Saturday, February 13, 2010

പ്രണയം പറഞ്ഞതിങ്ങനെ

"എന്തേ രഘു, നീയീ വഴീ കെടന്ന് കറങ്ങുന്നേ?
"ഒന്ന്വില്ല രാമേട്ടാ " 
"ആരേലും കാത്ത് നില്‍ക്ക്വാ ?" 
"ഏയ് "
"ന്നാ പിന്നെ വൈകിട്ട് വായനശാലേല് കാണാം"
"ആയിക്കോട്ടെ" 
രണ്ടാംമുണ്ട്  തോളിലിട്ടു രാമേട്ടന്‍ കൈയും വീശി നടന്നകന്നു.


മണ്ണ് പുതഞ്ഞ നീണ്ട പാതക്കപ്പുറം അമ്പലം കാണാമായിരുന്നു.  വഴിയരികിലെ തെങ്ങിന്‍തലപ്പിനെ ഒന്ന് തലോടി അമ്പലം ലക്ഷ്യമാക്കി നടന്നു.  അമ്പലത്തിനോടടുക്കും തോറും, പൊതുവാളിന്റെ ഇടയ്ക്കയുടെ ശബ്ദം വ്യക്തമായി കേള്‍ക്കാം. കൃഷ്ണനെ പാടിപുകഴ്ത്തുകയാണ് കക്ഷി. 


"എന്റെ കൃഷ്ണാ, ഇന്ന് എന്നെ നീ തന്നെ കാത്തോണേ...ദേ, കൈവിട്ടു കളയരുത് കേട്ടോ. കാര്യങ്ങളൊക്കെ ഒരു കരക്കടുപ്പിച്ചാല്‍ ഞാനാ ദീപസ്തംഭം എണ്ണ കൊണ്ട്  നിറച്ചേക്കാം." 


തെക്കേവീട്ടിലെ രാവുണ്ണിനായരുടെ മോള്‍ സാവിത്രിയോടു ഒരു 'ഇത് ' തോന്നി തുടങ്ങിയത് എപ്പോളാണാവോ ? ഒമ്പതാം ഉത്സവത്തിനു താലപ്പൊലിയും പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോഴായിരുന്നു എന്നാണോര്‍മ്മ. മനസ്സിലും ഒമ്പതാം ഉത്സവം നടക്കുകയായിരുന്നു. രാവുണ്ണി നായരുടെ മുഖം ഓര്‍ക്കുമ്പോഴേ തെളിച്ചം കെടും. എന്നാലും സാവിത്രി എന്നെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. 
പലപ്പോഴും സാവിത്രിയുടെ നോട്ടം എന്റെ കണ്ണുകളില്‍ പതറി വീഴുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. പക്ഷെ എന്റെ കൃഷ്ണാ, അതെന്താണെന്നറിയാന്‍  എങ്ങനെ സാധിക്കും? നേരിട്ട് പറയുക തന്നെ ശരണം.
പക്ഷെ നേരിട്ട് കാര്യം പറയുക എന്നത് നിരീക്കാന്‍ പോലും പറ്റനൂല്ല്യ. അന്നേ കൃഷ്ണനെ കൂട്ടുപിടിച്ചതാണ്.


ടൌണിലെ കോളേജില്‍ പഠിക്കുന്ന സതീശനാണ് പറഞ്ഞത് ഇന്ന് ഇതിനു പറ്റിയ ദിവസാണത്രെ. പ്രണയിക്കുന്നോര്‍ക്കുള്ള  ദിവസം. ഏതു ഇഷ്ടവും വെളിപ്പെടുത്താന്‍ ഇതാണത്രേ നല്ല ദിവസം. 


എന്നാലും അത് ശരിയാകുവോ ? നേരിട്ട്  പറയുകാന്നു വച്ചാല്‍ ..?


എന്റെ കൃഷ്ണാ  .. വേണ്ട തന്നെ.. ഇതിപ്പോ പറഞ്ഞില്ലേല്‍ മനസ്സിലെലും കൊണ്ട് നടക്കാം, ന്നു നിരീക്കാം. ഇനി എങ്ങാനും അവള്‍ മറുത്തു പറഞ്ഞാല്‍ ?


പൊതുവാളിന്റെ ഭാര്യയും ഇളയ കുട്ടിയും മതിലിനരികിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. കയ്യില്‍ ഇലച്ചീന്തില്‍ നിവേദ്യചോറും പ്രസാദവും. 
"അല്ല, രഘുവോ, എന്തേ അമ്പലത്തില്‍ കണ്ടില്ല. ?
"ഒന്നൂല്ല ഏടത്ത്യെ , " ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി. 


ആള്‍ക്കാര്‍ അമ്പലത്തിനു പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 
'കൃഷ്ണാ നീ കാത്തോണേ, സാവിത്രി ഇപ്പൊ വരും '


പൊതുവാളിന്റെ ഇടക്കയെക്കാളും ശക്തിയില്‍  നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.
മതിലിന്റെ അങ്ങേ അറ്റത്ത്‌ സാവിത്രിയുടെ രൂപം കണ്ടു. പച്ച ദാവണി അവള്‍ക്കു നന്നേ ചേരുന്നുണ്ടായിരുന്നു.കയ്യിലെ ഇലച്ചീന്തില്‍ നിന്നും തുളസികതിരെടുത്തു മുടിച്ചുരുളില്‍ വച്ചു, അവള്‍ അടുത്തേക്ക് നടന്നു വരികയാണ്. 


വായിലെ വെള്ളം മുഴുവന്‍ വറ്റിപോകുന്നതായും, ഒരു കടല്‍ മുഴുവന്‍ കുടിച്ചു തീര്‍ക്കാന്‍ ദാഹിക്കുന്നതായും എനിക്ക് തോന്നി. കണ്ണില്‍ സാവിത്രിയെ മാത്രമേ ഞാന്‍ കാണുന്നുണ്ടായിരുന്നുള്ളൂ . എന്നെയും കടന്നു  അവള്‍ പോയിട്ടും ഒന്നും മിണ്ടാന്‍ പോലും കഴിഞ്ഞില്ല. ഞാന്‍ ഞെട്ടി വിളിച്ചു.


"കുട്ടീ, അവിടെ ഒന്ന് നിന്നെ."
എന്നോടാണോ എന്ന ഭാവത്തില്‍ സാവിത്രി തിരിഞ്ഞു നിന്നു. ചുണ്ടില്‍ ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചതായി എനിക്ക് തോന്നി. അതോ കള്ളകൃഷ്ണന്‍ തോന്നിപ്പിച്ചതാണോ ?
"സാവിത്രിയോടു എനിക്കൊരു കാര്യം പറയാനുടായിരുന്നു."
കണ്ണുകളില്‍ "എന്തേ " എന്നൊരു ഭാവം വിരിഞ്ഞു.
"എനിക്ക്...എനിക്ക്... സാവിത്രിയെ...സാവിത്രിയെ ഒത്തിരി ഇഷ്ടാണ്. "
എന്റെ കൃഷ്ണാ, എങ്ങനെയാ ഞാനത് പറഞ്ഞ് തീര്‍ത്തത് ?
ആ കണ്ണുകളില്‍ അമ്പരപ്പോ അതോ ? 
എനിക്കൂഹിക്കാന്‍ കഴിഞ്ഞില്ല. 
"സാവിത്രി ഒന്നും പറഞ്ഞില്ല."
മുഖം താണത് നാണം കൊണ്ടാണെന്നും കാല്‍വിരല്‍ ചിത്രമെഴുതുകയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. 
സാവിത്രിയുടെ മൌനം എന്നില്‍ പ്രണയമായ് പെയ്യുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനും സാവിത്രിയും മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകിപോകുന്നത്‌ ഞാന്‍ കണ്ടു. 
ദൂരെ കൃഷ്ണന്‍ ഞങ്ങളെ നോക്കി ചിരി തൂകുന്നുണ്ടായിരുന്നു. 


(വാലന്റൈന്‍ ദിവസത്തില്‍ ചെറിയൊരു നൊസ്റ്റാള്‍ജിയ)

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം