Thursday, March 18, 2010

ഒരു കുവൈറ്റ്‌ പെണ്ണുകാണല്‍

ഇത് എന്റെ കഥയല്ല. എന്റെ ഒരു സുഹൃത്ത്‌ (എന്നെക്കാളും മുതിര്‍ന്ന ഒരു ചേട്ടന്‍) വെടി പറയുമ്പോള്‍ കേട്ടത് ഞാന്‍ കോപ്പിറൈറ്റ്  നോക്കാതെ പകര്‍ത്തുന്നു; ചേട്ടന്റെ അനുവാദത്തോട്  കൂടി. പക്ഷെ സംഭവം വ്യാജനല്ല കേട്ടോ, ഒറിജിനല്‍ തന്നെ.


പുര നിറഞ്ഞു നില്‍ക്കുന്നു എന്ന് തോന്നി തുടങ്ങിയപ്പോള്‍ അപ്പനും വീട്ടുകാരും കൂടി അങ്ങോരെ വിവാഹ കമ്പോളത്തിലേക്ക് ഇറക്കി വിട്ടു. നല്ല പിള്ളേരെ നോക്കാനും മറ്റും ബ്രോക്കെര്മാരെയും ഏല്‍പ്പിച്ചു. 

അങ്ങനെ പല സ്ഥലങ്ങിലായി പെണ്ണ് കാണല്‍ പരിപാടികള്‍ നടക്കുന്നു, പോകുന്നു, ചായ കുടിക്കുന്നു.. ആകെ ജോളിയായി നടക്കുന്നു. സ്കൂളില്‍ വച്ചു ഇടവും വലവും  ഇരുന്നു പഠിച്ച കൂട്ടുകാരെ തന്നെ കൂടെ കൂട്ടിയാണ്  ചടങ്ങിനു പോകുന്നത്. അല്ലേലും ഒരു അപകടം വരുമ്പോള്‍ ഇടവും വലവും രണ്ടു പേരുള്ളത് നല്ലതാണല്ലോ.


അപ്പനാണ് കൂടെ വരുന്നതെങ്കില്‍ വേറെ ചില നമ്പരുകളും ഉണ്ട്.അപ്പന്‍ പെണ്ണിന്റെ വീടിന്റെ പരിസരം മുഴുവന്‍ ഒന്ന് കണ്ണോടിക്കും. സ്വത്തും പറമ്പും നോക്കാനല്ല, വീട്ടുകാര്‍ കൊണ്ഗ്രെസ്സ് അനുഭാവിയാണോ എന്നറിയാന്‍. മതിലെലെങ്ങാനും വല്ല ഇടതുപക്ഷ എഴുത്തോ നോട്ടീസ്സോ കണ്ടാല്‍ അപ്പൊ തന്നെ പറയും " എടാ മതി നമുക്കിറങ്ങാം". പെണ്ണ് ചായയും കൊണ്ട് വരാന്‍ പോലും സമയം കൊടുക്കില്ല.
ഇനി വീട്ടുകാരെ എങ്ങാനും ഇഷ്ടപ്പെട്ടു പോയാലോ ? തീര്‍ന്നു. പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞാലും ചര്‍ച്ച നിര്‍ത്തില്ല. അവസാനം ക്ഷമ കേട്ടു ചേട്ടന്‍ തോണ്ടി വിളിക്കുമ്പോള്‍ അപ്പന്‍ പറയും. 
"നില്ലെടാ, നമ്മള്‍ പരിചയപ്പെട്ടിരിക്കുന്നത് നല്ലതല്ലേ. "


അങ്ങനെ നോക്കി നടക്കുന്നതിനിടയില്‍ അമ്മാമ്മ, അതായത് അപ്പന്റെ പെങ്ങള്‍ ഒരു ആലോചനയും  കൊണ്ട് വരുന്നു. പെണ്ണ്  കുവൈറ്റില്‍ നേഴ്സ് ആണു. വകയില്‍ ഏതോ ഒരു അമ്മായീടെ മകളും ആണു. എല്ലാം കൊണ്ടും നല്ല ബന്ധം. 
"എടാ, നമുക്ക് ചെന്ന് പെണ്ണിനെ ഒന്ന് കാണാം. ഇപ്പോള്‍ നാട്ടിലുണ്ട്. അവള്‍ക്കു ലീവ് കുറവാണ്. "
അപ്പനും സമ്മതിച്ചു.


അങ്ങനെ അടുത്ത നല്ലൊരു ദിവസം നോക്കി, ഒരു വണ്ടി പിടിച്ചു പെണ്ണിന്റെ വീട്ടിലേക്കു വച്ചു പിടിച്ചു. കൂട്ടുകാരും അപ്പനും അമ്മാമ്മയും ഒക്കെ ഉണ്ട്. 
"എടാ അവള്‍ അവധിക്കു വന്നപ്പോള്‍ കുറെ സാധനം കൊണ്ട് വന്നു കാണും അല്ലെ? നമ്മുക്ക്  എന്തെങ്കിലുമൊക്കെ തരുമായിരിക്കും. അല്ലെ ?"
വണ്ടിയില്‍ വച്ചു അമ്മാമ്മ ചോദിച്ചു. ചേട്ടന്‍ അമ്മാമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി. 

"വീടൊക്കെ കൊള്ളാം. അല്ലെ മേരികുട്ടീ.?" അപ്പന്‍ പറഞ്ഞു. അമ്മാമ്മ തലകുലുക്കി സമ്മതിച്ചു.

"മോളിയെന്തിയെ ?"-വീട്ടില്‍ കയറിയപ്പോഴേ അമ്മാമ്മ ചിരിച്ചു കളിച്ചും അകത്തേക്ക് പോയി.


പെണ്ണ് ചായയും കൊണ്ട്  വന്നപ്പോള്‍ കൂട്ടുകാര്‍ കുനിഞ്ഞിരുന്ന ചേട്ടനെ തട്ടി വിളിച്ചു. ചേട്ടന്‍ തലയുയര്‍ത്തി നോക്കി. കൊള്ളാം, പക്ഷെ പ്രായം എന്നെക്കാള്‍ കൂടുതലല്ലേ എന്നൊരു സംശയം. കൂട്ടുകാരോട് പതുക്കെ കാര്യം പറഞ്ഞു. പക്ഷെ എങ്ങനെ ചോദിക്കും. പെട്ടെന്ന് ചേട്ടന് ഐഡിയ കിട്ടി.

"SLC ആണോ അതോ SSLC ആണോ പഠിച്ചത് ?"

കാരണം, ചേട്ടന്‍ 10th നു പഠിക്കാന്‍ തുടങ്ങിയ കാലത്തായിരുന്നു SSLC ആയത്. അത് വരെ SLC മാത്രമായിരുന്നു. 


"SLC ആണു ". മോളിക്കുട്ടി മറുപടി പറഞ്ഞു.
"ഞാന്‍ അത് കഴിഞ്ഞിട്ടുള്ളതാ"  ചേട്ടന്‍ പറഞ്ഞു.


ചേട്ടന്‍ പതുക്കെ എഴുന്നേറ്റു.
"അമ്മാമ്മേ ഇങ്ങു വന്നെ. "
"എന്താടാ മോനെ?"
"ഇവര്  നമ്മടെ സാലിചെച്ചിയുടെ കൂടെ ഒള്ളതാ. എന്ന് വച്ചാല്‍ എന്നെക്കാളും മൂത്തതാന്നു. "
അടുത്തതായി ചേട്ടന്റെ ചെവിയില്‍ അമ്മാമ്മേടെ പഞ്ച്  ഡയലോഗ് 
"ഓ ഒരു വയസ്സിന്റെ വ്യതാസമല്ലേ .. അതൊന്നും മൈന്‍ഡ് ചെയ്യണ്ട. എടാ   നീ ആ റൂമോന്നു നോക്കിയേ, അവള് കുവൈറ്റീന്നു  കൊണ്ട് വന്ന സാധനങ്ങള്‍ കൊണ്ട് റൂമു നിറഞ്ഞിരിക്കുവാ. നീ സമ്മതിക്കുവാണേല്‍  ?"
അമ്മമ്മ ചേട്ടനെ ഒന്ന് നോക്കി.

ശേഷം വായനക്കാര്‍ പൂരിപ്പിച്ചു വായിക്കുക.

Friday, March 12, 2010

നിങ്ങള്‍ പറ, ഞാന്‍ ചെയ്തത് ശരിയാണോ?

ഇന്നലെ ഓഫീസിലേക്ക് വരുന്ന്ന വഴി ഒരു സംഭവമുണ്ടായി. വഴിയില്‍ ഒരു പ്രശസ്തമായ ഒരു  സ്കൂള്‍ ഉണ്ട്. ഇപ്പോഴും പിള്ളാരെ കാണുമ്പോള്‍ ഒരു nostalgic ഫീലിംഗ് ഉണ്ടാകും. എല്ലാരും ഓടിത്തിമിര്‍ക്കുന്നത് കാണുമ്പോള്‍ എന്തോ മനസ്സിന് നല്ല സുഖം കിട്ടും.
ഇന്നലെ വരുന്ന വഴിയില്‍, ഒരു പയ്യന്‍-ആറിലോ ഏഴിലോ പഠിക്കുകയാകണം- എന്റെ മുന്നിലൂടെ നടന്നു പോയി. പെട്ടന്നവന്‍ എന്റെ മുഖത്തേക്ക് നോക്കി; ഒന്ന് ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു. ഒരു ദിവസം ഒരാളുടെ ചിരി ലഭിക്കുന്നത് അത്രയും ഭാഗ്യമാണല്ലോ.  ഞാന്‍ അവനെ കടന്നു പോയി. അവന്‍ പതുക്കെ എന്റെ ഒപ്പം നടക്കാന്‍ തുടങ്ങി. ഞാന്‍ ഒന്ന് കൂടി നോക്കി ചിരിച്ചു.


പെട്ടെന്ന് അവന്‍ എന്റെ മുന്നിലേക്ക്‌ വന്നു.
"ചേട്ടാ, ഒരു രണ്ടു രൂപ തരാവോ ?"
ആ ചോദിക്കുന്നത് ഞാന്‍ തന്നെയാണ് എന്നെനിക്കു തോന്നി. ഞാന്‍ കാശെടുക്കാന്‍ കീശയില്‍ കയ്യിട്ടു. പക്ഷെ അടുത്ത നിമിഷം തന്നെ കൈ പിന്‍വലിച്ചു. ഞാന്‍ ചിന്തിച്ചു, ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പൊരിക്കല്‍ ഇതേ പോലെ കാശ് വാങ്ങി പോയ ഒരു 12- കാരന്‍ എന്റെ മുന്നിലൂടെ സിഗരറ്റും വലിച്ചു പോയപ്പോള്‍, ഈശ്വരാ ഞാനാണല്ലോ അവനു സിഗരട്ട് വാങ്ങാന്‍ കാരണക്കാരനായത് എന്ന് ദുഖിച്ചു. അതിനു ശേഷവും പലപ്പോഴും ഇതാവര്‍ത്തിക്കുന്നതായി  കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. 
"നിനക്കെന്തിനാ കാശ് ?"
"ഫുഡ്‌ കഴിക്കാനാ." അവന്‍ കള്ളച്ചിരിയോടെ പറഞ്ഞു.
"ശരി വാ, ഞാന്‍ വാങ്ങി തരാം."
"വേണ്ട അണ്ണാ, കാശ് തന്നാല്‍ മതി."
"കാശ് തരില്ല, വാ, ഫുഡ്‌ വാങ്ങി തരാം."
 അവന്റെ ചിരി മാഞ്ഞു. എനിക്കറിയാം മനസ്സില്‍ അവന്‍ എന്നെ ചീത്ത പറഞ്ഞു കാണും. എന്നാലും അറിഞ്ഞു കൊണ്ട് അവനു വഴി തെറ്റാന്‍ ഒരു പരിധി വരെയെങ്കിലും  ഞാന്‍ കാരണക്കാരനാകില്ലേ ? നിങ്ങള്‍ പറ, ഞാന്‍ ചെയ്തത് ശരിയാണോ?

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം