Tuesday, August 30, 2016

ഉപദേശം ആണ്‍പിള്ളേരില്‍ നിന്നും തുടങ്ങൂ...


വിദേശവനിതകള്‍ക്കായി ടൂറിസം മന്ത്രി വക പുതിയ ഉപദേശം; ഇന്ത്യയില്‍ വരുന്നതും ചുറ്റിയടിക്കന്നതും ഒക്കെ കൊള്ളാം, നേരാം വണ്ണം ഉടുപ്പ് ഒക്കെ ഇട്ടോണം, രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുത് etc (വാര്‍ത്തയുടെ ലിങ്ക് https://www.theguardian.com/world/2016/aug/29/india-female-tourists-skirts-safety-advice). പുള്ളിക്ക് വിവരമുണ്ട്, ആണുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും. ഹി ഹി..എന്നാലും ആണ്‍ പിള്ളേരെ ഉപദേശിക്കാന്‍ പറ്റില്ല. പെണ്ണുങ്ങളോട് ശരീരം മൂടി നടക്കാന്‍ വായിട്ടലക്കുന്നതിന്റെ പത്തില്‍ ഒന്ന് ശ്രമമെങ്കിലും ആണ്‍ പിള്ളേരോട് "നേരെ നടക്കാന്‍" പറയാന്‍ പറ്റുമോ ? പോക്രിത്തരം കാണിക്കുന്നവന്മാര്‍ക്ക് ബിരിയാണിയും സുഖവാസവും കൊടുത്തോണ്ടിരുന്നാല്‍ ബാക്കിയുള്ളവന്മാര്‍ക്കും ഇത് പിന്തുടരാനല്ലേ തോന്നൂ; നല്ല മാതൃകാ ശിക്ഷ ! ഇതിപ്പോ നമ്മുടെ ഗോവിന്ദച്ചാമി ഏതാ മമ്മൂട്ടി ഏതാ എന്ന് തിരിച്ചറിയാന്‍ മേലാണ്ടായി.

പെണ്ണുങ്ങളെ കാണുമ്പോ ഒരു വികാരവും ആകര്‍ഷണവുമൊക്കെ തോന്നുന്നത് പ്രകൃതിനിയമമാണ്; അത് ഈ പറയുന്ന ഞാനാണെങ്കില്‍ പോലും. (അതല്ല, പെണ്ണുങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍, സത്യമായും സുഹൃത്തേ, നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്) അതിനെ നിയന്ത്രിക്കാനാണ്  വിവേകം എന്നൊരു സംഭവം കൂടി എല്ലാര്‍ക്കും തന്നിരിക്കുന്നത്. പക്ഷെ, "അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള" വകതിരിവ് നഷ്ടപെടുമ്പോഴാണ് കാര്യങ്ങള്‍ അവതാളത്തിലാവുന്നത്. വികാരം മൂത്ത് കയറിപിടിക്കാനും മറ്റും തോന്നുവാണേല്‍ അത് നല്ല പെട കിട്ടാത്തതിന്റെ കഴപ്പാണ്.

അപ്പൊ പറഞ്ഞു വരുന്നത്, പെണ്‍കിടാങ്ങളെ, നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ മാത്രേ ഉള്ളൂ. അതിപ്പോ തുണിയിട്ട് മൂടി നടക്ക്വോ, കയ്യില്‍ വല്ല വെട്ടുകത്തി കരുതുവോ എന്തുമാവാം. "തുണി ഉടുക്കഞ്ഞിട്ടാണോടാ, കൊച്ചുപിള്ളേരെ വരെ പീഡിപ്പിക്കുന്നെ" എന്നൊരു ചോദ്യം മനസ്സില്‍ തോന്നീലേ ? അതിനുള്ള ഉത്തരമാണ് ആദ്യം പറഞ്ഞത്, "ഉപദേശം ആണ്‍പിള്ളേരില്‍ നിന്നും തുടങ്ങൂ..."

ഇതിനിടയില്‍ ഇതൊന്നും പ്രശ്നമല്ല, ഞങ്ങള്‍ക്ക് "ശബരിമലയില്‍" കയറിയേ പറ്റൂ എന്നും പറഞ്ഞു ആരൊക്കെയോ നടക്കുന്നത് കണ്ടു. അതെന്തേ, നിങ്ങള്ക്ക് ഇത്രേം നാളും അയ്യപ്പനെ വേണ്ടായിരുന്നോ ? ഇപ്പോഴാണോ ഭക്തി മൂത്തത് ? സ്ത്രീ-പുരുഷ സമത്വമല്ല നിങ്ങളുടെ ഉദ്ദേശമെന്നു ഏതു നഴ്സറിപിള്ളേര്‍ക്കും മനസ്സിലാവും. എന്റെ ഭാര്യ-അമ്മ-സഹോദരിമാര്‍ ഉള്‍പ്പെടുന്ന സ്ത്രീ-സമൂഹത്തോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ വെച്ച് കൊണ്ട്, അതില്‍ പെടാത്തവരോട് പറയട്ടെ; മൂത്രപ്പുരയിലും ഈ "സമത്വം" നേടാന്‍ നിങ്ങള്‍ക്ക് ആവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

പണ്ടത്തെ ഒരു പോസ്റ്റ്‌ (2011) വായിച്ചപ്പോള്‍ മനസ്സിലായി, ഇവിടെ ആരും/ഒന്നും മാറീട്ടില്ല.
(http://iamgini.blogspot.my/2011/02/blog-post.html)

വാല്‍ : കഴിഞ്ഞ ദിവസം ഹരിയാന അസ്സെംബ്ലിയില്‍ ജയിന്‍ സന്യാസി തുണിയില്ലാതെ പ്രസംഗിച്ചു എന്നും പറഞ്ഞു കുറെ ബഹളം കേട്ടു; എന്നിട്ട് അസ്സെംബ്ലിയില്‍ ഉള്ള വല്ലോരേം അങ്ങൊരു പീഡിപ്പിച്ചോ ? അതല്ല, അങ്ങോരെ ആരേലും പീഡിപ്പിച്ചോ ? അതുമില്ല ഹ ഹ...

Start with boys - a Video by Vogue

Tuesday, June 14, 2016

ആരോഗ്യമുള്ള ശുഭദിനം = ഇഡ്ഡലി-സാമ്പാര്‍


രാവിലെ ഓടിപ്പിടിച്ച് ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിലാണ് അത് ശ്രദ്ധിച്ചത്, ബ്രേക്ക്‌ഫാസ്റ്റിനു മേശപ്പുറത്തു നല്ല ഓമനത്വമുള്ള ഇഡ്ഡലിയും വെറും "ഒരു ദിവസം പ്രായമുള്ള" സാമ്പാറും. ആക്രാന്തം മൂത്ത് വാരിയെടുക്കുമ്പോഴാണ്‌ എവിടെയോ പണ്ട് വായിച്ച "ഇഡ്ഡലി - സാമ്പാര്‍" ലേഖനം ഓര്‍മ്മ വരുന്നത് (ടൈംസ് ഓഫ് ഇന്ത്യയില്‍ ആണെന്ന് തോന്നുന്നു). മുംബൈ നിര്‍മ്മല നികേതനിലെ, ഹോം സയന്‍സ് വിഭാഗം നടത്തിയ സര്‍വ്വേ പ്രകാരം, ഏറ്റവും പോഷകഗുണങ്ങളുള്ള പ്രഭാത ഭക്ഷണമായി അവര്‍ കണ്ടെത്തിയത് ചെന്നൈയിലെ "ഇഡ്ഡലി-സാമ്പാര്‍-ഫില്‍റ്റര്‍ കോഫി" സെറ്റ് ആണ്. അപ്പൊ, "ഇതൊക്കെ ഗ്യാസാണ്, നമ്മക്ക് വേണ്ടായേ" എന്ന് പറഞ്ഞു നടന്ന നമ്മള്‍ ആരായി ?

നമ്മള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ "എന്റെ ആരോഗ്യം പോയെ, തടി കൂടിയേ, കുടവയര്‍ വന്നെ" എന്നൊക്കെ കാറിക്കൂവി, ദിവസവും മുടിഞ്ഞ ഫുഡ്‌ കണ്ട്രോള്‍ നിയമങ്ങള്‍ പാസ്സാക്കി വിടുകയാണ്. ആരോഗ്യകാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ ഭക്ഷണം കാണുമ്പോള്‍ മറന്നും പോകും. പിന്നെ സംഭവിക്കുന്നതു മതിയാവാതെ ഭക്ഷണം നിര്‍ത്തുകയോ, പ്രഭാതഭക്ഷണം/ഊണ് ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ എളുപ്പ വഴികള്‍ കണ്ടെത്തലാണ്. ഭക്ഷണക്കാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ വിപരീതഫലം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.

പിന്നെ കേരളത്തിലെ കാര്യം, നല്ല ചൂട് പൊറോട്ട നമ്മുടെ ദേശീയ പ്രഭാത ഭക്ഷണമായിട്ടു കാലങ്ങളായി. രാവിലെ രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ സിമന്റു ഇട്ടതു പോലെ അവിടെ കിടന്നോളും, ഇടയ്ക്കിടെ ഒന്ന് നനച്ചു കൊടുത്താല്‍ മതി. പറഞ്ഞു വന്നത് ഇഡ്ഡലിയുടെ കാര്യം; പ്രോട്ടീന്‍സ്, ഫാറ്റ്, കാര്‍ബോഹൈദ്രേറ്റ്  തുടങ്ങി എല്ലാ വിധ പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ സാമ്പാര്‍; അവിയല്‍ കഴിഞ്ഞാല്‍ ഇത്രയും പച്ചക്കറികള്‍ അടങ്ങിയ ഇതു കറിയുണ്ട് ? വെറുതെയല്ല പണ്ടത്തെ കാരണവന്മാര്‍ നല്ല പന പോലെ ഇരുന്നത്.


വാൽ : മൂന്നോ നാലോ ഇഡ്ഡലി കഴിക്കുന്നവരെ വെച്ചാണ് അവരൊക്കെ സർവ്വേ നടത്തുന്നത്; ഇതും വായിച്ചു പത്തു മുപ്പതു ഇഡ്ഡലിയും തട്ടി, കുറെ പോഷകങ്ങൾ അകത്തായി എന്ന് കരുതേണ്ട...

linkwithin

Related Posts with Thumbnails

Cyberjalakam

ജാലകം