Friday, February 26, 2010

ഒരു ഞണ്ട്‌ വേട്ടയുടെ ചരിത്രം

ഒരു ഞണ്ട്‌ വേട്ടയുടെ ചരിത്രംഗിനി ഗംഗാധരന്‍

( ഇന്ന് രാവിലെ വീട്ടില്‍ നിന്നു തിരിച്ചു വന്നപ്പോള്‍ ഭയങ്കര നൊസ്റ്റാള്‍ജിയ. എന്ത് ചെയ്യാന്‍. പഴയൊരു പോസ്റ്റ്‌ വായിച്ചപ്പോള്‍ വീണ്ടും ഓര്‍മ്മ പുതുക്കാന്‍ തോന്നി. വായിച്ചവര്‍ ക്ഷമിക്കുക. 2008 ഡിസംബറിലെ സംഭവമാണ് കേട്ടോ)

ക്രിസ്മസിന്റെയും ഉത്സവത്തിന്റെയും ക്ഷീണം തീര്‍ന്നതിന്റെ പിറ്റേന്നാണ് ആരുടെയോ തലയില്‍ ആ ആശയം മുളച്ചു വന്നത്. ഞണ്ട്‌ പിടിക്കാന്‍ പോയാലോ ?
തീരുമാനം ഉടനെ വന്നു.
"ഉച്ചയ്ക്ക് ശേഷം നമ്മള്‍ പരിവാര സമേതം നടയിലേക്കു (തെങ്ങിന്‍ തോപ്പും വയലുകളും പുഴയുംനിറഞ്ഞ വിശാലമായ സാമ്രാജ്യം) പോകുന്നു."
എന്ന്വച്ചാല്‍ വളയത്തില്‍ കെട്ടിയ വലയും , കോഴിത്തലയും ചാക്കും ഒക്കെയായി ഒരു യുദ്ധസന്നാഹം !
ഇന്നത്തെ ദിവസം പോക്കാണെന്ന് അപ്പോഴേ ഉറപ്പിച്ചു. പക്ഷെ സംഗതി ഇച്ചിരി nostalgic ആയതുകൊണ്ട് ഞാന്‍ പിന്മാറിയില്ല. ഊണ് കഴിക്കാന്‍ എന്നെ കാത്തു നില്‍ക്കണ്ട എന്ന് വീട്ടില്‍ പറഞ്ഞു നേരെ വിട്ടു.

സംഘബലം കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു. എല്ലാ ചേട്ടന്മാരും ഉണ്ട്. ഞാനൊന്നുംവെള്ളത്തില്‍ ഇറങ്ങേണ്ടി വരില്ല. തല്‍ക്കാലം കരയില്‍ നിന്നു കത്തി വച്ചു "വല്യമ്മാവന്‍" ആയേക്കാം.
"നീ ഇന്നു തന്നെ പോകുന്നുണ്ടോ മാഷേ ?" ആരോ ചോദിച്ചപ്പോഴാണ് അതൊര്‍ത്തത്. 10 മണിക്കാണ് ബസ്സ്. നേരെ ചൊവ്വേ വീട്ടില്‍ നിന്നു ഇറങ്ങിയില്ലെല്‍ പണിയാകും.

ചെരുപ്പില്ലാതെ വെള്ളത്തിലൊക്കെ ചവിട്ടി വടക്കുന്നതിന്റെ സുഖം ശരിക്കും മനസ്സിലായി. നല്ല കൂള്‍ അന്തരീക്ഷം. (സത്യം പറഞ്ഞാല്‍ ഒരു കവിത എഴുതി എല്ലാരേയും കൊല്ലാന്‍ പറ്റിയ മൂഡ്)


തെങ്ങിന്റെ ചുവട്ടില്‍ സാധന സാമഗ്രികളൊക്കെ ഒതുക്കി വച്ചു. കൂട്ടത്തില്‍ കപ്പയും മീന്‍കറിയും മറ്റു സംഭവങ്ങളും കണ്ടപ്പോഴാണ് സംഗതി മനസ്സിലായത്. ഒരു വെടിക്ക് ഒന്നും രണ്ടുമല്ല; ഒരു പാടു കിളികള്‍ ഇവിടെ വീഴും. !
ഹും.
ആദ്യം ചെറിയ ഇരുമ്പ് വളയത്തില്‍ കെട്ടിചേര്‍ത്ത വലയില്‍ കോഴിത്തല കെട്ടുന്ന പണിയായിരുന്നു. കൂട്ടത്തിലെ വിദഗ്ദ്ധര്‍ അതിനെ കുറുച്ച് വിശാലമായി ക്ലാസ്സെടുത്തു.
(
ഫരന്‍സിനായി ചിത്രം നോക്കുക)
കോഴിത്തല ചുമ്മാ അങ്ങ് കെട്ടിയാല്‍ പോര. നല്ല മുറുക്കത്തില്‍ കെട്ടണം. അല്ലേല്‍ വിവരമുള്ളവന്മാര്‍ അതും ഇറുക്കിയെച്ചങ്ങു പോകും.ദാ ഏതാണ്ട് ഇങ്ങനിരിക്കും.

അതിന് ശേഷം നല്ല രാശിയുള്ള സ്ഥലം നോക്കി വളയം വീശി എറിയും.
സോറി; ഇക്കാര്യത്തില്‍ സാക്ഷാല്‍ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പോലും ഏല്‍ക്കില്ല.

വളയത്തിലെ ചരട് അടുത്തുള്ള തെങ്ങില്‍ കേട്ടിയിടുന്നതോടെ നമ്മുടെ പണി കഴിഞ്ഞു . ഇനി ഞണ്ട് വേണേല്‍ വന്നു വലയില്‍ കയറണം. അല്ല പിന്നെ.!

അപ്പോഴേക്കും ചേട്ടന്മാര്‍ കപ്പ -മീന്‍കറി കോമ്പിനേഷന്‍ പഠിച്ചു തുടങ്ങിയിരുന്നു. എന്റെ മാഷേ, എന്തൊക്കെ പറഞ്ഞാലും ഇതു സംഭവം വേറെ തന്നെ ആണ്. സംഘത്തിലെ ആസ്ഥാനഗായകര്‍ രംഗം ഏറ്റെടുത്തപ്പോള്‍ സംഭവം ഒന്നു കൂടി ഉഷാറായി. പാട്ടും നല്ല 101- കോഴ്സ് ഫുഡും. ഇതില്‍ കൂടുതല്‍ ആനന്ദമുണ്ടോ ?
Taj Residency യും Mayura International ഉം ഒക്കെ പിറകില്‍ വന്നു നില്ക്കും. അവിടെ ചുമ്മാ ജാട. വിശന്നു പൊരിഞ്ഞു ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടു വെക്കും. പിന്നെ ചുമ്മാ ഒന്നും മനസ്സിലാവാത്ത, സായ്പ്പിന്റെ ഏതെങ്കിലും പാട്ടും കേട്ടോണ്ടിരിക്കണം. അവന്മാരുടെ ദയക്ക് ഇച്ചിരി നേരത്തെ കിട്ടിയാല്‍
വിശപ്പ് പോകുന്നേന് മുന്പേ കഴിക്കാം. ബില്ല് വരുമ്പോള്‍ ബാക്കി വയറു നിറഞോളും.
ഇതതല്ല. കൈയെത്തും ദൂരത്തു സംഭവങ്ങള്‍ അങ്ങനെ നിരന്നു കിടക്കുകയാണ്. ഫുഡിനു ഫുഡ്‌ ! പാട്ടിനു പാട്ടും. പോരാഞ്ഞ് നല്ല സ്റ്റൈലന്‍ കാറ്റും.

(സത്യം പറഞ്ഞാല്‍ ഇതെഴുതുമ്പോഴും വായില്‍ വെള്ളം വന്നും നിറയുകയാണ്. തല്‍ക്കാലം കാന്റീനില്‍ നിന്നും "ലോകോത്തര"- ഗുണമേന്മയുള്ള ദോശയും കുളിക്കാന്‍ പാകത്തില്‍ ചമ്മന്തിയും കഴിച്ചു തൃപ്തിയടഞ്ഞു.)


അപ്പോഴേക്കും rounds നു ഇറങ്ങാന്‍ സമയമായിരുന്നു. കോഴിതലയെന്ന മായയില്‍ കുടുങ്ങി വലയില്‍ അകപ്പെട്ട പാവം ഞണ്ടുകളെ കയ്യോടെ ചാക്കിനകതാക്കി.

വലയ്ക്കകത്ത് അവന്റെ ആ കിടപ്പ് കണ്ടോ..!
കിടന്നു കൊണ്ടുള്ള ആ തുടിപ്പ് കണ്ടോ ..!ലെവനെ ചുമ്മാ കയറിയങ്ങു പിടിക്കമെന്നു കരുതിയാല്‍ തെറ്റി. ആളല്‍പ്പം പിശകാണു. 'ഇറുക്ക' കൊണ്ടു ഒരു പ്രയോഗം നടത്തിയാല്‍ പിന്നെ ഈ ജന്മത്തില്‍ ഈ പണിക്കിറങ്ങില്ല. പിന്നെ "വിദഗ്ദര്‍" ഉള്ളത് കൊണ്ടു അവര്‍ പിടിച്ചതിനു ശേഷം നമ്മളൊക്കെ ഒന്നും തൊട്ടു കൊതി തീര്ത്തു.
കൂട്ടത്തില്‍ ചില "പുലികളും" ഉണ്ടായിരുന്നു; ഒന്നൊന്നര "ഇറുക്ക-കാലുകളുള്ളവ".
അപ്പൊ പിന്നെ ഒരു ഫോട്ടോയ്ക്ക്‌ പോസു ചെയ്യതെങ്ങിനാ. കണ്ടോ അവനും സംഭവം മനസ്സിലായി. എന്താ ഒരു പോസു!


ഇച്ചിരി കഴിഞ്ഞപ്പോഴേക്കും മനസ്സിലെ nostalgic ഇഫക്ട് ഒന്നു കൂടി workout ചെയ്യാന്‍ തുടങ്ങി. ദാഹിക്കുമ്പോള്‍ ഇളനീരില്ലതെങ്ങിനാ ?
ദാ കണ്ടില്ലേ, eazy-access കൂള്‍ ഡ്രിങ്ക്സ് ...

എന്തിനാ ഓപ്പണര്‍ ? വല്ലഭനു "പല്ലും" ആയുധം എന്നാണല്ലോ.


5 മണിയായപ്പോഴേക്കും തിരുവനന്തപുരത്തേക്ക് തിരിച്ചു പോകേണ്ട ഓര്മ്മ വന്നു. ഇനിയും ലേറ്റായാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും.
തല്ക്കാലം എന്റെ ഗ്രാമമേ വിട വിട വിട.......
(സ്ക്രീനില്‍ അകന്നു പോകുന്ന ക്യാമറയില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍... black out)

Saturday, February 20, 2010

എനിക്കറിയാം ഇന്ദിര എന്നെ ഓര്‍മ്മിച്ചിരുന്നു

ഇന്ദിര എനിക്ക് ആരായിരുന്നു ? ഞാന്‍ പലപ്പോഴും എന്നോട് തന്നെ ചോദിക്കാരുണ്ടായിരുന്നു; ഇന്ദിരയുടെ കല്യാണം കഴിഞ്ഞു എന്നറിയുന്നത് വരെ. 

അന്നൊക്കെ എണ്ണയിട്ടു മിനുക്കിയ മുടിയും, വാലിട്ടു വരച്ച കണ്ണുകളും ഇന്ദിരയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ദിരയുടെ ചങ്ങാത്തം തന്നെ വലിയൊരു കാര്യമായി തോന്നിയത് സ്കൂളില്‍ മറ്റുള്ളോര്‍ അസൂയയോടെ നോക്കിനില്‍ക്കുന്നത് കാണുമ്പോഴാണ്.  
"കണ്ടോ അവന്റെ പത്രാസ്സ്.  "


ഞങ്ങളുടെ മലയാളം സാര്‍, ശങ്കരന്‍ മാഷിന്റെ അനന്തിരവളായിരുന്നു ഇന്ദിര. സ്കൂളില്‍ മാഷന്മാര്‍ക്കു ചായയുണ്ടാക്കാന്‍ പതിവായി പാല്‍ കൊണ്ട് പോകുന്നത് ശങ്കരന്‍ മാഷിന്റെ വീട്ടില്‍ നിന്നായിരുന്നു. 

രാവിലെ തോളില്‍ പുസ്തകസഞ്ചിയും കയ്യില്‍ പാല്‍പാത്രവുമായി എന്നെയും കൂട്ടുകാരെയും കാത്തുനില്‍ക്കുന്ന ഇന്ദിരയുടെ രൂപം ഞാന്‍ ഇന്നുമോര്‍ക്കുന്നു. 
"പെട്ടെന്ന് വാ, ഇപ്പൊ തന്നെ സമയം കൊറേ പോയി"

പുസ്തകസഞ്ചിയില്‍ കൂര്‍പ്പിച്ചു തീരാറായ പെന്‍സിലും കുറെ മഷിതണ്ടുകളും സമ്പാദ്യമായി കൊണ്ട് നടന്നിരുന്ന ഞാന്‍, ഇന്ദിര തന്ന മദ്രാസ് പെന്‍സിലുകള്‍ കാട്ടി 'സമ്പന്നത' കാണിച്ചിരുന്നു.


അന്നൊക്കെ മാഷന്മാരോടും ടീച്ചരോടും ദേഷ്യം തീര്‍ക്കാന്‍ പ്രത്യേകിച്ച് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറെയൊക്കെ അമ്പലത്തിലെ ശിവനും കൃഷ്ണനും അങ്ങേല്‍പ്പ്പിക്കും 
"ഈശ്വരാ, മാഷ്‌ സ്കൂളില്‍ വരുമ്പോള്‍ മുണ്ടില്‍ ചളി തെറിക്കണേ, ആ വസന്തടീച്ചറിന്റെ പച്ച സാരി, ഇസ്തിരിയിടുമ്പോ കത്തിപോണേ,"


എന്നിട്ടും ദേഷ്യം തീരാഞ്ഞാല്‍ പിന്നെ ഉള്ളത് ഒരു അപകടം പിടിച്ച പ്രതികാരമാര്‍ഗ്ഗമായിരുന്നു. മാഷിന്റെയും, ഏതെങ്കിലും ടീച്ചറിന്റെയും പേരുകള്‍ '+' ഇട്ടു ചുവരിലോ മതിലിലോ എഴുതിവക്കുക. 
രാജന്‍മാഷ്‌ + ശാന്തടീച്ചര്‍ 
അന്നത്തെ ഏറ്റവും വലിയ 'നാറ്റിക്കല്‍  തന്ത്രം'. പക്ഷെ , പിടിക്കപ്പെട്ടാല്‍ തീര്‍ന്നു. 


മൂന്നാമത്തെ ബെഞ്ചിലെ സുധി എന്നോട് ചോദിച്ചു.
"എടാ ഒരു മദ്രാസ്‌ പെന്‍സില്‍ തരാവോ ?"
"ഇല്ല". 
"എടാ ഒരു കഷണമെങ്കിലും താടാ."
"ഇല്ല തരില്ല."
"എടാ, എന്നാ ഒരു മഷിത്തണ്ട് തരാവോ ?"
"ഇല്ല, ഇനിക്കെന്താ കൊണ്ടുവന്നാല്‍ ?"
 "അപ്പൊ തരൂലാ ?, ശരി ഇന്നെ ഞാന്‍ കണ്ടോളാം"

ആ കാരണത്താലാണ്,  സുധി എന്നോട് യുദ്ധം പ്രഖ്യാപിക്കുന്നത്. പക്ഷെ അവന്‍ അതിനു കണ്ട വഴി കുറച്ചേറെ കടന്നു പോയി.


ഉച്ചക്ക് ഭക്ഷണം കഴിച്ചു പാത്രം കഴുകാന്‍ പോയ പിള്ളേരാണ് ആദ്യം കണ്ടത്. പലരും എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി.
"എന്താടാ?, ഇനിക്കൊക്കെ വട്ടായാ ? "
ഇച്ചിരി കഴിഞ്ഞപ്പോള്‍, ഇന്ദിര കരഞ്ഞു കൊണ്ട് ക്ലാസ്സില്‍ വരുന്നതും, സങ്കടത്തോടെ എന്നെ നോക്കുന്നതും ഞാന്‍ കണ്ടു. 

അപ്പോഴാണ്‌ കാര്യം ഗൗരവമുള്ളതാണെന്ന്  എനിക്ക് തോന്നിയത്.  ഞാന്‍ കാര്യം മനസ്സിലാകാതെ ചെന്ന് നോക്കി.

"ആഹാ, ഇതാരാ വരുന്നേ ?" ആരോ വിളിച്ചു പറയുന്നത് കേട്ടു.
നോക്കിയപ്പോള്‍ മൂത്രപ്പുരയുടെ ചുവരില്‍, വലുപ്പത്തില്‍ എന്റെയും ഇന്ദിരയുടെയും പേരുകള്‍ "+" ഇട്ടു എഴുതി വച്ചിരിക്കുന്നു. 


മാഷിന്റെ  കയ്യില്‍ നിന്നും കിട്ടാന്‍ പോകുന്ന അടിയേക്കാളും എന്നെ തളര്‍ത്തിയത് ഇന്ദിരയുടെ മുഖമായിരുന്നു. 
ശങ്കരന്‍ മാഷ് വന്നു, അത് മായ്ച്ചു കളയാന്‍ പറയുന്നതും, ആരെയൊക്കെ വിസ്തരിക്കുന്നതുമെല്ലാം ഞാന്‍ പാതി നിറഞ്ഞ കണ്ണിലൂടെ കണ്ടു.
എന്റെ ഭാഗ്യത്തിന്, ഇത് ചെയ്തത് താനാണെന്ന് സുധി ഏറ്റുപറഞ്ഞു. പക്ഷെ ഇന്ദിരയുടെ മുഖം നേരെയാകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. 


പിന്നെ സ്കൂള്‍ മാറിയപ്പോഴും, ഡിവിഷന്‍ അനുസരിച്ച് ക്ലാസുകള്‍ മാറിയപ്പോഴും ഇന്ദിരയുടെ ചിരിയും ചങ്ങാത്തവും എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങി. പക്ഷെ അതെന്റെ തോന്നല്‍ മാത്രമാണെന്ന് ഇന്ദിര തന്നെ എന്നിക്ക് മനസ്സിലാക്കി തന്നു. 
ഹൈസ്കൂളില്‍ ചേരാന്‍ ഞാന്‍ അച്ഛന്റെ നാട്ടിലേക്ക് പോന്നതോടെ ഇന്ദിര ഓര്‍മ്മകള്‍ മാത്രമായ്. പിന്നെടെപ്പോഴോ ടൌണില്‍ വച്ചു കണ്ടപ്പോഴും ആ ചിരി എനിക്ക് സമ്മാനിച്ച്‌ ഇന്ദിര കൈ വീശി.

പലരും ഇന്ദിരയെ കുറച്ചു പറയുമ്പോള്‍ ഞാന്‍ കാത്ത് കൂര്‍പ്പിച്ചു കേള്‍ക്കും. എന്നെ കുറിച്ച് ഇന്ദിര അന്വേഷിച്ചു, എന്ന്  കേള്‍ക്കുമ്പോഴും ഞാന്‍ സന്തോഷിച്ചു. 
എനിക്കറിയാം ഇന്ദിര എന്നെ ഓര്‍മ്മിച്ചിരുന്നു, ഒരു നല്ല കൂട്ടുകാരനായി.

Saturday, February 13, 2010

പ്രണയം പറഞ്ഞതിങ്ങനെ

"എന്തേ രഘു, നീയീ വഴീ കെടന്ന് കറങ്ങുന്നേ?
"ഒന്ന്വില്ല രാമേട്ടാ " 
"ആരേലും കാത്ത് നില്‍ക്ക്വാ ?" 
"ഏയ് "
"ന്നാ പിന്നെ വൈകിട്ട് വായനശാലേല് കാണാം"
"ആയിക്കോട്ടെ" 
രണ്ടാംമുണ്ട്  തോളിലിട്ടു രാമേട്ടന്‍ കൈയും വീശി നടന്നകന്നു.


മണ്ണ് പുതഞ്ഞ നീണ്ട പാതക്കപ്പുറം അമ്പലം കാണാമായിരുന്നു.  വഴിയരികിലെ തെങ്ങിന്‍തലപ്പിനെ ഒന്ന് തലോടി അമ്പലം ലക്ഷ്യമാക്കി നടന്നു.  അമ്പലത്തിനോടടുക്കും തോറും, പൊതുവാളിന്റെ ഇടയ്ക്കയുടെ ശബ്ദം വ്യക്തമായി കേള്‍ക്കാം. കൃഷ്ണനെ പാടിപുകഴ്ത്തുകയാണ് കക്ഷി. 


"എന്റെ കൃഷ്ണാ, ഇന്ന് എന്നെ നീ തന്നെ കാത്തോണേ...ദേ, കൈവിട്ടു കളയരുത് കേട്ടോ. കാര്യങ്ങളൊക്കെ ഒരു കരക്കടുപ്പിച്ചാല്‍ ഞാനാ ദീപസ്തംഭം എണ്ണ കൊണ്ട്  നിറച്ചേക്കാം." 


തെക്കേവീട്ടിലെ രാവുണ്ണിനായരുടെ മോള്‍ സാവിത്രിയോടു ഒരു 'ഇത് ' തോന്നി തുടങ്ങിയത് എപ്പോളാണാവോ ? ഒമ്പതാം ഉത്സവത്തിനു താലപ്പൊലിയും പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോഴായിരുന്നു എന്നാണോര്‍മ്മ. മനസ്സിലും ഒമ്പതാം ഉത്സവം നടക്കുകയായിരുന്നു. രാവുണ്ണി നായരുടെ മുഖം ഓര്‍ക്കുമ്പോഴേ തെളിച്ചം കെടും. എന്നാലും സാവിത്രി എന്നെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. 
പലപ്പോഴും സാവിത്രിയുടെ നോട്ടം എന്റെ കണ്ണുകളില്‍ പതറി വീഴുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. പക്ഷെ എന്റെ കൃഷ്ണാ, അതെന്താണെന്നറിയാന്‍  എങ്ങനെ സാധിക്കും? നേരിട്ട് പറയുക തന്നെ ശരണം.
പക്ഷെ നേരിട്ട് കാര്യം പറയുക എന്നത് നിരീക്കാന്‍ പോലും പറ്റനൂല്ല്യ. അന്നേ കൃഷ്ണനെ കൂട്ടുപിടിച്ചതാണ്.


ടൌണിലെ കോളേജില്‍ പഠിക്കുന്ന സതീശനാണ് പറഞ്ഞത് ഇന്ന് ഇതിനു പറ്റിയ ദിവസാണത്രെ. പ്രണയിക്കുന്നോര്‍ക്കുള്ള  ദിവസം. ഏതു ഇഷ്ടവും വെളിപ്പെടുത്താന്‍ ഇതാണത്രേ നല്ല ദിവസം. 


എന്നാലും അത് ശരിയാകുവോ ? നേരിട്ട്  പറയുകാന്നു വച്ചാല്‍ ..?


എന്റെ കൃഷ്ണാ  .. വേണ്ട തന്നെ.. ഇതിപ്പോ പറഞ്ഞില്ലേല്‍ മനസ്സിലെലും കൊണ്ട് നടക്കാം, ന്നു നിരീക്കാം. ഇനി എങ്ങാനും അവള്‍ മറുത്തു പറഞ്ഞാല്‍ ?


പൊതുവാളിന്റെ ഭാര്യയും ഇളയ കുട്ടിയും മതിലിനരികിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. കയ്യില്‍ ഇലച്ചീന്തില്‍ നിവേദ്യചോറും പ്രസാദവും. 
"അല്ല, രഘുവോ, എന്തേ അമ്പലത്തില്‍ കണ്ടില്ല. ?
"ഒന്നൂല്ല ഏടത്ത്യെ , " ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി. 


ആള്‍ക്കാര്‍ അമ്പലത്തിനു പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 
'കൃഷ്ണാ നീ കാത്തോണേ, സാവിത്രി ഇപ്പൊ വരും '


പൊതുവാളിന്റെ ഇടക്കയെക്കാളും ശക്തിയില്‍  നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.
മതിലിന്റെ അങ്ങേ അറ്റത്ത്‌ സാവിത്രിയുടെ രൂപം കണ്ടു. പച്ച ദാവണി അവള്‍ക്കു നന്നേ ചേരുന്നുണ്ടായിരുന്നു.കയ്യിലെ ഇലച്ചീന്തില്‍ നിന്നും തുളസികതിരെടുത്തു മുടിച്ചുരുളില്‍ വച്ചു, അവള്‍ അടുത്തേക്ക് നടന്നു വരികയാണ്. 


വായിലെ വെള്ളം മുഴുവന്‍ വറ്റിപോകുന്നതായും, ഒരു കടല്‍ മുഴുവന്‍ കുടിച്ചു തീര്‍ക്കാന്‍ ദാഹിക്കുന്നതായും എനിക്ക് തോന്നി. കണ്ണില്‍ സാവിത്രിയെ മാത്രമേ ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ . എന്നെയും കടന്നു  അവള്‍ പോയിട്ടും ഒന്നും മിണ്ടാന്‍ പോലും കഴിഞ്ഞില്ല. ഞാന്‍ ഞെട്ടി വിളിച്ചു.


"കുട്ടീ, അവിടെ ഒന്ന് നിന്നെ."
എന്നോടാണോ എന്ന ഭാവത്തില്‍ സാവിത്രി തിരിഞ്ഞു നിന്നു. ചുണ്ടില്‍ ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചതായി എനിക്ക് തോന്നി. അതോ കള്ളകൃഷ്ണന്‍ തോന്നിപ്പിച്ചതാണോ ?
"സാവിത്രിയോടു എനിക്കൊരു കാര്യം പറയാനുടായിരുന്നു."
കണ്ണുകളില്‍ "എന്തേ " എന്നൊരു ഭാവം വിരിഞ്ഞു.
"എനിക്ക്...എനിക്ക്... സാവിത്രിയെ...സാവിത്രിയെ ഒത്തിരി ഇഷ്ടാണ്. "
എന്റെ കൃഷ്ണാ, എങ്ങനെയാ ഞാനത് പറഞ്ഞ് തീര്‍ത്തത് ?
ആ കണ്ണുകളില്‍ അമ്പരപ്പോ അതോ ? 
എനിക്കൂഹിക്കാന്‍ കഴിഞ്ഞില്ല. 
"സാവിത്രി ഒന്നും പറഞ്ഞില്ല."
മുഖം താണത് നാണം കൊണ്ടാണെന്നും കാല്‍വിരല്‍ ചിത്രമെഴുതുകയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. 
സാവിത്രിയുടെ മൌനം എന്നില്‍ പ്രണയമായ് പെയ്യുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനും സാവിത്രിയും മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകിപോകുന്നത്‌ ഞാന്‍ കണ്ടു. 
ദൂരെ കൃഷ്ണന്‍ ഞങ്ങളെ നോക്കി ചിരി തൂകുന്നുണ്ടായിരുന്നു. 


(വാലന്റൈന്‍ ദിവസത്തില്‍ ചെറിയൊരു നൊസ്റ്റാള്‍ജിയ)

Sunday, February 07, 2010

പുതിയ നിയോഗം


പുതിയ നിയോഗം
11th April 2006

മൂന്നു പേര്‍ ചേര്‍ന്നാല്‍ ത്രിമൂര്‍ത്തികളാകുമെന്നു 
കേട്ടു, ഞാനും എന്റെ നിഴലും
മൂന്നാമതൊരാളെ  കാത്ത് നിന്നു.


മുഖത്തെഴുത്ത്‌ മാറ്റാന്‍ കാലത്തിനു മാത്രമല്ല്ല,
മനുഷ്യനും കഴിയുമെന്നറിഞ്ഞു;
തലയെഴുത്ത് മാറ്റാനും.


കാലന്റെ ഒഴിവിലെക്കായി ചോദ്യം ചെയ്യാന്‍ 
മൂന്നു പെരെന്നെ വിളിച്ചു; പിന്നെ
മൂന്നു ചോദ്യങ്ങളും ചോദിച്ചു.


ഹൃദയം കല്ലായാല്‍ പോര; ഉരുക്കാകണം,
മനസ്സിന്റെ കൂടെ കണ്ണും കാതും 
മുറിച്ചു മാറ്റി ദൂരെ കളയണം


നിണം കൊണ്ട് പോട്ട്‌ തൊട്ടു,
ക്രൌര്യം കൊണ്ട് നാണം മറച്ചു, നീ
ചക്രവാളത്തെ മറികടക്കണം


വെട്ടുമ്പോള്‍ പിന്കഴുത്തിലും,
നെഞ്ചില്‍ വാളല്ല, വാക്കാല്‍ മുറിച്ചു,
കാപട്യത്തിന്റെ എരിവു തേക്കണം.


ശവത്തെ നോക്കി ചിന്നം വിളിച്ചു,
കിഴക്കോട്ടെക്കുള്ള പ്രളയമായ്, ഗര്‍വ്വോടെ 
ഞാനവരെ നോക്കി ചിരിച്ചു.


നിയമനം കഴിഞ്ഞപ്പോള്‍ എന്റെ 
നിയമങ്ങളില്‍ ഞാന്‍ കണ്ടു, കാലന്‍
എന്റെ കീഴ് ജീവനക്കാരനാണ് .

Saturday, February 06, 2010

സ്റ്റാച്യുവില്‍ ഇന്നലെ (എന്നും)


സ്റ്റാച്യുവില്‍ ഇന്നലെ (എന്നും)
10 August 2007

വായുവില്‍ നിന്നടര്ത്തിയെടുത്തു
പ്രജകള്‍ക്കായെറിഞ്ഞുകൊടുത്തു
വിശപ്പടക്കി, ദാഹം തീര്‍ക്കാന്‍
'സ്വാധീനത്താല്‍'   മഴ പെയ്യിച്ചു,


ഇടത്തും വലത്തും മുഷ്ടി ചുരുട്ടി,
കുപ്പായം ചുളുങ്ങാതെ കൈമടക്കി
'നമ്മളില്ലാതോന്നുമില്ലാ'- എന്നുറക്കെ ചര്‍ദ്ദിച്ചു


ക്യാമറക്ക് മുന്‍പില്‍ നെഞ്ചും കാണിച്ചു,
വെളുക്കെ ചാഞ്ഞും ചരിഞ്ഞും ചിരിച്ചു;
കൊടി  നോക്കി, -ചിലപ്പോള്‍ നോക്കാതെയും-
കോമരം തുള്ളുന്നോര്‍...


ബക്കറ്റുപിരിവിന്റെ ആവേശം
പാവം കോഴിയില്‍ തീര്‍ക്കുമ്പോള്‍,
പിറകില്‍, ഇരട്ടബഞ്ചില്‍, ലോകത്തിന്റെ
പേടികളിലേക്ക് കണ്ണും നട്ട്  ഒരു "നിരാഹാരന്‍"   

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം