Saturday, April 28, 2012

ഇവിടെയിന്നലെ മഴ പെയ്തപ്പോള്‍


Photograph: Haris kuttippuram
Courtesy : Madhyam Online
തുലാവര്‍ഷമാണോ കാലവര്‍ഷമാണോ;
അറിയില്ല, ഇന്നലെ ഇവിടെയും മഴ പെയ്തു.


ആദ്യം മഴക്കാറിന്റെ കെട്ട് പൊട്ടിച്ചു
തുള്ളികളായ്, പിന്നെ വളര്ന്നു നേര്ത്ത നൂല് പോലെ...
പൊടിമണ്ണില്‍ വീണു, നനുത്ത മണം പരത്തി,
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റു പൊട്ടിയ പോലെ.


നഗരത്തിലെ മഴ വ്യത്യസ്തമായിരുന്നു,
ഇത്തിരി പെയ്താലും ഒത്തിരിയായി,
പെയ്തതോക്കെയും തളം കെട്ടി
ഒഴുകാന്‍ മടിച്ചു ആകാശം നോക്കി കിടക്കും.


അറിഞ്ഞു പെയ്താല്‍ പിന്നെ
അടിയിലുള്ളതോക്കെയും കെട്ടിപ്പെറുക്കി
പിന്നോട്ട് നോക്കാതെ പൊട്ടിപ്പോളിഞ്ഞൊരു കുതിപ്പ്;
ശരിക്കും 'നഗരം ഒരു മഹാസാഗരം'


ഓടകളുടെ ഗര്‍ഭപാത്രം പൊട്ടി,
ഒരുമിച്ചൊഴുകി, "ശ്രീധര്‍ സര്‍ക്കിള്‍" വഴി കറങ്ങി
ഒടുവിലെങ്ങുമെത്താതെ ബാക്കിയുള്ളവരെയും കാത്തു
"ആമയിഴന്ചാന്‍ തോടിന്റെ" അടിയില്‍...


ഔട്ടറില്‍ പിടിച്ചിട്ട പരശുരാം എക്സ്പ്രസ്സില്‍
പാളം മൂടിയ വെള്ളത്തെ ശപിച്ചു
ഇതു വരെ വരാത്ത മഴയെ കുറ്റം പറഞ്ഞു
അന്യോന്യം പരിഭവിക്കുന്നോര്‍


ഇരയെയും കാത്തു ചെളിവെള്ളം നിറച്ചു
വികസനത്തിന്റെ "ജപ്പാന്‍ കുഴികള്‍"
കരയില്‍ മണ്ണുമാന്തികള്‍ ചെളിയില്‍ കാലുറപ്പിച്ചു,
ചാറ്റല്‍മഴ നനഞ്ഞുകൊണ്ടിരുന്നു.


"മെട്രോ-മനോരമ"-യില്‍ പടം വരാന്‍ പാകത്തില്‍
മുട്ട് വരെ തുണി പൊക്കി, ആണും പെണ്ണും ചേര്‍ന്ന
മഴ-യാത്രികര്‍, ഇവര്‍ നാണക്കേടിന്റെ
നഗരമഴയുടെ രക്തസാക്ഷികള്‍


ടൂറിസം മന്ത്രി വാഗ്ദാനം ചെയ്തത്,
കിഴക്കേകോട്ടയില്‍ ബോട്ട് സര്‍വീസ് തുടങ്ങാന്‍.
"ഗാന്ധി പാര്‍ക്കില്‍" ജനനായകന്മാര്‍ ചര്ച്ച ചെയ്തത്
അവിടെ സ്റ്റോപ്പ്‌ അനുവദിക്കണമെന്നായിരുന്നു.

* ജപ്പാന്‍ കുഴികള്‍ - ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി റോഡു നീളെ കുഴിച്ച ഇനിയും മൂടാത്ത കുഴികള്‍.
** ശ്രീധര്‍ സര്‍ക്കിള്‍, ആമായിഴന്ചാന്‍ തോട്, ഗാന്ധി പാര്‍ക്ക് - തിരുവനന്തപുരത്തെ ഹൃദയഭാഗങ്ങള്‍

Friday, April 20, 2012

നാം കാണാതെ പോയ "പീപ് ലി (ലൈവ്)"

കാണാന്‍ മറന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ട് കിടക്കുകയായിരുന്നു  "പീപ് ലി (ലൈവ്)" . നല്ല സിനിമകള്‍ക്ക്  തിയേറ്റര്‍ കിട്ടാതെ വരുന്നത് കൊണ്ട് തന്നെ, ആദ്യമേ കുറ്റസമ്മതം നടത്തട്ടെ, "പീപ് ലി  (ലൈവ്)" കാണാന്‍ ടോറന്റ് വെബ്‌ സൈറ്റുകളെ ആശ്രയിക്കെണ്ട് വന്നു. രണ്ടു പ്രാവശ്യം കണ്ടാലും മതി വരാത്ത വിധത്തില്‍  ആ പ്രമേയത്തെ നല്ല രീതിയില്‍ വെളിച്ചം കാണിച്ച അനുഷ റിസ്വി-യെ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല. 

കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു. ചെറിയ കാര്യങ്ങളെ പോലും രാഷ്ട്രീയമുതലെടുപ്പിനായി, ചെറുതാക്കി കാട്ടാനും, പെരുപ്പിച്ചു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനും  ജനസേവകര്‍ എന്ന് പറയുന്ന വിഭാഗത്തിനുള്ള കഴിവ് എത്ര മാത്രം ഉണ്ടെന്നു നമ്മള്‍ ഒരിക്കല്‍ കൂടി ഇവിടെ നിന്നും മനസ്സിലാക്കുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട  മാധ്യമങ്ങള്‍ക്ക് എവിടെയാണ് പാളിച്ച പറ്റുന്നത് എന്നും, ജനങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ഇതാണ് എന്ന രീതിയില്‍ "വാര്‍ത്താ മെനു" തയ്യാറാക്കി വയ്ക്കുന്ന മാധ്യമങ്ങള്‍ക്കും (എല്ലാവരെയും ഉദ്ദേശിച്ചല്ല ! ) ഒരു പുനര്‍ചിന്തനതിനുള്ള വഴിമരുന്ന് കൂടി ആണ് ഈ ചിത്രം.

കടബാധ്യതകളും പട്ടിണിയും കാരണം നട്ടം തിരിഞ്ഞു നില്‍ക്കുന്ന നാഥു എന്ന കര്‍ഷകനെയും കുടുംബത്തെയും കാണിക്കുന്നതിലൂടെ,  ആയുധ ശേഷിയിലും, സാങ്കേതിക വിദ്യയിലും ഉന്നതമാണെന്ന് നാം അഹങ്കരിക്കുന്ന  ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമാണ് നാം "പീപ് ലി  (ലൈവ്)"-ല്‍ കാണുന്നത്. "1991 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 8 മില്യണ്‍ കര്‍ഷകര്‍ ഇന്ത്യയില്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചു" എന്ന വലിയ കണക്കുമനസ്സിലാക്കാന്‍ ഈ  90 മിനിറ്റ് സമയമെങ്കിലും നാം മാറ്റി വയ്ക്കുക.

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം