Sunday, September 04, 2011

അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ ?

 ലീവ് തീര്‍ന്നു തിരിച്ചു ട്രെയിന്‍ കയറുമ്പോള്‍ കണ്ണില്‍ കാണുന്ന എല്ലാറ്റിനോടും ഇച്ചിരി ദേഷ്യം കൂടും; നാട്ടിലെ എല്ലാരോടും ഇച്ചിരി അസൂയയും. ആഹ്, പറഞ്ഞിട്ട് കാര്യമില്ല. അറിയാന്‍ മേലാഞ്ഞിട്ടല്ല, പിന്നെ ജോലി കളഞ്ഞു വന്നാല്‍ കഞ്ഞി കുടിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് നമ്മള്‍ ക്ഷമിക്കുന്നതു.

അങ്ങനെ വീണ്ടും ഒരു "റിട്ടേണ്‍ ഫ്രം ഹോം".
ട്രെയിന്‍ടിക്കറ്റ്‌ ശരിയാകാത്തത് കൊണ്ട് ബസ്സിലാകാം യാത്ര എന്ന് വച്ച്. അങ്ങനെ ഒരു കണ്ണൂര്‍ -കോഴിക്കോട് ബസില്‍ കയറി. ങ്ങുഹും, സീറ്റൊന്നും കാലിയില്ലെന്നു മാത്രമല്ല, നില്ക്കാന്‍ പോലും സ്ഥലമില്ല. അങ്ങനെ, ബാഗും തൂക്കി, ഹോര്‍ലിക്സിന്റെ പരസ്യത്തിലെ കൊച്ചിനെ പോലെ (ഉയരം കൂട്ടാന്‍ അല്ല കേട്ടോ) തൂങ്ങി കിടന്നു.
നില്‍പ്പ് ഏറ്റവും പിറകില്‍ ആയതിനാല്‍ മാഹിയില്‍ നിന്നും കയറിയ "പാമ്പുകളുടെ' ഗന്ധം നന്നായി അറിയുന്നുണ്ടായിരുന്നു.( വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍ ..). ഇച്ചിരി കഴിഞ്ഞപ്പോള്‍ തന്നെ കണ്ടു; "മൊബൈല്‍ ചെക്ക്പോസ്റ്റ്" ബൈ എക്സൈസ് വകുപ്പ്. ബസിനു കൈ കാണിച്ചു നിര്‍ത്തിച്ചു. 

ഏതൊരു "മാഹി ഉപഭോക്താവിന്റെയും  " ചങ്കിടിപ്പിക്കുന്ന  കാഴ്ച. എക്സൈസ് ജീപ്പിന്റെ ബോണറ്റിന്റെ മുകളിലായി നിരത്തി വച്ച "തൊണ്ടി മുതലുകള്‍". ബസിലുള്ള പലരും പരസ്പരം നോക്കി;  എന്തൊക്കെയോ പിറുപിറുത്തു.

എക്സൈസ്  കിങ്കരന്മാര്‍ ബസിനുള്ളിലേക്ക്  ഇരച്ചു കയറി. കയ്യില്‍ കിട്ടിയ "എംസി, എം എച്, സ്മിര്‍നോഫ്    കുഞ്ഞുങ്ങളെ " ജീപ്പില്‍ കൊണ്ട് വച്ചു.കയ്യില്‍ രണ്ടു കുഞ്ഞുങ്ങളുമായി അവസാനം ഇറങ്ങാന്‍  തുടങ്ങിയ ഒരു കിങ്കരന്‍ അപ്പോഴാണ്‌ ആ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടത്. ഏറ്റവും പിറകിലെ സീറ്റിനടിയില്‍ രണ്ടു പൊതികള്‍. സീറ്റിലിരുന്ന മൊത്തം ആള്‍ക്കാരെയും "പാമ്പുകളാക്കും" വിധം ഒന്ന് നോക്കി പുള്ളി പൊതി തുറന്നു. അതാ കിടക്കുന്നു രണ്ടു "വോഡ്ക കുഞ്ഞുങ്ങള്‍" . 

പുള്ളി പതുക്കെ കിളിയെ നോക്കി.. ചെവിയില്‍ ചോദിച്ചു.
"എടൊ തന്റെതാണോ ഇത്? ആണേല്‍ പറ, ഒഴിവാക്കിയേക്കാം"
 "അല്ല സാര്‍. വേറെ ആരെങ്കിലും വച്ചതായിരിക്കും."
"ആണെങ്കില്‍ പറഞ്ഞോ.."
 "അല്ല സാര്‍". 

അങ്ങൊരു അതിനേം കൊണ്ട് പോയി. ബസ്‌ പൊക്കോളാന്‍ നിര്‍ദേശം കിട്ടി. ബസ്‌ മുന്നോട്ടു എടുത്തപ്പോള്‍ കിളി മൊഴിഞ്ഞു.
"നായിന്റെ മക്കള്‍, ഒരിക്കലും ഗുണം പിടിക്കില്ല. പത്തു അഞ്ഞൂറ് ഉറിപ്പ്യ പോയികിട്ടി."
 അപ്പൊ പിറകിലെ സീറ്റിലെ ഒരു പാമ്പ്.
"എടൊ, തന്നോട് ഓന്‍ ചോയിച്ചതല്ലേ, അന്നേരം പറഞ്ഞൂടെ ? " 

കിളി അപ്പോള്‍, ഷര്‍ട്ട്‌ ഉയര്‍ത്തി കാണിച്ചു.
"എന്റെ ഏട്ടാ, അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ ?"
അരയിലായി തിരുകി വച്ച ബാക്കി മൂന്നു കുപ്പികള്‍ പാമ്പിനെ നോക്കി ചിരിച്ചു.

Friday, May 13, 2011

അ"രാഷ്ട്രീയം "

കളി കഴിഞ്ഞു, ഫലവും വന്നു. പക്ഷെ ഇനിയാണ് ശരിക്കും യുദ്ധം തുടങ്ങുന്നത്. 
ഓരോ നിമിഷവും ശ്വാസം പിടിച്ചു, ഒരു 20-20 കണ്ട പ്രതീതി ജനിപ്പിക്കാന്‍ ഇത്തവണ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ഇടയാക്കി. വിജയപ്രതീക്ഷകളെ മാറ്റിമറിച്ചു, ഒടുവില്‍ ഒരു അവസാനഫലം കിട്ടുമ്പോഴും, ഇരു മുന്നണികളും ആഘോഷിക്കാന്‍ വകയൊന്നുമില്ലാതെ ചടഞ്ഞു കൂടുകയായിരുന്നു. കിട്ടിയവന് ഒന്നുമായില്ല; കിട്ടാത്തവന് കിട്ടിയത് തന്നെ കൂടുതല്‍ എന്നതായിരുന്നു സ്ഥിതി. 

വല്ല പായസമോ, ലഡുവോ അറ്റ്ലീസ്റ്റ് ഒരു ബിരിയാണിയോ പ്രതീക്ഷിച്ചു വഴിയിലൊക്കെ നോക്കി. നോ രക്ഷ... ഒരു ആള്‍ക്കൂട്ടം കണ്ടു  വാ പൊളിച്ചു ചെന്നപ്പോ കിട്ടിയത് രണ്ടു മിട്ടായി. ഹും എന്റെ പട്ടി തിന്നും. ആ പോട്ട്, പട്ടി എന്ത് പിഴച്ചു, നേരാം വണ്ണം നോക്കി വോട്ടു ചെയ്യാത്ത എന്നെ പറഞ്ഞാല്‍ പോരെ. 

ഏതു മന്ത്രി വന്നാലും, സെക്രടറിയുടെ ഭാര്യക്ക് സമയമൊഴിയില്ല എന്ന് പറയും പോലെ (ഞാന്‍ ഉദ്ദേശിച്ചത്, ഈ ഫുഡ്‌ ഒക്കെ തയ്യാറാക്കി വിരുന്നു ഒരുക്കുന്ന കാര്യമാണ് കേട്ടോ, അല്ലാതെ.....) നമ്മക്ക് കുമ്പിളില്‍ തന്നെ കഞ്ഞി. 

പക്ഷെ ഇതിനിടയില്‍ ഒരു കൂട്ടരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. നമ്മളൊക്കെ "LIVE" ആയി കാര്യങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞത്, ഇവര്‍ രാപ്പകല്‍ നേരാം വണ്ണം പണിയെടുത്തത് കൊണ്ടാണ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റൊക്കും സഹപ്രവര്‍ത്തകര്‍ക്കും, ഈ കുറ്റമറ്റ, കിടിലന്‍ പ്രകടനത്തിന് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. ഒരു പ്രഫഷണല്‍ ഇവന്റ് മാനേജ്‌മന്റ്‌ കമ്പനി കാര്യങ്ങള്‍ നടത്തുന്നത് പോലെ, ഒരു പക്ഷെ അതിനെക്കാള്‍ ഭംഗിയായി, പരാതികള്‍ക്കിടയില്ലാതെ അവര്‍ കാര്യങ്ങള്‍ നല്ല വെടിപ്പായി ചെയ്തു. കൃത്യമായ Updates നല്‍കി ഫല പ്രഖ്യാപന വെബ്‌സൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ ലൈവ് ആക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു പക്ഷെ മുഴുവന്‍ ആള്‍ക്കാരും ലൈവ് ആയിത്തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തി. അവര്‍ക്ക് "ഒരു കുട്ട നിറയെ" അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും ഞാന്‍ സമര്‍പ്പിക്കുന്നു. 

ഇനി കുരുക്ഷേത്രത്തിലേക്ക് കണ്ണും നട്ട് ലൈവ് ചാനലുകളിലേക്ക് തിരിച്ചു പോകാം; വന്നോളൂ 

Saturday, March 26, 2011

സദുവിന്റെ ഔഷധക്കൂട്ട്

സദുവിന്റെ കഥ ഇവിടെ മുന്നേ ഞാന്‍ പറഞ്ഞിട്ടുണ്ട്.  ഇത് പക്ഷെ അങ്ങനെയല്ല. സദുവിനോട്  "വളരെ സ്നേഹമുള്ള" സദുവിന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം ഇവിടെ പോസ്റ്റുന്നു.

ആകെ മൊത്തം ആറടിയോളം പൊക്കവും അതിനൊത്ത നാവും (ഏകദേശം ഒരു മൂന്നടി നീളം വരും!) അങ്ങനെ പലതും ഉണ്ടെങ്കിലും, സ്ഥലകാലബോധം, വിവരം , പക്വത എന്നിവ തീരെ കുറവാണെന്ന വസ്തുത സദു ഓരോ ദിവസവും നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും; പല സംഭവങ്ങളിലൂടെ.

ഉയരം കൂടി കട്ടിളപ്പടിയില്‍ തലയിടിച്ചതിന്റെ പിറ്റേന്ന്, സദു "പുര നിറഞ്ഞു" നില്‍ക്കുകയാണെന്ന യാഥാര്‍ഥ്യം വീട്ടുകാരുടെ മനസ്സിലാക്കുകയും, ആയതിനാല്‍ എത്രയും പെട്ടെന്ന് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും ചെയ്തു. കാര്യമറിഞ്ഞ സദു തല ഉത്തരത്തില്‍ തട്ടുന്ന കാര്യം പോലും ഓര്‍ക്കാതെ തുള്ളിച്ചാടി, കൂട്ടുകാരെ വിവരമറിയിച്ചു. കൂട്ടുകാര്‍, വീട്ടുകാരുടെ തീരുമാനത്തെ കയ്യടിച്ചും ചിയേര്‍സ് പറഞ്ഞും ടച്ചിങ്ങ്സ് തൊട്ടുനക്കിയും പാസാക്കി. 
അങ്ങനെ ഭാവിജീവിതത്തെ കുറിച്ച് ഭാസുരമായ സ്വപ്‌നങ്ങള്‍ കണ്ടു നടക്കുന്നതിനിടയിലാണ് ആ സംഭവം. 
സ്ഥിരമായി പോകാറുള്ള, ചായക്കടയില്‍ വച്ച് ഒരു ചേട്ടന്‍ (സദുവിന്റെ ഭാഷയില്‍ "ഒരു ചെറ്റ" ) സദുവിനോട് ചോദിച്ചു 
"താന്‍ ആ ഓട പണിയുന്നോരുടെ കൂട്ടത്തിലുള്ളതല്ലെടോ  ?"
ആഴ്ചയില്‍ കൃത്യമായി രണ്ടു ദിവസം കുളിയും മാസത്തിലൊരിക്കല്‍ തുണിനനക്കല്‍  പരിപാടികളും ചെയ്തു ശീലിച്ച സദുവിന്റെ "സൌന്ദര്യ അവബോധതിനേറ്റ" ആദ്യ പ്രഹരമായിരുന്നു അത്. 
(പിണങ്ങണ്ട എന്ന് കരുതി തങ്ങളാരും പറയാറില്ലെന്നു സുഹൃത്തുക്കള്‍ )
പിന്നെ രണ്ടാഴ്ചയോളം കണ്ണാടിയുടെ മുന്നില്‍ കുത്തിയിരുന്ന് അനാലിസിസ്  പരിപാടികള്‍ നടത്തി. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ചികിത്സ തുടങ്ങി. പെണ്ണ് കാണലിനു  മുന്നേ ഒന്ന് മിനുങ്ങാനുള്ള  പൊടിക്കൈകള്‍ പലരും നിര്‍ദേശിച്ചു. മുഖത്തെ പാട് മാറ്റാന്‍ ഇത്, കുരു പോകാന്‍ അത്, നിറം വരാന്‍ ഇന്ന ക്രീം തുടങ്ങി നിര്‍ദേശങ്ങള്‍ വന്നു. "വല്ലപ്പോഴും രണ്ടോ മൂന്നോ പാക്കറ്റ് സിഗരെട്ട്, മണിക്കൂറുകളുടെ വ്യതാസത്തില്‍ വലിച്ചു തള്ളുന്നതിനാല്‍ " ചുണ്ടിലെ കറുപ്പ് നിറവും ഒരു കീറാമുട്ടിയായിരുന്നു. അപ്പോഴതാ വരുന്നു ഒറ്റമൂലി. ഫയര്‍നെസ്സ്ക്രീമും ഗ്ലിസ്സെരിനും കൂട്ടി പുരട്ടിയാല്‍ ചുണ്ടിലെ കറുത്ത നിറം മാറിക്കിട്ടും. ആനന്ദലബ്ധിക്കിനിയെന്തു വേണം.

നേരെ അടുത്തുള്ള കോസ്മെറ്റിക് ഷോപ്പിലേക്ക് വച്ച് പിടിച്ചു. ആ മാസത്തെ ശമ്പളവും, അടുത്ത മാസത്തെ ശമ്പളവും കൂടി ചേര്‍ത്ത് "ഒരു ചെറിയ ഷോപ്പിംഗ്‌". റൂമിലെത്തി കോസ്മെറ്റിക് ചികില്‍ത്സ അങ്ങോട്ട്‌ തുടങ്ങി. ആകെ മൊത്തം എന്തൊക്കെയോ മാറ്റങ്ങള്‍ തനിക്കു സംഭവിക്കുന്നതായി ഒരു ആത്മവിശ്വാസം സദുവിനു തോന്നി തുടങ്ങി. തൊലി പൊള്ളിപൊളിഞ്ഞിട്ടോ  എന്തോ, ചുണ്ടിലെ കറുപ്പ് നിറത്തിനും ഒരു കുറവുണ്ടായി. 
കൂട്ടുകാരും അത്യാവശ്യം മാര്‍ക്കും "എസ് എം എസും" ഒക്കെ തരാന്‍ തുടങ്ങി. 

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സദുവിനെ ഓഫീസില്‍ കാണാതായി. പനിയാനെന്നും പറഞ്ഞു ലീവ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ "രോഗിയെ" കാണാന്‍ കൂട്ടുകാരും സഹപ്രവര്‍ത്തകരും എത്തി.പൂട്ടിയിട്ട കതകില്‍ മുട്ടി ഏറെ നേരം കഴിഞ്ഞാണ് സദു വാതില്‍  തുറന്നത്.
ആകെ മേലാതെ നടക്കാന്‍ പോലും വയ്യാതെ സദു. ഒരു കള്ളിമുണ്ട് നെഞ്ചില്‍ കയറ്റി ഉടുത്തിട്ടുണ്ട്.
"എന്ത് പറ്റി മാഷെ?"
"ഓ, എന്നാ പറയാനാ, ഏതോ കോസ്മെറ്റിക് കയറി അലെര്‍ജി ആയെന്നു തോന്നുന്നു. ചെറിയൊരു പനിയും ക്ഷീണവും. ഇപ്പൊ കുറച്ചു ഭേദമുണ്ട്."
"ഡോക്ടറെ കാണിച്ചോ."
"കാണിച്ചു, മരുന്നുണ്ട്."
വിശേഷങ്ങളൊക്കെ പറഞ്ഞു തീര്‍ന്നു പോകാനിറങ്ങിയപ്പോള്‍, സദു ആത്മസുഹൃത്തിനെ മാറ്റിനിര്‍ത്തി കാര്യം പറഞ്ഞു. ഇതായിരുന്നു ഫ്ലാഷ് ബാക്ക്.
ഗ്ലിസ്സെരിന്‍ - ഫയര്‍നെസ്സ് ക്രീം കൂട്ട് മുഖത്തും ചുണ്ടിലും തന്ന "സൗന്ദര്യ സൗഭാഗ്യങ്ങള്‍" സദുവിനെ മദോന്മത്തനാക്കി. ക്രീം തേച്ചു, ഒന്ന് പെടുക്കാന്‍ പോയ സദു, തന്റെ "എക്സ്ട്രാ - കാരിക്കുലാര്‍ ആക്ടിവിടീസ് " -നുള്ള അവയവത്തെ നോക്കി ഇങ്ങനെ പാടി
"എന്തേ കണ്ണന് കറുപ്പ് നിറം? 
ഇന്നെന്തേ കണ്ണന്നു കറുപ്പ് നിറം ?"
(പാവം യേശുദാസ്)  

കഴുകാത്ത കയ്യിലെ ശേഷിച്ച ക്രീം നോക്കിയ സദുവിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. 

പിന്നെ തെല്ലും ചിന്തിച്ചില്ല, ബാക്കിയുള്ള "ഔഷധക്കൂട്ട്" നേരെ തന്റെ "മാസ്റ്റര്‍പീസ്സില്‍ " അങ്ങോട്ട്‌ തേച്ചു പിടിപ്പിച്ചു. ഇനി റിസള്‍ട്ട്‌ കുറഞ്ഞു പോകുമോന്നു പേടിച്ചു, കുറച്ചു കൂടി ഔഷധക്കൂട്ടു തയ്യാറാക്കുകയും അത് പരമാവധി അപ്ലൈ ചെയ്യുകയും ചെയ്തു.  

ഔഷധക്കൂട്ട് നന്നായിത്തന്നെ വര്‍ക്ക് ചെയ്തു. സദു പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍, നന്നായി റിസള്‍ട്ട്‌ വന്നു. പക്ഷെ അത് പ്രതീക്ഷിച്ച രീതിയില്‍ ആയിരുന്നില്ല എന്ന് മാത്രം. ആകെ പൊള്ളി പൊളിഞ്ഞ തന്റെ മാസ്റ്റര്‍പീസ്സില്‍, സദു എംബിബിഎസും ബിഡിഎസ്സും  പഠിച്ചു. അവസാനം പഴുത്തു പാകമാകി തുടങ്ങിയ "കുഞ്ഞിനേയും" കൊണ്ട് നെയ്യാറ്റിന്‍കരയിലെ ഏതോ ഹോസ്പിറ്റലില്‍ അഭയം തേടി. കുറെ മരുന്നുകളും - കൂട്ടായി കുറെ തെറിയും- വച്ചുകെട്ടി ഡോക്ടര്‍ സദുവിനു സമ്പൂര്‍ണ്ണ ബെഡ് റസ്റ്റ്‌  വിധിച്ചു. 
നാണക്കേട്‌ കാരണം പനിയാണെന്ന് പറഞ്ഞു ലീവെടുത്തതാണ്.
"നീ ഇതാരോടും പറഞ്ഞു എന്നെ നാറ്റിക്കരുത്  കേട്ടോ."
നല്ലവനായ സുഹൃത്ത്‌ ആരോടും പറയാതെ ഈ രഹസ്യം കാത്തു സൂക്ഷിച്ചത് കൊണ്ട് സംഗതി ആരും ഒരിക്കലും അറിഞ്ഞില്ല. അല്ലേല്‍ സദു എന്ത് ചെയ്തേനെ ? 
നിങ്ങളും ആരോടും പറയരുത് കേട്ടോ. 

Friday, March 11, 2011

പരീക്ഷാര്‍ത്ഥികള്‍

സ്കൂള്‍ കാലത്തെ തമാശകള്‍ ഒരിക്കലും മറക്കാറില്ല. ചിലത് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നവ; മറ്റു ചിലത് നൊമ്പരത്തോടെ ഓര്‍ക്കാവുന്നത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമായി ടിവി കണ്ടുകൊണ്ടു സംസാരിച്ചിരിക്കുമ്പോള്‍ ദാണ്ടെ, നമ്മടെ ഒരു സ്കൂള്‍ ടൈം /കോളേജ് ടൈം തമാശ പരസ്യക്കാര്‍ കോപ്പി അടിച്ചിരിക്കുന്നു. ആ, ആ പരസ്യം ചെയ്തവനും സ്കൂളിലൊക്കെ പോയിക്കാണും അല്ലെ ?
സംഭവം ഇത്രയേ ഉള്ളൂ. പരീക്ഷ ഹാള്‍: ഒരു വര്‍ഷം കൊണ്ട് പഠിച്ചു തീര്‍ക്കേണ്ട സംഭവങ്ങള്‍ ഒറ്റ ദിവസം, സോറി ഒന്ന്  രണ്ടു മണിക്കൂര്‍ കൊണ്ട് പഠിച്ചു തീര്‍ക്കുന്ന ബുദ്ധിരാക്ഷസന്മാര്‍ ടെക്സ്റ്റ്‌ ബുക്കും നോട്ട് ബുക്കും പോരാഞ്ഞു ഗൈഡും കൂടെ കൊണ്ട് പിടിച്ചു വായിക്കുന്നു; നമ്മളും.
ബെല്ലടിക്കുന്നു; അവസാന ശ്വാസം എടുത്തു വെള്ളത്തിലേക്ക്‌ മുങ്ങാന്‍ പോകുന്നത് പോലെ ഒന്ന് കൂടി ബുക്സ് നോക്കി (അറ്റ്ലീസ്റ്റ് അതിന്റെ പുറംചട്ടയെങ്കിലും നോക്കി ) നെടുവീര്‍പ്പിട്ടു കൊണ്ട് മനസ്സില്ലാ മനസ്സോടെ ക്ലാസ്സിലേക്ക് കയറുന്നു.
വിറയ്ക്കുന്ന കയ്യോടെ ചോദ്യ പേപ്പര്‍ വാങ്ങി മറിച്ചുനോക്കുന്നു. ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. എങ്ങും നെടുവീര്‍പ്പുകള്‍ മാത്രം. മിനുട്ടുകള്‍ ഇഴഞ്ഞു നീങ്ങി.(അതോ വലിച്ചു നീക്കിയതോ?)

പെട്ടെന്ന് ഓടികിതച്ചു കൊണ്ട് ഒരുത്തന്‍ പരീക്ഷ ഹാളിന്റെ ഡോറില്‍ എത്തുന്നു.
"സര്‍..."
സര്‍ തിരിഞ്ഞു നോക്കി. എന്നിട്ട് വളരെ ക്രൂരമായി ക്യാമറ വാച്ചിലേക്കും, അവിടെ നിന്നും വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന നായകന്റെ (?) മുഖത്തേക്കും പാന്‍ ചെയ്യുന്നു. ഹാളിലെ മൊത്തം പരീക്ഷാര്‍ത്ഥികളും "താന്‍ എവിടെ പോയിരിക്കുകയായിരുന്നു മാഷെ" എന്ന മട്ടില്‍ അങ്ങോരുടെ മുഖത്തും കണ്ണും നട്ടിരിക്കുന്നു.
"ശരി, കയറിവാ.."
കക്ഷി വളരെ വിനയകുനിതനായി കയറിവന്നു പേപ്പറും വാങ്ങി തന്റെ സീറ്റില്‍ പോയിരുന്നു.

ഒരു മിനിറ്റ് കഴിയും മുന്നേ പിറകിലെ ഒരു ബെഞ്ചില്‍ നിന്നും ചെറിയ ഒരു ബഹളം. സര്‍ തലയുയര്‍ത്തി നോക്കി. കൂടെ പരീക്ഷാര്‍ത്ഥികളും. നോക്കുമ്പോ നമ്മടെ "ലേറ്റസ്റ്റ്" നായകന്‍ ഇരിക്കുന്ന ബെഞ്ചാണ് . പുള്ളി കൂളായി ഇരുന്നു എഴുതുന്നുണ്ട്. പക്ഷെ ബെഞ്ചിന്റെ ഇങ്ങേ തലക്കല്‍ ഇരിക്കുന്നവന്‍ കക്ഷിയെ ക്രൂരമായി നോക്കി ദഹിപ്പിക്കുന്നു.
"എന്താ പ്രശ്നം ? " സര്‍ ചോദിച്ചു.
"ഒന്നുമില്ല സര്‍" ഇങ്ങേതലക്കാരന്‍ പറഞ്ഞു.
അപ്പോള്‍ നായകന്‍ ഇവിടെ എന്താ സംഭവിക്കുന്നത്‌ എന്ന മട്ടില്‍ തലയുയര്‍ത്തി നോക്കി. ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം വീണ്ടും പേപ്പറില്‍ മുഖം പൂഴ്ത്തി.


എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഞാന്‍ പതുക്കെ ഇങ്ങേതലക്കാരനെ അടുത്ത് വിളിച്ചു.
"എന്തായിരുന്നെടെ പ്രശ്നം.?"
അവന്‍ എന്നെ ഒന്നു രൂക്ഷമായി നോക്കിയ ശേഷം പറഞ്ഞു.
"ഞാന്‍ ചോദ്യ പേപ്പര്‍  കണ്ടു നക്ഷത്രമെണ്ണി നില്‍ക്കുമ്പോ, ആ പരമനാറി എന്നോട് ചോദിക്കുവാ,  അളിയോ ഇന്നേതാ പരീക്ഷ എന്ന് !!!"

Sunday, February 06, 2011

പെണ്ണുങ്ങളോട് രണ്ടു വാക്ക്

മലയാളിയുടെ ചര്‍ച്ച-മേശകള്‍ക്കു ചൂട് കൂട്ടാന്‍ മറ്റൊരു കഥ കൂടി ബാക്കിയാക്കി "സൗമ്യ" വിട പറഞ്ഞു. ആ തീവണ്ടി കമ്പാര്‍ട്ട്മെന്റില്‍ വകതിരിവില്ലാത്ത ഒരു മനുഷ്യന്റെ (?) കയ്യില്‍ പെട്ടു, പിടഞ്ഞു തീര്‍ന്ന സൗമ്യ, കേരളത്തിലെ എന്നല്ല; ആകെ സ്ത്രീകളുടെ തന്നെ അരക്ഷിതാവസ്ഥക്ക്  ഒരു നേര്‍ക്കാഴ്ചയായി മാറുകയാണ്. സര്‍വ്വേകളും കണക്കുകളും കാട്ടി 'സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് കേരളത്തിലാണെന്ന്' വീമ്പിളക്കുന്ന മലയാളികള്‍ക്ക് "അഭിമാനിക്കാന്‍" ഒരു വക കൂടിയായി; കേരളത്തിന്‌ പുറത്തു ഇത് വരെ ഇങ്ങനൊരു സംഭവം ഇത് വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. 
   പെണ്ണുങ്ങളെ കാണുമ്പോള്‍ നോക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നത് ആണുങ്ങളുടെ ഒരു സ്വഭാവവിശേഷമാണ്. അത് ഈ പറയുന്ന ഞാനാണെങ്കില്‍ പോലും. (അതല്ല, പെണ്ണുങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍, സത്യമായും സുഹൃത്തേ, നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്. ) പക്ഷെ, "അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള" വകതിരിവ്  നഷ്ടപെടുമ്പോഴാണ് കാര്യങ്ങള്‍ അവതാളത്തിലാവുന്നത്. ക്ലാസ്സ്‌മേറ്റ്സ് സിനിമയില്‍ സലിംകുമാര്‍ പറയും പോലെ, "ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം" എന്ന ലൈന്‍ പോരെ... നോക്കിക്കോ, ആസ്വദിച്ചോ...ബട്ട്‌ ഈ കയ്യാങ്കളി എന്തിനാ ?
   ആണുങ്ങളെ ഈ തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്തിനു സ്ത്രീകളുടെ "കയ്യിലിരിപ്പും" കാരണമാകാറുണ്ട് എന്നതാണ്  ഇതിന്റെ വേറൊരു വശം. നേരാം വണ്ണം- കുലീനമായി- വസ്ത്രം ധരിച്ചു നടക്കുന്ന ഒരു പെണ്ണിനെ, ആ രീതിയിലെ ആള്‍ക്കാര്‍ നോക്കൂ.അതല്ല, എല്ലാം കാണിച്ചേ അടങ്ങൂ എന്നാണു ലൈനെങ്കില്‍, സോറി എനിക്കൊന്നു പറയാനില്ല.( ചുരിദാറിന്റെ ഷാള്‍ കഴുത്ത്‌ മറക്കാനാനെന്നു ഞാന്‍ ഇന്നലെ എവിടെയോ വായിച്ചിരുന്നു. !!! ) മാത്രമല്ല പെണ്ണുങ്ങളെ കുഴീല്‍ ചാടിക്കാന്‍ പെണ്ണുങ്ങള് തന്നെ ഇറങ്ങി തിരിച്ചാല്‍ എന്ത് ചെയ്യും. ദാണ്ടെ, കൊല്ലത്തൊരു കോളേജിലെ വനിതാ-ഹോസ്ടലിലെ  കുളിമുറിയില്‍ കൂട്ടുകാരികളുടെ "കുളി" പിടിക്കാന്‍ ഒരുത്തി മൊബൈലും ഓണാക്കി വച്ചിരിക്കുന്നു. എന്ത് ചെയ്യും..? അപ്പൊ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
  അത്യാവശ്യം വായ്നോട്ടം കയ്യിലുള്ളതിനാല്‍, നമ്മള്‍ പഠിച്ച കാര്യങ്ങള്‍ വച്ചു സ്ത്രീകളോട് ചില കാര്യങ്ങള്‍ പറയട്ടെ.(അനുസരിക്കാനല്ല, വേണേല്‍ സ്വീകരിക്കാം, അല്ല പിന്നെ.)  
  • മാന്യമായി വസ്ത്രം ധരിക്കുക..(പിന്നെ വസ്ത്ര-സ്വാതന്ത്ര്യത്തില്‍ കൈയ്യിടുകയാനെന്നു തോന്നുന്നേല്‍.. വിട്ടു കള.. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ‍)
  • പകലാണെങ്കിലും  രാത്രിയാണെങ്കിലും നിങ്ങളുടെ സുരക്ഷ നിങ്ങള്‍ തന്നെ ഉറപ്പു വരുത്തുക. അതിനു കേരള പോലിസിനെയോ റെയില്‍വേ പോലിസിനെയോ കാത്തിരിക്കണ്ട. വല്ലവനും കയറി "ഇടപെടാന്‍ " ശ്രമിക്കുമ്പോള്‍ നല്ല മര്‍മ്മം നോക്കി പെരുമാറിയേക്കണം.
  • അപരിചിരുമായി ഇടപഴകുമ്പോള്‍ അതിന്റേതായ ഒരു അകലം പാലിക്കുക. ഉടനെ തന്നെ ഫോണ്‍ നമ്പറും ബയോ-ഡാറ്റയും എടുത്തു വിതരണം ചെയ്യാന്‍ നിക്കണ്ട. ഒരു പരിധി വരെ സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും പ്രോത്സാഹനം കിട്ടുമ്പോഴാണ് ആണുങ്ങള്‍ക്കു വേണ്ടാതീനങ്ങളൊക്കെ തോന്നുന്നത്, ശരിയല്ലേ.?  (ഇത് പറഞ്ഞെന്നു വച്ചു, ഞാന്‍ വരുമ്പോള്‍ മിണ്ടാതിരിക്കരുത് കേട്ടോ..)
  ഇതൊക്കെ പറഞ്ഞെന്നു കരുതി നിങ്ങള്‍ നന്നാകുമെന്നോ, ഞാന്‍ നല്ലതാകണമെന്നോ  ഇല്ല. കാര്യങ്ങള്‍ കേട്ടപ്പോള്‍ ചിലതൊക്കെ പറയണമെന്ന് തോന്നി... ദാറ്റ്സ് ഓള്‍. 


പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്ക് കാത്തുനില്‍ക്കാതെ വിട പറഞ്ഞ സൗമ്യക്ക്‌ ഒരിക്കല്‍ കൂടി ശാന്തി നേരട്ടെ....

Wednesday, January 19, 2011

പ്രണയം (?)മിനിയാന്ന്, 
നീളന്‍ മിഴികൊണ്ടൊന്നു കൊളുത്തി വലിച്ചു,
മുടി പിന്നി, തുളസിക്കതിര്  ചൂടി, 
ചുവന്ന ദാവണിയില്‍, കൊലുസ്സ് കിലുക്കി,
വടക്കിനി കോലായിലെ തൂണിനു പിറകില്‍ മറഞ്ഞു.

ഇന്നലെ,
കണ്ണിലേക്കു നോക്കി, ഇഷ്ടം പറഞ്ഞു,
"അനാര്‍ക്കലി" ചുരിദാറിന്റെ വില കേള്‍പ്പിച്ചു,
കൊളുത്തും കയറും എന്റെ കഴുത്തില്‍ മുറുക്കി,
പിറകെ നടത്തിച്ചു 


ഇന്ന് രാവിലെ,
"സിം കാര്‍ഡ്‌" മാറ്റി, "ലെവിസിന്റെ" ജീന്‍സില്‍, 
കാലു കവച്ചിരുന്നു, മറ്റൊരുത്തന്റെ വയറ്റില്‍ കൈ ചുറ്റി,
ബൈക്കിന്റെ പുറകില്‍, തമ്പാനൂരിലൂടെ...


You might also like:
പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്
കുറ്റിപെന്‍സില്‍
പ്രണയം പറഞ്ഞതിങ്ങനെ
നിന്നെയും കാത്ത്
ഇന്നു നീ ജൂലിയറ്റ്, ഞാന്‍ റോമിയോ
വാഗ്ദാനം അഥവാ വാണിഭം

Saturday, January 01, 2011

ദന്തസൗന്ദര്യത്തിന്റെ നാള്‍വഴികള്‍

ദേ വീണ്ടും എന്തോ പറ്റി. ബ്ലോഗ്‌ എഴുത്ത് പോട്ടെ, മറ്റുള്ളോര്‍ എഴുതി വച്ചിരിക്കുന്ന ഒരു സാധനം പോലും തൊട്ടു നോക്കാന്‍ പറ്റീല. ഓരോ സമയത്ത് ഓരോ പരിപാടി. സോ, ഒരു ഒന്നൊന്നര മാസമായി ശരിക്ക് പറഞ്ഞാല്‍ ബ്ലോഗ്‌ എന്ന് പറയുന്ന ഈ സാധനം തുറന്നു പോലും നോക്കാന്‍ പറ്റിയില്ല. (?) വ്രതം നോക്കുമ്പോള്‍ ബ്ലോഗ്‌ വായിക്കരുതെന്ന് എവിടേം പറഞ്ഞിട്ടില്ല.. എന്നിട്ടും ഒരു ബ്ലോഗ്‌ പോലും ശരിക്ക് വായിക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞാല്‍....ഷെയിം..ഷെയിം..

പിന്നെ എഴുതാന്‍ മാത്രമായി വിശേഷം എന്താന്ന് ചോദിച്ചാല്‍ , എന്റെ പല്ലിന്റെ മോളില്‍ കെട്ടി വച്ചിരുന്ന വാര്‍ക്കയും കമ്പിയും  പലകേം എല്ലാം കൂടി കഴിഞ്ഞ ദിവസം വലിച്ചിളക്കി കളഞ്ഞു. ഇപ്പോള്‍ ഏതാണ്ട് സംഭവങ്ങളൊക്കെ ഒരു വരിയും നിരയും ആയിട്ടുണ്ട്‌. 
സംഭവത്തിന്റെ ഒരു പഴയ പോസ്റ്റ്‌ താഴെ ഉണ്ട്. മുന്നേ വായിച്ചവര്‍ വലതു മോളില്‍ കാണുന്ന x ബട്ടണില്‍ പ്രസ്‌ ചെയ്യുക.


ദന്തസൗന്ദര്യത്തിന്റെ നാള്‍വഴികള്‍


എന്റെ മാഷേ, ഈ സമയം എന്നൊക്കെ പറഞ്ഞാല്‍ ഇതൊക്കെയാണ് ടൈം. അല്ലെങ്കില്‍ പിന്നെ എനിക്കീ വേണ്ടാത്ത പരിപാടി തോന്ന്വോ. അല്ലേലും ഈ മനുഷ്യന്മാരു മൊത്തം അത്യാഗ്രഹികളാണെന്നു പറയുന്നത് വെറുതെയല്ല. എന്റെ കാര്യം തന്നെ എടുക്കാം. ദൈവം അറിഞ്ഞൊണ്ട് കൊറച്ചു സൌന്ദര്യം കൂട്ടി തന്നു, ങൂ ഹും പോര, ഇച്ചിരി കൂടി വേണം. അതിപ്പോ ഇനി ദൈവത്തിനോട് ചോദിയ്ക്കാന്‍ പറ്റുമോ ? ഇല്ല. അപ്പൊ പിന്നെ വേറെ വഴി നോക്കുക തന്നെ.

എല്ലാ മനുഷ്യജീവിയേയും പോലെ, സ്വന്തം ഫോട്ടോ പിടിച്ചു ആസ്വദിക്കുക എന്ന ദുസ്വഭാവം എനിക്കും ഇച്ചിരി ഉണ്ടെന്നു വിചാരിച്ചോ. ദാണ്ടെ ആരോ എടുത്ത ഒരു പടത്തില്‍ നമ്മടെ പല്ലു ഇച്ചിരി പൊങ്ങി ആണോ ഇരിക്കുന്നത് എന്നൊരു സംശയം. വീണ്ടും പല പോസുകള്‍ നോക്കി. കണ്ണാടി എടുത്തു ഗവേഷണം ആരംഭിച്ചു. പിന്നെ പിന്നെ പോണ വഴിയില്‍ കാണണ ലെവമാരെയൊക്കെ ചെക്കു ചെയ്യാന്‍ തുടങ്ങി. അവസാനം അത് കണ്ടു പിടിച്ചു. ദന്തസൌന്ദര്യം ഇച്ചിരി കുറവാണ്. രാവിലെ തന്നെ വളരെ കഷ്ടപെട്ടാണ് പല്ലു തേക്കുന്നത്. ഇപ്പൊ പിന്നെ രാത്രിജോലിയും മറ്റും കാരണം വൃത്തിയുടെ കാര്യം ഇച്ചിരി മോശമാണ്. മാത്രമല്ല പല്ലിന്റെ വരിയും നിരയുമൊക്കെ സ്കൂളില്‍ പിള്ളേര്‍ അസ്സെംബ്ലിയില്‍ നില്ക്കുന്ന മാതിരി zig-zag മാതിരിയും. അപ്പൊ പിന്നെ ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റൂ. അന്വേഷിച്ചപോള്‍ പല്ലു കമ്പി കെട്ടിയാല്‍ ഇച്ചിരി നേരെയാകും എന്ന വിവരം കിട്ടി. എന്നാല്‍ പിന്നെ നമ്മളെ കെട്ടിക്കുന്നതിനു മുന്പ് പല്ലു കേട്ടിച്ചെക്കാം എന്നങ്ങു തീരുമാനിച്ചു.

നേരെ നമ്മടെ ദന്തവിദഗ്ദനെ കാണുന്നു; കാര്യം പറയുന്നു.
"പല്ലുകള്‍ ഇച്ചിരി പൊങ്ങി ആണ് ഇരിക്കുന്നത്. but, കാഴ്ചക്ക് വലിയ കുഴപ്പമൊന്നുമില്ല. പിന്നെ ഇച്ചിരി stylish ആക്കാന്‍ വേണേല്‍ ക്ലിപ്പ് ഇടാം. പിന്നെ ഇയാളുടെ താടിയെല്ല് ഇച്ചിരി മാറിയാണ് ഇരിക്കുന്നത്. വേണേല്‍ പിന്നീട് നമുക്കതും ശരിയാക്കാം. കമ്പി ഇടണേല്‍ നാല് പല്ലുകള്‍ കളയേണ്ടി വരും. പിന്നെ വിസ്ഡം ടീത്ത്‌; അത് എടുത്തു കളയുന്നതാണ് നല്ലത് ".
ആഹാ.. എന്റെ പല്ലിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന് ഏറെ കുറെ ഉറപ്പായി.

തല്‍ക്കാലം ക്ലീനിംഗ് ചെയ്തു പോകാനും പിന്നീട് ഡേറ്റ് ഫിക്സ് ചെയ്തു "കമ്പി കെട്ടിക്കല്‍" കര്‍മ്മം നടത്താനും തീരുമാനമായി. റിസപ്ഷനില്‍ വച്ചു കണ്ട അതെ പെന്കൊച്ചു തന്നെ ക്ലീനിംഗ് പരിപാടി ചെയ്തു തന്നു.
(അതെ മാഷേ , ഞാനും കൂട്ടുകാരനും "നല്ല കുട്ടി" എന്ന് പറഞ്ഞില്ലേ , ഓര്‍ക്കുന്നില്ലേ ? ആ അതെ കുട്ടി തന്നെ. ചിത്രത്തില്‍ കാണുന്നത് വേറെ ആളാണ് ; എന്റെ ഒരു മദാമ്മ ഫ്രണ്ട്, ലെവള്‍ യുസ്സില്‍ വര്‍ക്ക്‌ ചെയ്യുന്നു. ഞാന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ പടം അയച്ചു തന്നതാണ്.) ബട്ട്‌, ആ കുട്ടി അത് വൃത്തിയായി തന്നെ ചെയ്തു കേട്ടോ.

അങ്ങനെ കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ സെപ്ടംബര്‍ 9 നു (09/09/09) കമ്പി കെട്ടിക്കല്‍ പരിപാടിയുടെ ആദ്യഘട്ടമായി പല്ലെടുക്കാന്‍ ചെന്നു. ഇപ്രാവശ്യം വേറൊരു ചേച്ചി (സോറി , ഒരു നല്ല ലേഡി ദന്തഡോക്ടര്‍ ) ആണ് പല്ലിന്റെ മേല്‍ കൈ വച്ചത്. ആദ്യം ഒരു കാമറ എടുത്തു നാലഞ്ച് പോസ്സില്‍ കുറ 'ദന്ത' പടങ്ങളെടുത്തു. പിന്നെ പല്ലിന്റെ താഴെ നിരയില്‍ 'മയക്കു വെടി' വച്ചു. ഒന്നും കാണണ്ടല്ലോ എന്ന് കരുതി ഞാന്‍ കാണും അടച്ചങ്ങു കിടന്നു. ദേ നോക്കണേ , ദൈവം അറിഞ്ഞൊണ്ട് തന്ന നല്ല ഉറപ്പുള്ള രണ്ടു പല്ലുകള്‍ വേസ്റ്റ് ബിന്നില്‍ കിടക്കുന്നു. ആ, സാരമില്ല, എല്ലാം ശരിയാകും- എന്നാശ്വസിച്ചു. തുന്നലോക്കെ ഇട്ടു നല്ല കുട്ടപ്പനാക്കി തന്നു.

ഫുഡ്‌ എങ്ങനെ, കുളിക്കാമോ, ബ്രഷ് ചെയ്യാമോ എന്നൊക്കെ മരവിച്ച വായ കൊണ്ടു എങ്ങനെയോ ചോദിച്ചു മനസ്സിലാക്കി. അടുത്ത പല്ലുകള്‍ എടുക്കാന്‍ ഡേറ്റ് ഫിക്സ് ചെയ്തു സ്ഥലം വിട്ടു. നിര്‍ദേശപ്രകാരം ഫുഡ്‌ ഐസ്ക്രീമില്‍ ഒതുക്കി, രാത്രി ഒരു ഫ്രൂട്ടിയും കഴിച്ചു കിടന്നു.

പിന്നീടുള്ള ഫുഡിന്റെ കാര്യമായിരുന്നു കഷ്ടം. എന്തെങ്കിലും കഴിച്ചാല്‍ പകുതി ഈ രണ്ടു പല്ലിന്റെയും ഗ്യാപ്പില്‍ കിടക്കും. ഒരു വിധം എങ്ങനെയ്ക്കെയോ രണ്ടു മൂന്നു ദിവസം കഴിച്ചു കൂട്ടി.
ദാന്റെ നാളെ രാവിലെ അടുത്ത ഘട്ടം. നല്ല രണ്ടു പല്ലു കൂടി നാളെ കളയും.
എന്താകുമോ എന്തോ. എല്ലാം ഞാന്‍ തന്നെ വരുത്തി വച്ചതാണല്ലോ, അനുഭവിക്കുക തന്നെ.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം