Friday, December 21, 2012

ഡല്‍ഹിയിലെ ചില പുണ്യാത്മാക്കള്‍കസബ് പോയതിനു ശേഷം, ബാക്കി വന്ന ബിരിയാണി ആര്‍ക്കു കൊടുക്കും, ഇനി ആരെ തീറ്റിപ്പോറ്റും എന്ന് ആലോചിക്കുവായിരുന്നു. ദാണ്ടേ, ഒന്നിന് പകരം അഞ്ചെണ്ണം. മതി, ഇത് മതി. കസബിനെ പോലെ, കേസ് വലിയ സീരിയസ് ഒന്നുമല്ല. ഡല്‍ഹിയില്‍  ഒരു പെണ്ണിനെ ചുമ്മാ ഒന്ന് പീഡിപ്പിച്ചു. ആരുടെയോ ഭാഗ്യം, ആ കൊച്ചു ജീവനോടെ ബാക്കിയായി. (ഇവര്‍ക്ക് ഭാഗ്യമില്ല, അതിന്റെ ജീവന്‍ പോയിരുന്നേല്‍, ബിരിയാണി മട്ടന്‍ ആയേനെ.)

ഇനിയിപ്പോ തടിയൊക്കെ ഉഷാറാക്കി, ഒന്ന് മെനയാവാം. ജയിലിനുള്ളില്‍ വച്ച് എങ്ങനെ ആരോഗ്യം നന്നാക്കാം എന്ന കാര്യത്തില്‍, എന്തെങ്കിലും സംശയം വരുകയാണേല്‍, ആ ഗോവിന്ദച്ചാമിയോടോ, വിശ്വരാജനോടോ ചോദിച്ചാല്‍ മതി. (അറിയില്ല ?, അല്ലെങ്കിലും നിങ്ങള്‍ക്ക് മഹാന്മാരെ പറ്റി പഠിക്കാന്‍ ഇഷ്ടമല്ലല്ലോ. ഗോവിന്ദച്ചാമി- സൗമ്യ വധകേസ് , വിശ്വരാജന്‍ - സ്മിത വധകേസ്  ). അവര് പറഞ്ഞു തരും എങ്ങനെ നന്നാവാം എന്ന്; സ്വഭാവമല്ല, തടി നന്നാക്കുന്ന കാര്യം.

പക്ഷെ എന്റെ സങ്കടം അതല്ല, ഈ അഞ്ചു പേരും ആ പുണ്യജീവിതം ജീവിച്ചു തീര്‍ക്കും മുന്നേ, വല്ല ഡെങ്കിപ്പനിയും ജലദോഷവും പിടിച്ചു ചത്ത്‌ പോകുമോ എന്നാ.

- പ്രതികരണശേഷി അറബികടലില്‍ എറിഞ്ഞ ഒരു പാവം വായനോക്കി-

Tuesday, December 11, 2012

ഉറക്കംതൂങ്ങികളെ ഇതിലേ ഇതിലേ ...പകല്‍ സമയത്തും ജോലിസമയത്തും ഉറക്കം തൂങ്ങി ഇരിക്കുന്ന ആളാണോ നിങ്ങള്‍ ? എപ്പോഴും ഒരു ക്ഷീണം അനുഭവപ്പെടാറുണ്ടോ ? എങ്കില്‍ ഒന്നും സംശയിക്കാനില്ല, ഉറക്കക്കുറവ് തന്നെ കാരണം. എന്നാല്‍ പിന്നെ എന്തിനാടോ താന്‍ ഉണ്ടാക്കുന്നേ എന്ന് ചോദിക്കാന്‍ വരട്ടെ. ഇതിനു കാര്യമായി പഠിക്കാന്‍ ഒന്നുമില്ല; എന്നാലും പഠിപ്പുള്ളവര്‍ പഠനങ്ങള്‍ നടത്തി കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കണ്ടേ. സംഭവം ഉറക്കക്കുറവാണെന്ന് എല്ലാരും പറയുന്നു; പക്ഷെ എങ്ങനെ ഉറക്കം കുറയുന്നു ? അവിടെയാണ് കാര്യം.

പല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് ഉണ്ടാകാം. ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ദഹനക്കുറവു മൂലമുള്ള പ്രശ്നങ്ങള്‍, ആസ്തമ മുതലായവ കാരണമുള്ള ശ്വസതടസ്സങ്ങള്‍, (സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍)  തുടങ്ങി വിഷാദരോഗങ്ങള്‍ പോലെയുള്ള വൈകാരിക പ്രശ്നങ്ങള്‍ വരെ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. "സ്ലീപ്‌ ആപ്നിയ" അഥവാ ഉറക്കത്തില്‍ താല്‍ക്കാലികമായി തൊണ്ട അടഞ്ഞു പോകുന്ന അവസ്ഥയും ഉറക്കത്തെ  സാരമായി ബാധിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ശരാശരി 8 മണിക്കൂര്‍ രാത്രി ഉറക്കം  ആവശ്യമാണെന്ന്  പറയുന്നു.

ഉറക്കക്കുറവ് ലക്ഷണങ്ങള്‍
പെട്ടെന്ന് പ്രതികരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ കഴിയാതെ വരിക, സംസാരിക്കുന്നതില്‍ അവ്യക്തത ഉണ്ടാവുക, ഉന്മേഷക്കുറവു അനുഭവപ്പെടുക തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. എല്ലാ കാര്യങ്ങളിലും ഒരു അസഹ്യത പ്രകടമാകുന്നതും ഇതിന്റെ ലക്ഷണമാണ്.

പഠനങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
"Anemia, cancer, congestive heart failure, fibromyalgia, hepatitis or other infections, hypothyroidism, lupus, mononucleosis, and chronic stress - can sap your energy without interfering with sleep."

അത് പോലെ തന്നെ, ഇത്തരം അസുഖങ്ങളുമായി ബന്ധപ്പെട്ടു കഴിക്കുന്ന മരുന്നുകളും ഉറക്കാതെ ബാധിച്ചേക്കാം. ഇതിനായി  ഡോക്ടറോട് ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

നല്ല ഉറക്കത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍
  • ഉറക്കത്തിനായി ഒരു കൃത്യസമയം കണ്ടു വയ്ക്കുക; അത് പാലിക്കുക.
  • പകലുറക്കം കഴിവതും ഒഴിവാക്കുക
  • ഉറക്കത്തിനു മുമ്പായി ലഘുവായുള്ള വ്യായാമങ്ങള്‍ ശീലിക്കുക
  • ഉറങ്ങുന്നതിനു മുമ്പ് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കുന്നത് ഉറക്കത്തെ സഹായിക്കും.
  • വെളിച്ചം, ശബ്ദം പോലുള്ള ഉപദ്രവങ്ങള്‍ ഒഴിവാക്കാന്‍ ഇയര്‍ പ്ലുഗ്ഗുകള്‍, സ്ലീപ്‌ മാസ്കുകള്‍ എന്നിവ ഉപയോഗിക്കാം.
  • മദ്യം പോലുള്ളവ ഒഴിവാക്കുക. (രണ്ടെണ്ണം അടിച്ചാല്‍ നല്ല ഉറക്കം കിട്ടും എന്ന അഭിപ്രായക്കാരോട് ഒന്നും പറയാനില്ല)
  • ഓഫീസിലെയും വീട്ടിലെയും പ്രശ്നങ്ങള്‍ കിടക്കയിലേക്ക് വലിച്ചു കൊണ്ട് പോകാതിരിക്കുക.
  • ഉറക്കം വരുന്നില്ലെങ്കില്‍ മസ്സില് പിടിച്ചു ഉറങ്ങാന്‍ ശ്രമിക്കരുത്. പകരം കുറച്ചു നേരം എണീറ്റ് വായിക്കുകയോ മറ്റോ ചെയ്യുക. ഉറക്കം വരുമ്പോള്‍ കിടക്കുക.

ഇത് വായിച്ചിട്ടും, തിരിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ സുഹൃത്തേ, ഒരു ഡോക്ടറെ കാണിച്ചു പരിഹാരം കണ്ടെത്തൂ. പകല്‍ ഉറക്കം തൂങ്ങുന്നത് മഹാമോശമല്ലേ..


അവലംബം : www.cbsnews.com

Wednesday, November 28, 2012

ഇതൊരു സൈബര്‍ രോഗമാണോ ഡോക്ടര്‍ ?


പ്രിയപ്പെട്ട ഡോക്ടര്‍,

വളരെ വിഷമത്തോടെയാണ് ഞാന്‍ ഈ കത്ത് അയക്കുന്നത്. ഒരു ഇ-ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ഒരു സാധാരണ സൈബര്‍ രോഗിയായി കണ്ടു എന്നെ കൈയ്യൊഴിയരുത്. വിഷയത്തിലേക്ക് കടക്കാം.

നല്ല നിലയില്‍ പോസ്റ്റുകള്‍ ഇടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ നല്ല രീതിയില്‍ കമ്മന്റുകള്‍ ഒക്കെ ഇട്ടു (തിരിച്ചു കിട്ടണം എന്ന ദുഷ് ലാക്കോടെ തന്നെ) എന്റെ ഫേസ്ബുക്ക്‌ ജീവിതം അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ പോകുകയായിരുന്നു.

അതിനിടയിലാണ് ഇടിത്തീ പോലെ ചില വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. ചില മഹാന്മാര്‍ (ഞാന്‍ ശരിക്കും മഹാന്‍ എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ) മൃതിയടഞ്ഞപ്പോള്‍ അവരെ കളിയാക്കി കൊണ്ട് ചില ദേശദ്രോഹികള്‍ ഇട്ട പോസ്റ്റുകളെ /കമന്റുകളെ അടിസ്ഥാനമാക്കി അവരെ അറസ്റ്റു ചെയ്തു എന്നതായിരുന്നു അത്. അവര്‍ ചെയ്തത് തികച്ചും ബുദ്ധിമോശവും പൊട്ടത്തരവും ആണെന്ന കാര്യത്തില്‍ സംശയമില്ല. (അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടിയില്ലെങ്കിലും, അവളുടെ അമ്മാവന് കിട്ടിയല്ലോ... അതാണ്‌ ദൈവം) എന്നിട്ടും അവരെ രക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ അമ്പരിപ്പിക്കുന്നു. (സത്യം !!!). ദാണ്ടെ , ഇന്നുച്ചയ്ക്ക് വേറെ ഒരുത്തനെ കൂടി പൊക്കിയിരിക്കുന്നു. പാവം 17കാരന്‍, അറിയാതെ ആണെങ്കിലും "തെറ്റ് ചെയ്തിരിക്കുന്നു.

ഇതൊക്കെ പോട്ടെ, പണ്ടെങ്ങാണ്ട് ഇന്റര്‍നെറ്റ്‌ വഴി ചില "ലോകോത്തര മലയാള ചിത്രങ്ങള്‍" കണ്ടു എന്നും പറഞ്ഞു കുറെ പേരെ ഏതോ എജന്റ്റ് വഴി പോലിസ് പിടിച്ചെന്നും, പിടിക്കുമെന്നും കേള്‍ക്കുന്നു. സിനിമയുടെ പകുതി ആയപ്പോഴാണ് അത് ഇതാണെന്നും, ഇങ്ങനെ കാണരുതെന്നും ഞാന്‍ അറിയുന്നത്. അറിയാതെ ചെയ്തതാണെന്നും ഇനി  ആവര്‍ത്തിക്കില്ല എന്നും ഞാന്‍ 10പ്രാവശ്യം അതിന്റെ താഴെ  കമന്റ്‌ ഇട്ടിട്ടുണ്ട്. (അവര്‍ അത് കണ്ടോ ആവോ)

ഡോക്ടറെ ഞാന്‍ മുഷിപ്പിക്കുന്നില്ല. പറഞ്ഞു വന്നത് ഇതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ആകെ പേടിയാകുന്നു. ധൈര്യമായി ഒരു പോസ്ടിടാനോ, ആരെങ്കിലും ഇട്ട പോസ്റ്റില്‍ ഒരു കമന്റ്‌ ഇടാനോ ലൈക്‌ അടിക്കാനോ പേടിയാകുന്നു. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരെര്‍ തുറന്നിട്ട് ദിവസങ്ങള്‍ ആയി, ഫയര്‍ഫോക്സും ഗൂഗിള്‍ ക്രോമും പൊടി പിടിച്ചു കിടക്കുന്നു, പാട്ട് കേള്‍ക്കാന്‍ പോലും ധൈര്യമില്ല.

ഉറക്കത്തില്‍ ഫേസ് ബുക്കിന്റെ ലോഗിന്‍ പേജും യുട്യൂബും ടോറന്റ് സൈറ്റുകളും കണ്ടു ഞെട്ടി ഉണരുന്നു. ഫേസ് ബുക്കില്‍ കമന്റ്‌ ഇട്ടതിനു ആദ്യമായി അറസ്റ്റു നടന്നത് ജനാധിപത്യ ഇന്ത്യയിലും , പിന്നീട് ചൈനയിലും ആണെന്ന് കേട്ടു. ഇങ്ങനെ സ്വപനം കാണുന്നതിനും കേസ് എടുക്കുമോ ? അതിന്റെ ഒരു നിയമവശം എന്താണ് ?
(ഈ കാര്യം ഞാന്‍ അപ്പുറത്തെ വീട്ടിലെ നാരായണന്‍  ചേട്ടനുമായി സംസാരിച്ചിരുന്നു. അങ്ങൊരു പണ്ടത്തെ ഗുമാസ്തനാണെ)

നല്ല ഉപദേശം നല്‍കി, ഇ-ആത്മഹത്യയുടെ വക്കില്‍ നിന്നും എന്നെ രക്ഷിക്കണം.

എന്ന്
ഒരു സൈബര്‍ രോഗി.

Thursday, October 11, 2012

മലാല


മലാല ഒരു മാലാഖയല്ല
എന്നിട്ടും ചെകുത്താന്മാര്‍ക്ക്  അവള്‍ ശത്രുവായി
യുദ്ധം നടത്തുന്ന ചെകുത്താന്മാര്‍
പക്ഷെ ദൈവനാമം ഉച്ചരിക്കുന്നുണ്ടായിരുന്നു.

ഇന്നീ മരുന്ന് മുറിയില്‍,
മോണിട്ടറിലെ ജീവന്റെ തുടിപ്പിന്
അവളുടെ സ്നേഹത്തോളം 
ആയുസ്സുണ്ടാവട്ടെ...

Tuesday, August 28, 2012

പ്രവാസിയുടെ ഓണം


"കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത" ഒരു  നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു, പ്രവാസി മലയാളികളും ഇന്ന്  ഓണം ആഘോഷിക്കുന്നു "ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി കൊണ്ട്, സഹപ്രവര്‍ത്തകരും നാട്ടുകാരും കൂടിചേര്‍ന്ന് ഇവിടെ ഈ കടലിനക്കരെ ഓണം ആഘോഷിക്കുമ്പോള്‍,    ഇന്ന്  ഓരോ മലയാളി കൂടിച്ചേരലുകളും ഓരോ ചെറു-കേരളങ്ങളെ തീര്‍ക്കുന്നു. "ആറ് മലയാളിക്ക് നൂറു മലയാളം" എന്ന പോലെ, പ്രവാസികളുടെ തന്നെ ഭാഷ കടമെടുത്താല്‍, "നൂറു മലയാളികളും നൂറ്റിയമ്പത് സംഘടനകളും" ഉള്ള എല്ലായിടങ്ങളിലും ഓണം ചെറുതല്ലാത്ത രീതിയില്‍ തന്നെ ആഘോഷിക്കപ്പെടുന്നു.

"പൂവേ പൊലി" വിളികള്‍ കേള്‍ക്കാനില്ലെങ്കിലും "മത്സര പൂക്കളങ്ങളില്‍"" ആശ്വാസം കണ്ടെത്തി ഓരോ പ്രവാസിയും മനസ്സില്‍ "മാവേലി നാട് വാണീടും കാലം" സങ്കല്‍പ്പിച്ചു ; "ആമോദത്തോടെ വസിക്കും കാലം " സ്വപ്നം കാണുന്നു. നാട്ടിലെ ഓണം, ചാനലുകളിലെ "ബ്ലോക്ക്‌ ബ്ലസ്റ്റര്‍ " ചിത്രങ്ങളില്‍ കണ്ടുതീരുമ്പോള്‍, ഒരു പക്ഷെ കൂടുതല്‍ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളായിരിക്കും. മലയാളി- സൌത്ത് ഇന്ത്യന്‍ ഹോട്ടലുകളിലെ റെഡിമെയിഡ് ഓണസദ്യ-കളും മറുനാടന്‍ മലയാളിയുടെ ഓണാഘോഷത്തിനു രുചി കൂട്ടുന്നു.

ഒരു പരിധി വരെ, ഓരോ പ്രവാസിയും ഒരു മാവേലി ആയി സ്വയം സങ്കല്‍പ്പിക്കുന്നു. അഭിനവ  വാമനന്‍ ആയ, "മുതലാളി-മേലുദ്യോഗസ്ഥന്റെ" കനിവ് കിട്ടിയാല്‍, ഈ ഓണക്കാലത്ത് കേരളമെന്ന സ്വന്തം "രാജ്യത്തേക്ക്" ഒരു യാത്ര, അവരുടെ സ്വപ്നമാണ്. അതിനു വേണ്ടി മൂന്നടി മണ്ണ് എന്ന പോലെ, ആണ്ടില്‍ മുന്നൂറു ദിവസവും അവധിയില്ലാതെ ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്.

തുമ്പയും മുക്കുറ്റിയും ഇനിയും പൂക്കുമെന്നു കൊതിച്ചു, ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഓണം ആഘോഷിക്കുന്നത് സ്വപ്നം കണ്ടു നമുക്കും  ഈ ഓണത്തെ കൊണ്ടാടാം. എല്ലാ  മലയാളികള്‍ക്കും   ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

Tuesday, July 31, 2012

കാത്തുനില്‍പ്പ്

ഇന്നീ നിലാവിന്റെ തണുത്ത പുതപ്പിനേക്കാൾ 
മഞ്ഞു വീണ വഴിയേ നടക്കുന്നതാണെനിക്കിഷ്ടം.
പുലരുവോളം ഉറങ്ങാതെ കാത്തു നിൽക്കാനൊരാൾ 
വഴിക്കണ്ണുമായ്‌ കാത്തിരുക്കുന്നു എന്നറിഞ്ഞാൽ

Monday, May 21, 2012

ഞാന്‍ നടന്ന വഴി

ഇന്നലെ വരെ ഞാന്‍ ഇന്നിന്റെ, വക്താവായിരുന്നു.
ഇനി മുതല്‍ നാളെയുടെ, എനിക്കറിയാന്‍ മേലാത്ത
ഭാവിയുടെ സ്വപ്നാടകനാകുന്നു ... 
വഴി നീളെ വെളിച്ചം കാണുമെന്നു കൊതിച്ചു കൊണ്ട്,
വഴി കാണിച്ചവരെ തേടി നടക്കട്ടെ ഇനി ഞാന്‍...Saturday, April 28, 2012

ഇവിടെയിന്നലെ മഴ പെയ്തപ്പോള്‍


Photograph: Haris kuttippuram
Courtesy : Madhyam Online
തുലാവര്‍ഷമാണോ കാലവര്‍ഷമാണോ;
അറിയില്ല, ഇന്നലെ ഇവിടെയും മഴ പെയ്തു.


ആദ്യം മഴക്കാറിന്റെ കെട്ട് പൊട്ടിച്ചു
തുള്ളികളായ്, പിന്നെ വളര്ന്നു നേര്ത്ത നൂല് പോലെ...
പൊടിമണ്ണില്‍ വീണു, നനുത്ത മണം പരത്തി,
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റു പൊട്ടിയ പോലെ.


നഗരത്തിലെ മഴ വ്യത്യസ്തമായിരുന്നു,
ഇത്തിരി പെയ്താലും ഒത്തിരിയായി,
പെയ്തതോക്കെയും തളം കെട്ടി
ഒഴുകാന്‍ മടിച്ചു ആകാശം നോക്കി കിടക്കും.


അറിഞ്ഞു പെയ്താല്‍ പിന്നെ
അടിയിലുള്ളതോക്കെയും കെട്ടിപ്പെറുക്കി
പിന്നോട്ട് നോക്കാതെ പൊട്ടിപ്പോളിഞ്ഞൊരു കുതിപ്പ്;
ശരിക്കും 'നഗരം ഒരു മഹാസാഗരം'


ഓടകളുടെ ഗര്‍ഭപാത്രം പൊട്ടി,
ഒരുമിച്ചൊഴുകി, "ശ്രീധര്‍ സര്‍ക്കിള്‍" വഴി കറങ്ങി
ഒടുവിലെങ്ങുമെത്താതെ ബാക്കിയുള്ളവരെയും കാത്തു
"ആമയിഴന്ചാന്‍ തോടിന്റെ" അടിയില്‍...


ഔട്ടറില്‍ പിടിച്ചിട്ട പരശുരാം എക്സ്പ്രസ്സില്‍
പാളം മൂടിയ വെള്ളത്തെ ശപിച്ചു
ഇതു വരെ വരാത്ത മഴയെ കുറ്റം പറഞ്ഞു
അന്യോന്യം പരിഭവിക്കുന്നോര്‍


ഇരയെയും കാത്തു ചെളിവെള്ളം നിറച്ചു
വികസനത്തിന്റെ "ജപ്പാന്‍ കുഴികള്‍"
കരയില്‍ മണ്ണുമാന്തികള്‍ ചെളിയില്‍ കാലുറപ്പിച്ചു,
ചാറ്റല്‍മഴ നനഞ്ഞുകൊണ്ടിരുന്നു.


"മെട്രോ-മനോരമ"-യില്‍ പടം വരാന്‍ പാകത്തില്‍
മുട്ട് വരെ തുണി പൊക്കി, ആണും പെണ്ണും ചേര്‍ന്ന
മഴ-യാത്രികര്‍, ഇവര്‍ നാണക്കേടിന്റെ
നഗരമഴയുടെ രക്തസാക്ഷികള്‍


ടൂറിസം മന്ത്രി വാഗ്ദാനം ചെയ്തത്,
കിഴക്കേകോട്ടയില്‍ ബോട്ട് സര്‍വീസ് തുടങ്ങാന്‍.
"ഗാന്ധി പാര്‍ക്കില്‍" ജനനായകന്മാര്‍ ചര്ച്ച ചെയ്തത്
അവിടെ സ്റ്റോപ്പ്‌ അനുവദിക്കണമെന്നായിരുന്നു.

* ജപ്പാന്‍ കുഴികള്‍ - ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി റോഡു നീളെ കുഴിച്ച ഇനിയും മൂടാത്ത കുഴികള്‍.
** ശ്രീധര്‍ സര്‍ക്കിള്‍, ആമായിഴന്ചാന്‍ തോട്, ഗാന്ധി പാര്‍ക്ക് - തിരുവനന്തപുരത്തെ ഹൃദയഭാഗങ്ങള്‍

Friday, April 20, 2012

നാം കാണാതെ പോയ "പീപ് ലി (ലൈവ്)"

കാണാന്‍ മറന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ട് കിടക്കുകയായിരുന്നു  "പീപ് ലി (ലൈവ്)" . നല്ല സിനിമകള്‍ക്ക്  തിയേറ്റര്‍ കിട്ടാതെ വരുന്നത് കൊണ്ട് തന്നെ, ആദ്യമേ കുറ്റസമ്മതം നടത്തട്ടെ, "പീപ് ലി  (ലൈവ്)" കാണാന്‍ ടോറന്റ് വെബ്‌ സൈറ്റുകളെ ആശ്രയിക്കെണ്ട് വന്നു. രണ്ടു പ്രാവശ്യം കണ്ടാലും മതി വരാത്ത വിധത്തില്‍  ആ പ്രമേയത്തെ നല്ല രീതിയില്‍ വെളിച്ചം കാണിച്ച അനുഷ റിസ്വി-യെ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല. 

കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു. ചെറിയ കാര്യങ്ങളെ പോലും രാഷ്ട്രീയമുതലെടുപ്പിനായി, ചെറുതാക്കി കാട്ടാനും, പെരുപ്പിച്ചു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനും  ജനസേവകര്‍ എന്ന് പറയുന്ന വിഭാഗത്തിനുള്ള കഴിവ് എത്ര മാത്രം ഉണ്ടെന്നു നമ്മള്‍ ഒരിക്കല്‍ കൂടി ഇവിടെ നിന്നും മനസ്സിലാക്കുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട  മാധ്യമങ്ങള്‍ക്ക് എവിടെയാണ് പാളിച്ച പറ്റുന്നത് എന്നും, ജനങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ഇതാണ് എന്ന രീതിയില്‍ "വാര്‍ത്താ മെനു" തയ്യാറാക്കി വയ്ക്കുന്ന മാധ്യമങ്ങള്‍ക്കും (എല്ലാവരെയും ഉദ്ദേശിച്ചല്ല ! ) ഒരു പുനര്‍ചിന്തനതിനുള്ള വഴിമരുന്ന് കൂടി ആണ് ഈ ചിത്രം.

കടബാധ്യതകളും പട്ടിണിയും കാരണം നട്ടം തിരിഞ്ഞു നില്‍ക്കുന്ന നാഥു എന്ന കര്‍ഷകനെയും കുടുംബത്തെയും കാണിക്കുന്നതിലൂടെ,  ആയുധ ശേഷിയിലും, സാങ്കേതിക വിദ്യയിലും ഉന്നതമാണെന്ന് നാം അഹങ്കരിക്കുന്ന  ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമാണ് നാം "പീപ് ലി  (ലൈവ്)"-ല്‍ കാണുന്നത്. "1991 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 8 മില്യണ്‍ കര്‍ഷകര്‍ ഇന്ത്യയില്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചു" എന്ന വലിയ കണക്കുമനസ്സിലാക്കാന്‍ ഈ  90 മിനിറ്റ് സമയമെങ്കിലും നാം മാറ്റി വയ്ക്കുക.

Saturday, March 31, 2012

മലേഷ്യന്‍ കുറിപ്പുകള്‍

അങ്ങനെ പറഞ്ഞു പറഞ്ഞു ഞാനും ഒരു പ്രവാസി ആയി. ഇങ്ങനെ ഒരു തലവര ഉണ്ടെന്നു ആര് കരുതി... ങാ , എല്ലാം വിധി. മലേഷ്യയില്‍ ജീവിക്കാനും തലേവര അങ്ങോര് വരച്ചു വച്ചിട്ടുണ്ടേല്‍ എന്തോന്ന് ചെയ്യാന്‍. 

പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നല്ല പാലക്കാടന്‍ / ബസുമതി അരി ചോറൊക്കെ കഴിച്ചു അവിടെ ചെന്നപ്പോ, ദാണ്ടെടാ നാസീ ഗോരെന്ഗ്, മീ ഗോരെന്ഗ് എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. അന്വേഷിച്ചു ചെന്നപ്പോ ദാണ്ടേ ആദ്യത്തേത് ഫ്രൈഡ് റൈസ് , മറ്റേതു നൂഡില്‍സ്. തള്ളേ,  എന്തരൊക്കെ പേരാണോ ആവോ ?  ആ, ഒള്ളതാവട്ടെ.  നൂഡില്‍സ് കണ്ടപ്പോ ഒരു ചിന്ന ഡൌട്ട്. ഇച്ചിരി തടി കൂടുതല്‍, ഇവന്‍ ഇനി മറ്റവന്‍ വല്ലതും ആണോ..? കണ്ടിട്ട് ഒരു "മണ്ണിര" ലുക്ക്‌. ഭഗവാനെ, പരീക്ഷണമാണോ  ?  ചോദിച്ചപ്പം പറയുവാ, ഇത് മലേഷ്യന്‍ സ്പെഷ്യല്‍ ആണ് പോലും. അല്ലേലും, പഴയ ഓഫീസിലെ കാന്റീനില്‍ വച്ച് കിട്ടിയ "പാറ്റ, പല്ലി ട്രെയിനിങ്ങുകള്‍ " ഇവിടെ എന്തായാലും ഉപകരിക്കും എന്നാ തോന്നുന്നത്.

ഒരു  ചായക്ക്‌ എങ്ങനെ പറയും ? ഭാഗ്യം, ഒരു കടയില്‍ മലായ്-ഇംഗ്ലീഷ് വിലവിവര പട്ടിക ഉണ്ട്. കൊണ്ട് വാ അണ്ണാ ഒരു "teh". ദാണ്ടെ  വരുന്നു ഒരു ജൂസ് ഗ്ലാസ്‌ നിറയെ ചായ ! വീണ്ടും കിട്ടി എട്ടിന്റെ പണി. ഇതാണത്രേ ഫുള്‍ "Teh". കാശ് ഇന്ത്യന്‍  രൂപയിലേക്ക് "പരിവര്‍ത്തനം" ചെയ്തു നോക്കിയപ്പോ, വീണ്ടും ഞെട്ടി. പിന്നെ ഒന്നും ചിന്തിച്ചില്ല, വേണ്ടാഞ്ഞിട്ടും, കഷായം കുടിക്കുമ്പോലെ  മുഴുവന്‍ വലിച്ചു കുടിച്ചു. അടുത്തിരുന്ന ഒരു അണ്ണന്‍ പറഞ്ഞു തന്നു;
"തമ്പീ, കട്ടിങ്ങ്സ് സോല്ലുങ്കോ , ഹാഫ് ടീ കിടക്കും."
ഓഹോ, ഹാഫ്. അങ്ങനെ അതും പഠിച്ചു. ഹാഫ് "Teh" തന്നെ നമ്മടെ രണ്ടു ഗ്ലാസ്‌ ചായക്ക്‌ തുല്യം. എന്നാ പറയാനാ, വിധി തന്നെ.

 പിന്നെ പിന്നെ ഒരു വിധം കാര്യങ്ങള്‍ ഒക്കെ ഒത്തു വരാന്‍ തുടങ്ങി. അല്ലേലും നമ്മള്‍ മല്ലൂസ് അങ്ങനെയൊന്നും തോല്‍ക്കില്ലലോ, ഏതു..

അങ്ങെനെ കാര്യങ്ങള്‍ തട്ട് കേടില്ലാതെ ഒരു വിധം നീങ്ങി കൊണ്ടിരിക്കുമ്പോ, വീണ്ടും ദാണ്ടേ പണി വരുന്നു. ഇന്ന് ഉച്ചക്ക് സൌത്ത് ഇന്ത്യന്‍ ലഞ്ച്കഴിക്കാം എന്നൊരു ഗമണ്ടന്‍ അഭിപ്രായം, എല്ലാരും കയ്യടിച്ചു പാസ്സാക്കി. ഹോട്ടലില്‍ ചെന്നു. ആദ്യം കൊണ്ട് വന്ന സൂപ് (എന്നാണു അവര്‍ പറഞ്ഞത്) ടേസ്റ്റ് ചെയ്തപ്പോഴേ ഞാന്‍ ഉപേക്ഷിച്ചു. വലിയ കുഴപ്പമില്ലാതെ ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ പണി ചോദിച്ചു മേടിച്ചു. മേശപ്പുറത്തിരുന്ന ജഗ്ഗെടുത്തു ചോറിലേക്ക്‌ കമഴ്ത്തി. ചോറ് നിറയെ വെള്ളം. എല്ലാരും അന്തം വിട്ടു നോക്കുമ്പോള്‍ വിഷമത്തോടെ കൂട്ടുകാരന്റെ വിശദീകരണം:
"ഞാനോര്‍ത്തു ജഗ്ഗില്‍ മോരായിരിക്കുമെന്നു.. :( "
പിന്നെ കേട്ടത് ചിരി മാത്രം...  ചിരി ഒന്ന് ഒതുങ്ങി വരാന്‍ ഇച്ചിരി സമയമെടുത്തു.
ഒന്ന് ചിരിയടക്കി, അടുത്ത കറിയെടുത്തു ചോറിലേക്ക്‌ ഒഴിച്ച എന്നെ നോക്കി എല്ലാരും ചിരിക്കാന്‍ തുടങ്ങി. നേരത്തെ ചിരിച്ചതിന്റെ ബാക്കിയാണെന്ന് കരുതി ഞാനും ഒന്ന് ചിരിച്ചു. ഒഴിച്ച കറി കൂട്ടി ഇച്ചിരി ചോറെടുത്ത് വായിലെക്കിട്ടപ്പോള്‍ മനസ്സിലായി, അണ്ണാ പണി വീണ്ടും കിട്ടി. മോര്കറി ആണെന്ന് കരുതി ഒഴിച്ച ആ വൃത്തി കേട്ട സാധനം പായസമായിരുന്നു. അത്രേം ചോറും പോയിക്കിട്ടി. ഇപ്രാവശ്യം എല്ലാരേം തോല്‍പ്പിക്കാന്‍ ഞാന്‍ തന്നെ ആദ്യം ചിരിച്ചു. അല്ലാതെ എന്തോ ചെയ്യാന്‍....

Friday, January 06, 2012

ടാര്‍മാപിനി


"അണ്ണാ, ഈ വാട്ടര്‍ അതോറിട്ടി ഓഫീസ്  എവിടെയാ അണ്ണാ ? "
"ദാണ്ടെ, ആ കുന്നിന്റെ മോളിലൊള്ള കെട്ടിടം കണ്ടോ ? അതിനപ്പുറത്താണ് ."
"ശരിയണ്ണ."   


ടൈയ്യും ടക്ക്-ഇന്‍ ചെയ്ത വേഷവുമായി അവന്‍ ഓഫീസിലേക്ക് ചെന്നു.
"എം ഡി യുടെ കാബിന്‍ ?"
പ്യൂണ്‍ കാബിനിലേക്ക്‌ വിരല്‍ ചൂണ്ടി.
"എക്സ് ക്യൂസ് മി സര്‍ ...
"എന്താ? എന്ത് വേണം ?
"എന്റെ പേര് രായന്‍. ഞാന്‍ നമ്മടെ  ബിഗ്‌ മോസ്ക്  ഇന്റര്‍നാഷണനലീന്നു വരുവാണ്. ഞങ്ങടെ ഏറ്റവും പുതിയ ഒരു സാധനത്തെ പരിചയപ്പെടുത്താന്‍ വന്നതാണ്. "
"എത്ര വയസ്സുള്ളതാടോ ?"
"ങേ ? അതല്ല സര്‍ ഞാന്‍ ഉദ്ദേശിച്ചത്. ഐ മീന്‍  ഒരു പ്രോഡക്റ്റ്.." 
"ഓ ഞാനിത്തിരി ബിസിയാണല്ലോ "
"ഒരു പത്തു മിനിറ്റ് മതി സര്‍, സാധനം കണ്ടാല്‍ സര്‍ പിന്നെ വാങ്ങിച്ചേ അടങ്ങൂ"
"അതെന്നതാടോ ഇത്ര വല്ലിയ സാധനം. ?"
ബാഗ് തുറക്കുന്നു, ഒരു കമ്പ്യൂട്ടര്‍ ഉപകരണം പുറത്തെടുക്കുന്നു.
"സര്‍, ഇതാണ് Taro-Melto-Gram. എന്ന്വച്ചാല്‍   ടാര്‍ മെല്‍റ്റിംഗ് അനലൈസിംഗ് സിസ്റ്റം അഥവാ ടാര്‍മാപിനി."
"മനസ്സിലായില്ല ?"
"അതെനിക്കും മനസ്സിലായി സാറിനു മനസ്സിലായില്ലെന്ന്. സാര്‍ ഈ ഉല്‍പ്പന്നത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാം പറയണം." ഒന്ന് സീറ്റില്‍ ഇളകിയിരുന്നു.
"ഈ സിസ്റ്റം വളരെ വിഷമം പിടിച്ച ചില പണികള്‍ നിങ്ങള്‍ക്ക് എളുപ്പമാക്കിതരുന്നു.  ഉദാഹരണത്തിന് , ഇപ്പോള്‍ നിങ്ങള്‍ കുത്തിക്കുഴിക്കാന്‍ റോഡുകള്‍ കണ്ടു പിടിക്കുന്നതെങ്ങനെയാണ് ? ... ഞാന്‍ പറയാം. കൃത്യമായ ഇടവേളകളില്‍ പൊട്ടാന്‍ പാകത്തിലുള്ള; "ഗുണമേന്മയുള്ള" പൈപ്പുകള്‍ സ്ഥാപിക്കുക വഴി, കൂടാതെ റോഡിനു കുറുകേം  തലങ്ങും വിലങ്ങും കണക്ഷന്‍സ്   കൊടുക്കുക വഴി. പക്ഷെ അപ്പോഴും നിങ്ങള്‍ പുതിയ റോഡുകളെ കുറിച്ചോ റോഡു പണികളെ കുറിച്ചോ അറിയാന്‍ വൈകുന്നു. ഫലമോ? നിങ്ങള്‍ക്ക്  കുത്തിക്കുഴിക്കാന്‍ റോഡുകള്‍ മതിയാകാതെ വരികയും , തൊഴിലാളികള്‍ തൊഴിലില്‍ സംതൃപ്തിയില്ലാതെ  വരികയും ചെയ്യുന്നു. "

എം ഡി ഒന്ന് കൂടി മുന്നോട്ടേക്ക് നീങ്ങിയിരുന്നു.
"ഇവിടെയാണ്‌ taro-melto-gram നിങ്ങളെ സഹായിക്കുന്നത്. ഇതിന്റെ സവിശേഷമായ സോഫ്റ്റ്‌വെയര്‍ സിസ്റ്റം വഴി 248 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതൊരു ടാര്‍ പണിയും നിങ്ങള്‍ക്ക് ഇവിടെ ഈ ഓഫീസിലിരുന്നു അറിയാന്‍ സാധിക്കുന്നു. ഞങ്ങളുടെ പുതിയ Bitumen Detection Satelite വഴിയാണ് ഇത് സാധിക്കുന്നത്. "
"അത് കൊള്ളാമല്ലോ. താനീ പറയുന്നത് സത്യമാണോ ?"
"തികതും സത്യമാണണ്ണാ, സോറി.. സത്യമാണ് സാറേ. റോഡു പണിക്കു വേണ്ടി ടാറുരുക്കുമ്പോള്‍  തന്നെ നമ്മുടെ സിസ്ടത്തില്‍  സ്ഥലവും വിവരങ്ങളും ലഭ്യമാകും.എത്ര വീപ്പ ടാര്‍ ഉപയോഗിക്കുന്നുണ്ട്,  എത്ര മീറ്റര്‍ റോഡ്‌ പണിയാണ്,  ആരാണ് കോണ്ട്രാക്ടര്‍ , എപ്പോ പണി തീരും തുടങ്ങി  നമ്മള്‍ എപ്പോ ജെസീബി വിളിക്കണം എന്ന് വരെ സിസ്ടത്തില്‍ കാണിക്കും. ഇനി ഇവന്മാര്‍ രാത്രി പണിഞ്ഞാല്‍ പോലും രക്ഷയില്ല, ഈ സിസ്റ്റം കാര്യങ്ങള്‍ നമ്മളെ  ഇമെയില്‍ വഴിയായോ എസ്എംഎസ്  അറിയിക്കാനുള്ള സംവിധാനവുമുണ്ട്. ഇനി സ്ഥിരം ജെസീബി പണിക്കാരാനെങ്കില്‍ അവരെ അറിയിക്കാനും കുത്തിക്കുഴിക്കല്‍  തുടങ്ങാനും സിസ്റ്റം തന്നെ നിര്‍ദ്ദേശങ്ങള്‍ കൊടുത്തോളും. നമ്മള്‍ പതുക്കെ പോയാല്‍ മതിയാകും. ഇതിനെല്ലാം പുറമേ ഇനി എത്ര നാള്‍ കഴിഞ്ഞാല്‍ ആ റോഡ്‌ വീണ്ടും കുഴിക്കാം  എന്ന് വരെ അറിയാനും സാധിക്കും."
"ഹോ താന്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ ഇതൊരു ഉഗ്രന്‍ സാധനമാണല്ലോ."
"തീര്‍ച്ചയായും സര്‍. ഇപ്പൊ തന്നെ BSNL 100 സിസ്ടങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. മറ്റു പോലെയുള്ള ടെലിഫോണ്‍ കമ്പനികള്‍ എന്നെ വീണ്ടും വീണ്ടും വിളിചോണ്ടിരിക്കുവാന്. എത്രയും പെട്ടെന്ന് സ്വന്തമാക്കിയാല്‍ സാറിന്റെ സ്ഥാപനത്തിനും ഇതൊരു മുതല്‍ക്കൂട്ടാവുമെന്നതില്‍  സംശയമില്ല. കൂടാതെ KSEB പോലുള്ള സ്ഥാപനങ്ങളും ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് സര്‍ "
"എടൊ മറ്റൊന്നും നോക്കാനില്ല. നമ്മക്കും വേണം ഒരെണ്ണം".
"സര്‍ എന്ന പിന്നെ ക്വട്ടേഷന്‍ ഞാന്‍ തന്നേക്കാം."
"അതൊന്നും വേണ്ടെടോ..നാലഞ്ചെണ്ണം ഞാന്‍ തന്നെ എഴുതിയിട്ടെക്കാം. താന്‍ കാഷെത്രയാണെന്ന്  പറ. ദേ എന്റെ കണക്കു കൂടി കൂട്ടി വേണം പറയാന്‍ കേട്ടോ"
"ഓക്കേ സാര്‍ "...


രായന്‍ ബാഗില്‍ നിന്നും കാല്‍കുലേടര്‍  എടുത്തു കണക്കു കൂട്ടാന്‍ തുടങ്ങി.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം