വെടിക്കെട്ട് കഴിഞ്ഞ പ്രതീതി.
അടുത്ത ബുധനാഴ്ച വരെ ഇനി ഇച്ചിരി വിയര്‍ക്കേണ്ടി വരും. ഈശ്വര എനിക്കറിയില്ല എന്നേ കൊണ്ട് ഇതൊക്കെ കണ്ടു തീര്‍ക്കാന്‍ പറ്റുമോ എന്തോ.

Saturday, January 16, 2010

എനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി

എനിക്കപ്പോഴേ തോന്നി, ആരോ ശരിക്കും കണ്ണ് വച്ചിട്ടുണ്ട്. അല്ലെ പിന്നെ ഇച്ചിരി പച്ച പിടിച്ചു വന്നോണ്ടിരുന്ന നമ്മടെ ബ്ലോഗിന് ഇങ്ങനെ പറ്റുവോ ? ആ പോട്ട്‌, ഇനി പറഞ്ഞിട്ട് കാര്യമില്ല. (സമയമില്ല എന്നൊക്കെ നമ്മള്‍ക്ക്  ചുമ്മാ പറയാം, സത്യമതാണെങ്കിലും ) ഒന്ന് ലോഗിന്‍ ചെയ്യാന്‍ പോലും ടൈം കിട്ടീലാ എന്ന് പറഞ്ഞാല്‍.. ഛെ ഛെ.

പിന്നെ വിശേഷങ്ങള്‍ ഒരുപാട് ഒണ്ടു പറയാന്‍. അതൊക്കെ പിന്നൊരിക്കലാവാം. ഏറ്റവും പ്രധാനം എനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി എന്നുള്ളതാണ്. അത് കൊണ്ട് തന്നെ എല്ലാവര്ക്കും ഞാന്‍ മുന്നറിയിപ്പ് തരുന്നു; റോഡിന്റെ അരികു ചേര്‍ന്ന് നടക്കുക. പണ്ടത്തെ പോലെ അല്ല; ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ കൃത്യമായി ഒരുത്തന്റെ നെഞ്ചത്ത്‌ വണ്ടിയോടിച്ചു കയറ്റാന്‍ ഇപ്പോള്‍ ഞാന്‍ പ്രാപ്തനായിരിക്കുന്നു.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം